ജൻ ഒൗഷധി പദ്ധതി വിപുലമാക്കുന്നു

പാവപ്പെട്ടവർക്കു കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൻ ഔഷധി പദ്ധതി കേന്ദ്ര സർക്കാർ കൂടുതൽ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒറ്റദിവസം 1000 ജൻ ഔഷധി ഔട്ട്ലെറ്റുകൾ തുറക്കും. സാമ്പത്തികമായി ‌പിന്നാക്കം നിൽക്കുന്നവർക്കു തിരഞ്ഞെടുക്കപ്പെട്ട ജനറിക് മരുന്നുകൾ ഇവിടെ 60-70% വിലക്കുറവിൽ ലഭിക്കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജൻ ഔഷധി സ്റ്റോറുകൾ തുറക്കാനും സർക്കാരിനു പദ്ധതിയുണ്ട്. ഇത്തരത്തിൽ ആദ്യത്തെ ഷോപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് ഇന്നലെ ഡൽഹിയിൽ തുറന്നു.

ജനറിക് മരുന്നുകൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്നതിനായി 2008ലാണു ജൻ ഔഷധി പദ്ധതിക്കു തുടക്കമായത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 178 ‌ഔട്ട്‌ലെറ്റുകൾ തുറന്നതിൽ 98 എണ്ണം മാത്രമാണു നിലനിൽക്കുന്നത്. വിതരണ സംവിധാനത്തിലെ അപാകതയാണു പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരിക്കാൻ കാരണം. ഇതുകൂടി കണക്കിലെടുത്ത് കൂടുതൽ ഫലപ്രദമായി പദ്ധതി അഴിച്ചുപണിയാനാണു കേന്ദ്രസർക്കാർ തീരുമാനം.

ഒറ്റദിനം ആയിരം ഔട്ട്‌ലെറ്റുകൾ തുറക്കുകയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഔട്ട്‌ലെറ്റ് തുറക്കും.