ഭക്ഷണസാധനങ്ങൾ പത്രക്കടലാസിൽ പൊതിയല്ലേ!

ഭക്ഷണസാധനങ്ങൾ പൊതിയേണ്ടി വരുമ്പോൾ പലരും ആദ്യം തിരക്കുന്നത് പത്രത്താളുകളാണ്. യാത്ര പോകുമ്പോഴോ വീട്ടിൽ ഭക്ഷണം സൂക്ഷിക്കാനും ഏറ്റവും എളുപ്പമായി പത്രകടലാസിൽ പൊതിയുന്നത് വളരെ സുരക്ഷിതമായി പലരും കാണുന്നു. എങ്കിൽ ആ ശീലം പൊതിഞ്ഞ് എറിഞ്ഞു കളഞ്ഞോളൂ. കാരണം എത്ര വൃത്തിയുളള പത്രക്കടലാസിൽ പൊതിഞ്ഞാലും ആരോഗ്യത്തിനു വളരെ ദോഷമാണെന്നാണ് ഭക്ഷ്യഗുണനിലവാര അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. മഷിയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് മെറ്റീരിയലുകൾ ശരീരത്തെ ദോഷകരമായാണ് ബാധിക്കുന്നത്. അച്ചടിമഷിയിൽ വിഷമയമായ ചായങ്ങളും പ്രിസർവേറ്റീവുകളുമുണ്ട്. രാസപദാർഥങ്ങളുടെയും രോഗം പരത്തുന്ന സൂക്ഷ്മജീവികളുടെയും സാന്നിധ്യവും ഉപയോഗിച്ച പത്രക്കടലാസുകളിലുണ്ട്.

റീസൈക്കിൾ ചെയ്ത പത്രം ഉപയോഗിച്ച് നിർമിക്കുന്ന കാർഡ് ബോർഡ് പെട്ടിയിൽ ഭക്ഷണം വാങ്ങുന്നതും അപകടത്തിലേക്കാണത്രേ നയിക്കുന്നത്. വിഷാംശമുള്ള, ദഹനപ്രശ്നങ്ങൾക്കു കാരണമായ phthalate പോലുള്ള രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. അത്തരം പെട്ടികളിലെ ഭക്ഷണം കഴിക്കുന്നത് സ്വയം വിഷം കഴിക്കുന്നതിനു തുല്യമാണ്.

എത്ര വൃത്തിയായി പാചകം ചെയ്ത, മായങ്ങൾ കലർത്താത്ത ഭക്ഷണമാണെന്നു പറ‍ഞ്ഞിട്ടും കാര്യമില്ല, പത്രത്താളിൽ പൊതിഞ്ഞു പോയാൽ അത് വിഷവസ്തു തന്നെയാണെന്ന മുന്നറിയിപ്പും ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് കാൻസർ സംബന്ധമായ പ്രശ്നങ്ങൾ വരെ ഉണ്ടാകാമെന്നും അതോറിറ്റി പറയുന്നു.