ഹെഡ്ഫോൺ വില്ലനാകുമ്പോൾ...

Image Courtesy : The Man Magazine

ഒരു ബോധവുമില്ലാതെ ദാ പോകുന്നുവെന്ന് നിങ്ങളെക്കുറിച്ചാരെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വന്തമായി ലോകം കെട്ടിപ്പടുത്ത് അതിനുള്ളിൽ ജീവിക്കുന്നവർ അല്ലെങ്കിൽ ചെവിക്കുള്ളിൽ ശരീര ഭാഗം പോലെ ഇണങ്ങിച്ചേർന്ന ഹെഡ്ഫോണുമായി നടക്കുന്ന കൂട്ടരായിരിക്കും ഇങ്ങനൊരു കമന്റിന് വിധേയരാകുക പലപ്പോഴും. ന്യൂജെൻ കുട്ടികളുടെ സ്റ്റൈൽ മന്ത്രയിൽ ഹെഡ്സെറ്റിനുള്ള സ്ഥാനം ചെറുതല്ല. നിറങ്ങളിലുള്ള ഹെഡ്സെറ്റ് കഴുത്തിലൂടെ വലിച്ച് കയ്യിലൂടെ പകുതി വാരിവലിച്ചുവച്ച് നടക്കുന്നത് ഒരു ലുക്ക് തന്നെ. ഇരുതലയുമായി ചെവിക്കുള്ളിൽ പറ്റിപ്പിടിച്ചിരുന്ന് നിങ്ങളേയും ശബ്ദങ്ങളേയും തമ്മിലിണക്കുന്ന ഹെഡ്ഫോണിന് ഒരു ഭീകരജീവിയുടെ മുഖംകൂടിയുണ്ട്.. ഹീറോയായി ആടിപ്പാടി നടന്ന് വില്ലൻ വേഷം ഒളിപ്പിച്ചുവയ്ക്കുന്നയാളാണ് ഈ ഹെഡ്ഫോൺ. എന്നാലും എന്റെ ഹെഡ്ഫോണേ എന്നു പറഞ്ഞുപോകുന്ന സാഹചര്യങ്ങളുണ്ട്. അതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. കിടിലൻ ലുക്കിന് ചേരാത്ത കമന്റുകൾ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ഹെഡ്ഫോണുമായി വളരെ മാന്യമായ ഒരു ബന്ധം പുലർത്തുന്നതല്ലേ നല്ലത്. അങ്ങനെ ഹെഡ്ഫോൺ വില്ലനാകുന്ന ചില സമയങ്ങൾ അറിഞ്ഞുവയ്ക്കാം

നിർത്താതെ ഹോൺ മുഴക്കിയിട്ടും എന്തോ സംസാരിച്ച് വളരെ കൂളായി റോഡ് ക്രോസ് ചെയ്ത് പോകുന്ന ചിലരെ കണ്ടിട്ടില്ലേ. മാധ്യമങ്ങളിൽ ഒട്ടേറെ തവണ ഇങ്ങനുള്ള ഫോട്ടോകൾ അച്ചടിച്ച് വന്നിട്ടുമുണ്ട്. ഡ്രൈവർമാരുടെ ചീത്തവിളി നമ്മൾ കേൾക്കുന്നില്ല. അതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ഒരപകടത്തിലേക്ക് നിങ്ങളെ തള്ളിവിടാൻ ഒരുപാട് സാധ്യതകളുള്ള സാഹചര്യമാണത്. അതുകൊണ്ട് ഹെഡ്സെറ്റിൽ പാട്ടുമായി ഒരിക്കലും റോഡ് ക്രോസ് ചെയ്യരുത്. തിരക്കുള്ള റോഡുകളിൽ നടക്കുകയുമരുത്. വാഹനങ്ങള്‍ പായുന്ന റോഡിൽ ഇങ്ങനൊരു യാത്ര ഒഴിവാക്കുന്നതാണ് നല്ലത്,. ഹെഡ്ഫോണും വച്ച് റെയിൽവേ ലൈനിലൂടെയുള്ള യാത്രയും ഇതിലേറെ അപകടകരമാണ്., കഴിഞ്ഞ വർഷം ഡൽഹിയിൽ മാത്രം 379 പേരാണ് ഇത്തരത്തിലൊരു അശ്രദ്ധമൂലം കൊല്ലപ്പെട്ടത്. ചെന്നൈയിൽ ഈ വർഷം ഇതുവരെ 600 പേർ.

