യൗവനം തിരികെ ലഭിക്കാൻ ഇനി രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്

യുവാക്കളും യുവതികളുമായി എക്കാലവും ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. യൗവനം തിരിച്ച് കിട്ടുക-ഇത് ചില സയന്‍സ് ഫിക്ഷൻ സിനിമകളിലും പുരാണങ്ങളിലുമൊക്കെ മാത്രം കാണുന്ന സംഭവമെന്ന് ഇനി കരുതേണ്ട. ഏകദേശം രണ്ട് വർഷത്തിനുള്ളിൽ യൗവനം തിരികെ ലഭിക്കുന്ന മരുന്നുകൾ നിർമ്മിക്കപ്പെടുമത്രെ.

ഏതായാലും ചർമ്മത്തിന്റെ യുവത്വമായിരിക്കില്ല ഈ മരുന്ന് തിരികെ നൽകുന്നത്. വാർദ്ധക്യത്തിനൊപ്പം എത്തുന്ന അസുഖങ്ങളിൽ നിന്ന് മോചനം നൽകി യൗവനകാലത്തെ ചുറുചുറുക്കാണ്. മക്മാസ്റ്റർ യൂണിവേഴ്സിറ്റിയുടെ പഠനമാണ് യൗവനം നൽകുന്ന മരുന്നുകളുടെ ഗവേഷണത്തെക്കുറിച്ച് പറയുന്നത്. 30 ഓളം വിറ്റാമിനുകളുടെ സംയുക്തമായ മരുന്നാണ് ഡിമെൻഷ്യക്കും മറ്റ് വാർദ്ധക്യ പ്രശ്നങ്ങൾക്കും പ്രതിവിധിയായി എത്തുന്നത്.

പ്രാഥമിക പരീക്ഷണത്തിലാണ് ഇപ്പോൾ ഈ മരുന്ന്. വിറ്റാമിൻ ബി, സി, ഡി, ഫോളിക് ആസിഡ്, ഗ്രീൻ ടീ ഘടകങ്ങൾ, കോൾഡ് ലിവർ ഓയിൽ തുടങ്ങിയവയാണ് മരുന്നിലെ അടിസ്ഥാനഘടകങ്ങൾ. അൽഷിമേഴ്സും പാർക്കിൻസൺസും പോലെയുള്ള അവസ്ഥയ്ക്ക് പ്രതിവിധിയാകുമോ നിർമ്മാണത്തിലിരിക്കുന്ന ഈ മരുന്നുകളെന്നാണ് ഗവേഷകർ ഉറ്റുനോക്കുന്നത്.