കേൾക്കുന്നുണ്ടോ...

ചുറ്റുമുണ്ടായിക്കൊണ്ടിരിക്കുന്ന ശബ്ദങ്ങളിൽ വലിയൊരു പങ്കും, നnമ്മുടെ ചെവിയിലെത്തുന്ന ശബ്ദങ്ങളിൽ പലതും തലച്ചോറിലേക്ക് എത്തുന്നില്ല. എന്നിട്ടും തലച്ചോറിന് ഏറ്റവും കൂടുതൽ സന്ദേശങ്ങൾ കൊടുക്കുന്ന പഞ്ചേന്ദ്രിയങ്ങളിൽ രണ്ടാംസ്ഥാനമുണ്ട് ചെവിക്ക്. മുൻപിൽ കണ്ണു മാത്രം.

പുറം, മധ്യം, അകം

വീണവായനയും വെടിക്കെട്ടും തമ്മിൽ ചെവിക്ക് വലിയ വ്യത്യാസം തോന്നില്ല. രണ്ടും ചെവിയിലേക്കു കടന്നുവരുന്ന തരംഗങ്ങൾ മാത്രം. രണ്ടു തരംഗങ്ങളും ചെവിയിലെ കർണപടം എന്ന നേർത്ത തോലിനെ വിറപ്പിക്കുന്നു. വിറയലുകളുടെ ഭാവഭേദങ്ങളും ശക്തിദൗർബല്യങ്ങളുമെല്ലാം വകതിരിച്ചെടുക്കുന്നത് തലച്ചോറാണ്. ചെവിക്ക് അതിൽ അഭിപ്രായങ്ങളില്ല.

ചെവിയുടെ മൂന്ന് അറകളിൽ ഏറ്റവും പുറമെയുള്ള ബാഹ്യകർണം ഒരു തുറന്ന അറയാണ്. വിരുന്നു വരുന്ന ശബ്ദതരംഗങ്ങളെ ചെവിക്കുടയിലൂടെ സ്വീകരിച്ച് മുഖംനോക്കാതെ അകത്തേക്കു കൊണ്ടുപോകുന്ന വഴിയാണ് ബാഹ്യകർണം. കർണനാളം എന്നാണ് ഈ ശബ്ദപാതയ്ക്കു പേര്. കർണനാളത്തിന്റെ അങ്ങേയറ്റത്ത് കർണപടം എന്ന തോൽ. ചെണ്ടത്തോൽപോലെ വലിഞ്ഞു നിൽക്കുന്ന കർണപടത്തിൽ ശബ്ദതരംഗങ്ങൾ വന്നലയ്ക്കുന്നതോടെയാണ് കേൾവിയുടെ കേളികൊട്ടു തുടങ്ങുന്നത്.

വിറയൽ സന്ദേശങ്ങൾ

കർണപടത്തിന്റെ മറുവശം മുതലാണു ചെവിയുടെ രണ്ടാം അറയായ മധ്യകർണം ആരംഭിക്കുന്നത്. ശബ്ദതരംഗങ്ങൾ കർണപടത്തെ വിറപ്പിക്കുമ്പോൾ ആ വിറയലുകൾ ഏറ്റുവാങ്ങാൻ മധ്യകർണത്തിൽ തമ്മിൽത്തമ്മിൽ മാലപോലെ ഘടിപ്പിച്ചിരിക്കുന്ന മൂന്നു ചെറിയ അസ്ഥികളുണ്ട് — മാലിയസ്, ഇൻകസ്, സ്റ്റേപ്പീസ്. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളാണിവ.

അതിനപ്പുറം ആന്തരകർണം എന്ന അറയാണ്. മധ്യകർണത്തിനും ആന്തരകർണത്തിനുമിടയിൽ രണ്ടു ജാലകങ്ങളുണ്ട്. ആന്തരകർണത്തിൽ പ്രധാനമായും മൂന്നു ഭാഗങ്ങളാണ്. ചുരുണ്ടിരിക്കുന്ന ഒരു കുഴലുപോലെയോ ഒച്ചിന്റെ പുറന്തോടു പോലെയോ കാണുന്ന കോക്ലിയയാണ് ഒന്ന്. വെസ്റ്റിബ്യൂൾ എന്ന അറ അടുത്തത്. അർധവൃത്താകൃതിയിലുള്ള മൂന്നു കനാലുകളാണ് സമാനമായ ഘടനയുള്ള മറ്റൊരു പ്രധാ നഭാഗം.

