പ്രമേഹത്തിനു മരുന്നുകഴിച്ചോ, പാർക്കിൻസൺ വരില്ല

ഒരു രോഗത്തിനു കഴിക്കുന്ന മരുന്ന് മറ്റൊരു രോഗത്തെ പ്രതിരോധിക്കുമെങ്കിൽ നല്ലകാര്യമല്ലേ? പ്രമേഹരോഗത്തിനു കഴിക്കുന്ന ഗ്ലിറ്റാസോൺ വിഭാഗത്തിൽ പെട്ട മരുന്നിന് പാർക്കിൻസൺ രോഗം തടയാനുള്ള കഴിവുണ്ടെന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. ഗ്ലിറ്റാസോൺ ആന്റിഡയബറ്റിക് മരുന്ന് കഴിക്കുന്ന പ്രമേഹരോഗികളിൽ പാർക്കിൻസൺ രോഗത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവാണത്രേ.

യുകെയിലെ ഒന്നരലക്ഷം പ്രമേഹരോഗികളുടെ പരിശോധനാഫലം പഠിച്ചുകൊണ്ടായിരുന്നു ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. ഇവരിൽ അരലക്ഷത്തോളം പേർ ഗ്ലിറ്റാസോൺ മരുന്നും ബാക്കി ഒരു ലക്ഷം പേർ മറ്റ് ആന്റിഡയബറ്റിക് മരുന്നുകളുമാണ് പ്രമേഹത്തിന് കഴിച്ചിരുന്നത്. 1999ൽ ആണ് ഗ്ലിറ്റാസോൺ പ്രമേഹ ചികിൽസാ രംഗത്ത് ആദ്യമായി കൊണ്ടുവരുന്നത്. അന്നു മുതൽ 2013 വരെ സ്ഥിരമായി ഈ മരുന്ന് കഴിച്ച പ്രമേഹരോഗികളെയാണ് പഠനത്തിനു വിധേയമാക്കിയത്.

മറ്റു മരുന്നുകൾ കഴിച്ച പ്രമേഹരോഗികളിൽ പലരും പാർക്കിൻസൺ രോഗത്തിന് അടിമപ്പെട്ടപ്പോൾ ഗ്ലിറ്റാസോൺ കഴിച്ചവരിൽ പാർക്കിൻസൺ രോഗം ബാധിച്ചവർ കുറവുള്ളതായി കണ്ടെത്തി. എങ്കിലും ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ ഈ മരുന്ന് തിരഞ്ഞെടുക്കാവു എന്നും വൈദ്യശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.