കഞ്ചാവ് മടി കൂട്ടുമെന്നു പഠനം

കഞ്ചാവുപയോഗം ഹാനികരമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇതു പല കാരണങ്ങളും പറഞ്ഞു ന്യായീകരിക്കുന്നവരുണ്ട്. ഇത്തരക്കാരുടെ പല അവകാശ വാദങ്ങളും പൊളിക്കുന്നതാണ് അടുത്തിനെ നടന്ന പരീക്ഷണത്തിന്റെ ഫലം. കഞ്ചാവിൽ കാണപ്പെടുന്ന ടിഎച്ച്സി (THC)അഥവാ ടെട്രാഹൈഡ്രോ കന്നാബിനോൾ (tetrahydrocannabinol) മടി കൂട്ടുമെന്നാണ് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ടിഎച്ച്സിയും കന്നാബിഡിയോളും[ cannabidiol (CBD)] ആണ് കഞ്ചാവിൽ കാണുന്ന മുഖ്യ രാസപദാർത്ഥങ്ങൾ. ഇതിൽ സിൻബിനോയ്ഡ്സ് കഞ്ചാവിൽ നിന്ന് വേര്‍തിരിച്ച് എടുത്ത് കാൻസർ ചികിത്സയ്ക്ക് വേദനാസംഹാരിയായി പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. കഞ്ചാവുപയോഗിക്കുമ്പോൾ ടിഎച്ച്സി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നു ശാസ്ത്ര ലോകത്തെ ചിലരെങ്കിലും വിശ്വസിച്ചിരുന്നു. എന്നാൽ ഈ പരീക്ഷണത്തിലൂടെ ഇതു തെറ്റാണെന്നു തെളിഞ്ഞിരിക്കുന്നു.

29 എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. ടിഎച്ച്സി കുത്തിവയ്ക്കുന്നതിന് മുൻപേ ബുദ്ധിമുട്ടേറിയ പരീക്ഷണ കളികളില്‍ പങ്കെടുത്തിരുന്ന എലികൾ, കുത്തിവയ്പ്പിനു ശേഷം എളുപ്പമുള്ള കളികൾ തിരഞ്ഞെടുത്തു തുടങ്ങി. പരീക്ഷണം പുരോഗമിച്ചപ്പോൾ കളികളിൽ പങ്കെടുക്കുന്നതിനുതന്നെ എലികൾ മടി കാണിച്ചു തുടങ്ങിയതായി ഗവേഷകർ അവകാശപ്പെടുന്നു.

വെല്ലുവിളികൾ ഏറ്റെടുത്തു പൂർത്തിയാക്കാനുള്ള ശേഷിയെ ടിഎച്ച്സി ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ പ്രവർത്തിക്കാനുള്ള താല്പര്യത്തെ ആണ് പ്രതികൂലമായി ബാധിക്കുന്നത്. ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റിയാണ് ഈ പഠനം നടത്തിയത്. പ്രശസ്ത മനഃശാസ്ത്ര മാസികയായ സൈക്യാട്രി ആൻഡ് ന്യൂറോസയൻസ് ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.