ഇലക്ട്രിക് ഓർഗൻ പോലെ, വെദ്യുത കേബിൾ വഴി മാത്രം ശബ്ദം പുറത്തുവിടുന്ന ഹാർമോണിയമാണ് കോക്ലിയ. പെരിലിംഫ് എന്ന ദ്രാവകമാണ് ഇതിനുള്ളിൽ നിറയെ. വൈദ്യുതശബ്ദങ്ങൾ ഉത്പാദിപ്പിച്ച് നാഡികൾ എന്ന കേബിളിലൂടെ അയയ്ക്കാൻ കഴിവുള്ള റീഡ് ചേമ്പർ ഇതിനടുത്താണ്. രണ്ടു ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയ്ക്ക് കട്ടകൾ വരുന്ന ഓർഗൻ പോലെയുള്ളതായ ഒരു ഭാഗം ഇതിൽ കാണാം.

കർണപടത്തിലെ കമ്പനങ്ങൾ കോക്ലിയയ്ക്കുള്ളിൽ ഓളങ്ങളുണ്ടാക്കും. ഈ ഓളങ്ങളുടെ താളത്തിനും ശക്തിക്കുമനുസരിച്ച് റീഡ് ചേമ്പറിന്റെ അടിഭാഗം ചലിക്കും. അതിനനുസരിച്ചുള്ള നാരുകൾ പൊങ്ങി മുകൾ ഭാഗത്തുള്ള ടെക്റ്റോറിയൽ പാടയിൽ ചെന്നു തട്ടും.

തട്ടുന്ന നാരിനനുസരിച്ചുള്ള വൈദ്യുതസ്വരങ്ങൾ അതോടെ ഉണ്ടാവുകയായി. ഈ വൈദ്യുത തരംഗങ്ങൾ ശ്രവണനാഡികൾ വഴി തലച്ചോറിലെത്തുമ്പോഴാണ് കേൾവി പൂർത്തിയാവുക.

സ്ഥിരമായി വലിയ ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഒരാളുടെ കോക്ലിയയിലെ രോമകോശങ്ങളിൽ മുന്നിലുള്ളവ നശിച്ചുപോകും. അതോടെ കേൾവി കുറയും.

വീഴാതെ നിൽക്കാൻ

ആന്തരകർണത്തിനുള്ളിലെ വെസ്റ്റിബ്യൂൾ, അർധവൃത്താകാരക്കനാലുകൾ എന്നിവയ്ക്കുള്ളിലാണ് ഭൂഗുരുത്വേന്ദ്രിയം (തുലനേന്ദ്രിയം) സ്ഥിതിചെയ്യുന്നത്. ശരീരത്തിന്റെ ബാലൻസുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ തലച്ചോറിനു കൈമാറുന്നത് ഈ ഭാഗമാണ്.

ഏകദേശം മൂന്നര സെ. മീ. നീളമുള്ള യൂസ്റ്റേഷ്യൻ നാളിയാണ് ചെവിക്കുള്ളിലെ മർദം വേണ്ടപോലെ ക്രമീകരിക്കാൻ സഹായിക്കുന്നത്.

വിമാനം പൊങ്ങുന്ന സമയത്ത് വിമാനത്തിനകത്തെ മർദം കുറയും. അതായത്, യാത്രക്കാരുടെ ചെവിയുടെ പുറത്തെ മർദം കുറവും ഉൾച്ചെവിയിലെ മർദം കൂടുതലുമായിരിക്കും. കർണപടം പുറത്തേക്കു തള്ളാൻ ഇതു കാരണമാകും. മർദവ്യത്യാസം ചെവിയെ ബാധിക്കാതിരിക്കാനാണ് യാത്രക്കാർ ചെവിയിൽ പഞ്ഞി തിരുകുന്നത്.

കൗതുകക്കേൾവി

പാശ്ചാത്യ സംഗീതലോകത്തെ മുടിചൂടാമന്നനായ ബീഥോവൻ തന്റെ മാസ്റ്റർ പീസുകളിൽ പലതും കേട്ടിട്ടില്ല! മുപ്പതാമത്തെ വയസു മുതൽ കേൾവി നഷ്ടപ്പെടാൻ തുടങ്ങിയ ബീഥോവൻ പിന്നീട് പൂർണമായും ബധിരനായി. കേൾവിശക്തി നഷ്ടപ്പെട്ടശേഷമാണ് അദ്ദേഹത്തിന്റെ പല പ്രശസ്ത രചനകളും പിറന്നത്.

ചെവിയുടെ ആരോഗ്യത്തിന് അഞ്ച് കാര്യങ്ങൾ

  1. ചെവി വൃത്തിയാക്കാനായി കൂർത്ത സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.

  2. സ്ഥിരമായി ചെവിക്കായം നീക്കം ചെയ്യരുത്. കർണനാളത്തിലെ ഊഷ്മാവ് നിലനിർത്താനും അണുക്കളെ നശിപ്പിക്കാനും പൊടിപടലങ്ങളിൽ നിന്നു ചെവിയെ സംരക്ഷിക്കാനുമെല്ലാം ചെവിക്കായം വേണം. ചെവിക്കായം കൂടുതലായി കർണനാളം അടയാതിരിക്കാൻ സൂക്ഷിക്കുകയും വേണം.

