നിങ്ങൾ ഒരു ഫെയ്സ്ബുക്ക് രോഗിയാണോ?

നിങ്ങൾ ഒരു ദിവസം എത്ര മണിക്കൂറുകൾ ഫെയ്സ്ബുക്കിൽ ചെലവഴിക്കാറുണ്ട്? ചോദിക്കുന്നത് വാഷിങ്ടണിൽ നിന്നുള്ള മനഃശ്ശാസ്ത്രജ്ഞരാണ്. ഫെയ്സ്ബുക്കിൽ അധികനേരം ചെലവഴിക്കുന്നവരിൽ മിക്കവരും അവനവനെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും അമിതമായ ഉൽക്കണ്ഠയുള്ളവരാണത്രേ. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന അമിത ആകാംക്ഷയാണ് ഇവരെ ഫെയ്സ്ബുക്കിന് അടിമപ്പെടുത്തുന്നത്. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

സ്മാർട്ട് ഫോൺ നിങ്ങളെ തല കുനിപ്പിക്കുമ്പോൾ...

അൽപസമയം കിട്ടിയാൽ ഇവർ ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുന്നു. അവസാനമായി പോസ്റ്റ് ചെയ്ത ചിത്രത്തിന് എത്ര ലൈക്ക് കിട്ടി, ആരൊക്കെ എന്തൊക്കെ കമന്റ് ചെയ്തു, പോക്ക് ചെയ്തത് ആരൊക്കെ, സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു ലഭിച്ച പ്രതികരണങ്ങൾ എന്തൊക്കെ, പുതിയതായി ആരൊക്കെയാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നത്, സുഹൃത്തുക്കൾ ആരെങ്കിലും തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ, അൺഫ്രണ്ട് ചെയ്തിട്ടുണ്ടോ തുടങ്ങി നൂറുനൂറു കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയിലായിരിക്കും ഇവർ ഫെയ്സ്ബുക്ക് തുറക്കുന്നത്.

സ്വയം അപകർഷതാ ബോധമുള്ളവർ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഫെയ്സ്ബുക്കിന്റെ സഹായം തേടാറുണ്ട്. നേരിട്ടു പറയാൻ മടിക്കുന്ന പലതും ഫെയ്സ്ബുക്ക് വഴി വിളിച്ചു പറയാമല്ലോ. പഠനത്തിനും ജോലികൾക്കും തടസ്സം സൃഷ്ടിക്കുന്ന വിധം അധികസമയം ഫെയ്സ്ബുക്കിനു നീക്കിവയ്ക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു സൈക്കോളജിസ്റ്റിനെ കാണേണ്ടിയിരിക്കുന്നു എന്നു ചുരുക്കം.