കരച്ചിൽ കൊണ്ടുള്ള ഗുണങ്ങളറിയണോ?

വിഷമം വന്നൊന്നു കരഞ്ഞാല്‍ ഉടന്‍ വരും അടുത്തു നില്‍ക്കുന്ന ആളിന്‍റെ വക ചോദ്യം–‘ഒരു പ്രയോജനവുമില്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ വെറുതേ കരയുന്നതെന്ന്. കരച്ചില്‍ കഴിഞ്ഞു മനസ്സൊന്നു തണുത്താല്‍ അക്കമിട്ടു പറയാം ഇനി കണ്ണുനീരിന്‍റെ ഗുണങ്ങള്‍.

1.മാലിന്യം പുറന്തള്ളുന്നു

സ്ട്രെസ്സ് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസ്സാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ കരച്ചിലിലുടെയും ലഭിക്കുന്നു. മസാജില്‍ ശരീരത്തില്‍ നിന്നും വിഷമാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല കരയുമ്പോള്‍ ശരീരത്തില്‍ വേദനാസംഹാരിയായ എൻടോർഫിനുകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

2. മാനസിക സമ്മര്‍ദം കുറയ്ക്കുന്നു

ടെന്‍ഷന്‍ കുറയ്ക്കാനുള്ള ശരീരത്തിന്റെ ഉപായമാണ് കരച്ചില്‍. സാധാരണ കണ്ണുനീരില്‍ 98 ശതമാനം വെള്ളമാണ്. എന്നാല്‍ വൈകാരിക വിക്ഷോഭം മൂലം കരയുമ്പോള്‍ അതില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ്സിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോൺ അടങ്ങിയിരിക്കുന്നു. ഇവ പുന്തള്ളുന്നതിലൂടെ ടെന്‍ഷന്‍ കുറയുക മാത്രമല്ല മാനസികാവസ്ഥയും ഉടനടി മെച്ചപ്പെടുന്നു. ഒപ്പം മനസ്സിനു സന്തോഷം പകരുന്ന എൻടോർഫിനുകള്‍ ഉൽപ്പാദിപ്പിക്കാനും കരച്ചില്‍ കാരണമാകുന്നു. ഇവ നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുന്നു.

3. കണ്ണിനും മൂക്കിനും ഗുണം ചെയ്യും കണ്ണുനീര്‍

കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന ലിസോസൈം ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. കണ്ണിന്റെ നനവ്‌ നിലനിര്‍ത്തുന്നതിലൂടെ കാഴ്ചയ്ക്കും ഗുണം ചെയ്യുന്നു. കണ്ണിലെ മാത്രമല്ല മൂക്കിലെ ബാക്ടീരിയയെയും നശിപ്പിക്കുന്നു.

സങ്കടം വരുന്നത്‌ അത്ര നല്ല കാര്യമല്ല. എന്നാല്‍ സങ്കടം വന്നു കരയുന്നത് കൊണ്ട് ചില പ്രയോജങ്ങള്‍ ഉണ്ടെന്നു ഇപ്പോള്‍ മനസിലായല്ലോ. അപ്പോള്‍ ഇനി കരയാന്‍ തോന്നിയാല്‍ അടക്കിനിർത്താതെ നന്നായി കണ്ണീരൊഴുക്കിത്തന്നെ കരയാം.