വളരെയധികം ഇഷ്ടമുള്ളൊരു പാട്ട് ബ്ലൂടൂത്തിൽ ഷെയർ ചെയ്ത് കളിച്ചോ. പക്ഷേ കൂട്ടുകാരനൊപ്പം ഹെഡ്സെറ്റ് പങ്കുവയ്ക്കുന്ന രീതി ഒഴിവാക്കുന്നതാണ് നല്ലത്. ഒരുപക്ഷേ അങ്ങനെ ഉപയോഗിക്കുന്നുവെങ്കിൽ ഒരു ടിഷ്യൂ പേപ്പർ വച്ച് തുടക്കുകയെങ്കിലും വേണം., കാരണം ചെവിയിൽ രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകൾ പങ്കുവയ്ക്കപ്പെടാം. വെറുതെ രോഗങ്ങളെ വിളിച്ചുവരുത്തണോ

സ്പോഞ്ചുകൾ എന്നും അവിടെത്തന്നെയിരിക്കണ്ട

ഹെഡ്സെറ്റിലെ സ്പീക്കറിൽ പൊതിഞ്ഞിരിക്കുന്ന സ്പോഞ്ചുകളും റബ്ബറും ബാക്ടീരയകളുടെ കൂടാരങ്ങളാണ്. കൃത്യമായ രണ്ടു മാസം കൂടുമ്പോൾ അത് മാറ്റിയിരിക്കണം.

ഹെഡ്സെറ്റിലെ പാട്ട് നിങ്ങൾ മാത്രം കേട്ടാൽ മതി

നീ ഹെഡ്സെറ്റ് വച്ചല്ലേ പാട്ടുകേള്‍ക്കുന്നേ. അതേ...കൊള്ളാം കേട്ടോ ഞാനും കേൾക്കുന്നുണ്ട് ആ പാട്ട്..നല്ല പാട്ടാ...ചിലരങ്ങനെയാണ് ഹെഡ്സെറ്റെന്നാൽ അവർക്ക് ലൗഡ് സ്പീക്കറാണ്, നിങ്ങളുടെ കേഴ്‌വി ശക്തിയെ എടുത്തോണ്ടു പോകാനുള്ള വഴികളാണ് ഇങ്ങനെ രസിച്ചിരുന്ന് പാട്ട് കേൾക്കുമ്പോൾ ഉണ്ടാക്കുന്നത്. അമിത ശബ്ദം മൂലമുള്ള ബധിരതയാണ് വലിച്ചുവയ്ക്കുന്നത്.

ഒരു യാത്രയ്ക്ക് പോകും മുൻപ് നല്ല പാട്ടൊക്കെ ശേഖരിച്ച് ബാറ്ററി ഫുൾ ചാർജാക്കി തയ്യാറെടുപ്പുകൾ നടത്തുന്നവരാണ് മിക്കവരും. പാട്ടില്ലാതെ എന്ത് യാത്ര എന്ന ചിന്ത ഒഴിവാക്കുന്നതാണ് നല്ലത്. നല്ല തിരക്കുള്ള ബസിൽ പാട്ടിനൊപ്പം വലിയ ശബ്ദങ്ങളും കൂടിയാകുമ്പോൾ ചെവിക്കുണ്ടാകുന്ന ദോഷം ചെറുതല്ല. നീങ്ങുന്ന വാഹനത്തിൽ പുസ്തകവും പാട്ടുമായി യാത്ര ആസ്വദിക്കുന്നത് ശരീരത്തിന് ദോഷമേ ചെയ്യൂ.

ഹെഡ്സെറ്റ് എടുക്കാൻ മറക്കണ്ട

കാത്തിരുന്നൊരു അവധി കിട്ടിയാൽ ടിവി കാണലിൽ മാരത്തൺ നടത്താൻ കാത്തിരിക്കുന്നവരുണ്ടാകുമല്ലോ. ഇക്കാര്യം ഓർത്തു വച്ചോളൂ ഓരോ മണിക്കൂറിലും അഞ്ചു മിനുട്ടിന്റെ വിശ്രമം ഹെഡ്സെറ്റിന് നൽകണം. അതിനും വിശ്രമം വേണമല്ലോ...നിങ്ങളുടെ ചെവിക്കും. ചെവിക്കുള്ളിലേക്ക് കയറ്റി വയ്ക്കുന്നതും ഭാരം കൂടിയതുമായ ഹെഡ്സെറ്റുകൾ ഉപേക്ഷിക്കണം. ഒരിക്കലും ചെവിക്കു പിന്നിലൂടെ കറക്കി മുകളിൽ നിന്ന് താഴേക്ക് ഹെഡ് ഫോൺ വയ്ക്കരുത്.

പഠിക്കുമ്പോൾ അതു മാത്രം മതി

പഠിക്കുമ്പോൾ പാട്ടു കേട്ടു പഠിക്കുന്ന കൂട്ടുകാർ ചെയ്യുന്നത് അത്ര നന്നല്ല. അത് നിങ്ങൾക്ക് ഒരു ഗുണവും നൽകില്ല. അൽപ്പ സമയത്തേക്ക് ഉപകാരപ്പെടുമെങ്കിലും നിങ്ങളുടെ ശ്രദ്ധയെ അത് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.