ഫെയ്സ്ബുക്ക് കണ്ടാലറിയാം നിങ്ങളുടെ മനോരോഗം!

ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ലു പോലെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് കണ്ടാൽ അറിയാം നിങ്ങളുടെ മാനസികാവസ്ഥ എന്നാണു മനഃശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്. മുഖം മനസ്സിന്റെ കണ്ണാടിയെന്നു പണ്ടുകാലത്തു പറയുന്നതുപോലെ ഇന്ന് ഫെയ്സ് ബുക്ക് ആണ് മനസിന്റെ കണ്ണാടി. സ്റ്റാറ്റസ് മാത്രമല്ല, ഓരോ ദിവസവും നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വിഡിയോകൾ, മറ്റുള്ളവരുടെ പോസ്റ്റുകളോടുള്ള നിങ്ങളുടെ പ്രതികരണം, പ്രതികരണമില്ലായ്മ എന്നിവയൊക്കെ നിങ്ങളുടെ മനോനിലയെ വ്യക്തമാക്കുന്നുവെന്നാണു മനഃശാസ്ത്രജ്ഞർ പറയുന്നത്. ലണ്ടനിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ മനഃശാസ്ത്രപരമായ പ്രശ്നങ്ങളോടെ ഡോക്ടറെ സമീപിച്ചവരുടെ ഫെയ്സ്ബുക്ക് പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചും പഠിച്ചുമായിരുന്നു നിഗമനത്തിൽ എത്തിച്ചേർന്നത്.

∙ നിങ്ങൾ ഓൺലൈൻ ആകുന്ന സമയം ആണ് ഏറ്റവും നിർണായകം. ചിലർ പാതിരാത്രിയിൽ പോലും ഓൺലൈൻ ആയിരിക്കുന്നത് അവരുടെ ഉറക്കമില്ലായ്മയെയും മാനസികമായ അസ്വസ്ഥകളെയും സൂചിപ്പിക്കുന്നു. ചിലർ ഈ നേരം അനാവശ്യസൗഹൃദങ്ങളിലേക്കു വഴുതിവീഴുന്നു
∙ചാറ്റിങ് ഹരമായി മാറുന്നവർ ഇന്ന് ധാരാളമാണ്. മണിക്കൂറുകൾ നീളുന്ന ചാറ്റുകൾ, അപരിചിതരോടുള്ള ചാറ്റുകൾ എന്നിവ സൂക്ഷിക്കേണ്ടതാണ്.
∙ഓരോ പോസ്റ്റിനും കിട്ടുന്ന കമന്റുകള്‍ക്കു വേണ്ടി കണ്ണുംനട്ടിരിക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. എത്ര ലൈക്കുകള്‍ ലഭിക്കുന്നു എന്നതും ഇവരുടെ ആകാംക്ഷയാണ്. അമിതമായ ഉൽക്കണ്ഠാസ്വഭാവത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
∙പോക്ക് ചെയ്യുന്നതും നിങ്ങളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ സൗഹൃദങ്ങൾ സൂക്ഷിക്കാൻ കഴിയാത്തവരാണ് ഇങ്ങനെ ചെയ്യുക.
∙മറ്റുള്ളവരുടെ ചിത്രങ്ങൾക്ക് അനാവശ്യ, അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് മാനസിക വൈകൃതത്തെ വ്യക്തമാക്കുന്നു.