  3. ഹെഡ്ഫോൺ ഉപയോഗിക്കുന്നവർ വോള്യം കുറച്ചുവച്ചു വേണം കേൾക്കാൻ. നേരിട്ടു ചെവിയിലേക്കു കയറുന്ന ശബ്ദത്തിന്റെ കാഠിന്യം കേൾവി നഷ്ടപ്പെടുത്താൻ ഇടയുണ്ട്. ഒരു കൈയകലത്തിൽ ഹെഡ്ഫോൺ അകറ്റിപ്പിടിച്ചു നോക്കുക. എന്നിട്ടും ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ വോള്യം ചെവിക്കു താങ്ങാവുന്നതിലും കൂടുതലാണെന്നു തീരുമാനിക്കാം.

  4. വലിയ ശബ്ദങ്ങളിൽ നിന്നു കഴിയുന്നതും അകന്നു നിൽക്കുക. സ്പീക്കറുകളുടെയും മറ്റും അടുത്തു ചെന്നു നിൽക്കരുത്. പോകേണ്ടി വന്നാൽത്തന്നെ ചെവിക്കു സംരക്ഷണം കൊടുക്കാനായി പഞ്ഞിയോ ഇയർപ്ലെഗുകളോ ഉപയോഗിക്കുകയും വേണം.

  5. കേൾവിക്കുറവും അണുബാധയും വന്നാൽ ഡോക്ടറെ കാണണം. മരുന്നുകളും ഇയർഫോണുമാണ് പരിഹാരം.

ചെവിരോഗങ്ങളും പരിഹാരങ്ങളും

  1. ചെവിവേദന വന്നാൽ : തുണിയോ ഹീറ്റിങ് പാഡോ ഉപയോഗിച്ച് ചെറുതായി ചൂടു പിടിപ്പിച്ചാൽ ചെവി വേദനയ്ക്ക് ആശ്വാസം കിട്ടും. പാരസെറ്റമോൾ കഴിക്കാം. ജലദോഷം മുതൽ തൊണ്ടയിലെ കാൻസർ വരെ ചെവിവേദനയുണ്ടാക്കാം! ചെവിക്കുട പതുക്കെ വലിക്കുമ്പോൾ വേദനയുണ്ടെങ്കിൽ കർണനാളത്തിലാണ് പ്രശ്നമെന്ന് പൊതുവെ അനുമാനിക്കാം. ചെവിയൊലിപ്പു കൂടിയുണ്ടെങ്കിൽ അനുമാനം ഏതാണ്ട് ഉറപ്പിക്കാം. (മധ്യകർണത്തിലെ അണുബാധയും ചെവിയൊലിപ്പിനു കാരണമാകാറുണ്ട്.)

  2. ചെവിയിൽ വെള്ളം പോയാൽ : തല സാമാന്യം ശക്തിയായി കുടയുക. ഉണങ്ങിയ തൂവാലയുടെയോ, ടിഷ്യു പേപ്പറിന്റെയോ മൂല തെറുത്ത് ചെവി വൃത്തിയാക്കാം.

  3. ചെവിയിൽ ചെറിയ പ്രാണികളോ സാധനങ്ങളോ പോയാൽ : ചെവി വെളിച്ചത്തിനു നേരേ തിരിച്ച് ചെവിക്കുട പിന്നിലേക്കും മുകളിലേക്കുമായി വലിച്ചുപിടിച്ചാൽ വെളിച്ചം നോക്കി പ്രാണികൾ പുറത്തു വന്നേക്കാം. ബേബി ഓയിലോ ഒലിവെണ്ണയോ മിനറൽ ഓയിലോ ചെവിയിലൊഴിച്ചാൽ പ്രാണിയെ ശാന്തനാക്കാം. ഈ രീതിയിൽ ചെവിക്കുട പിടിച്ച് ചെവി കീഴോട്ടു തിരിച്ച് തല കുടഞ്ഞാൽ ചെവിയിൽപ്പോയ സാധനങ്ങൾ പുറത്തുവരാം.

  4. ചെവിയിൽ വീക്കം വന്നാൽ : ചെവിക്കായം അലിയാനുള്ള തുള്ളിമരുന്നുകൾ ഉപയോഗിക്കലാണ് ചെവിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കുമുള്ള താൽക്കാലിക പരിഹാരം. എന്നാൽ ചെവിയിലെ, പ്രത്യേകിച്ചും ചെവിക്കുടയിലെ വീക്കത്തിനും രോഗാണുബാധയ്ക്കും ഉടൻ വൈദ്യസഹായം തേടണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ പി എസ് വാസുദേവൻ, തൃശൂർ.