സൈക്കിൾ സവാരി ശാരീരിക പ്രശ്‌നങ്ങൾക്കുമുള്ള 'ഒറ്റമൂലി'

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തലസ്ഥാന നഗരിയിലെ ആദ്യ ''കാർ ഫ്രീ ദിനം" റാലിയ്ക്ക് സൈക്കിൾ ചവിട്ടി നേതൃത്വം നൽകിയതോടെ ആരോഗ്യത്തിന്റെ ഡബിൾ ബെല്ലടിച്ച് സൈക്കിൾ സവാരി വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിലപിടിപ്പുള്ള ഏത് അത്യാധുനിക വ്യായാമ യന്ത്രത്തേക്കാളും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ദുർമേദസ്സില്ലാതെ ആരോഗ്യത്തോടെ ശരീരം പരിപാലിക്കാൻ ദിവസവും 30-45 മിനിറ്റ് നേരത്തെ സൈക്കിൾ സവാരിയിലൂടെ സാധിക്കും. എല്ലാ ശാരീരിക പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് സൈക്കിൾ സവാരി.

പുറംവേദന

ശരീരം അനങ്ങാതെ ജോലിചെയ്യുന്നവരെ പിടികൂടുന്ന രോഗമാണിത്. തുടർച്ചയായി ഇരുന്നു ജോലിചെയ്യുന്നവരാണു പുറംവേദനക്കാരിൽ അധികവും. നട്ടെല്ല് കാര്യമായി അനക്കാതെ കാലങ്ങളോളം വച്ചിരുന്നാൽ ഇതാണു ഫലം. സൈക്ലിങ് ശീലമാക്കിയവരുടെ നട്ടെല്ലിനും അനുബന്ധ പേശികൾക്കും മികച്ച വ്യായാമം ലഭിക്കുന്നതിനാൽ ഇത്തരക്കാരെ പൊതുവെ പുറംവേദന ശല്യപ്പെടുത്താറില്ല. കൈകാലുകളിലെ പേശികൾക്കു പുറമെ നട്ടെല്ലും അനുബന്ധ പേശികളും ബലപ്പെടുന്നതിനും സൈക്ലിങ് മികച്ച ഉപാധിയാണ്.

സന്ധിവേദന

കൈകാലുകളിലെ സന്ധിവേദനയ്‌ക്കു മുഖ്യകാരണം തരുണാസ്‌ഥികളുടെ തകരാറാണ്. ദേഹം അനങ്ങാത്തതും അമിതഭാരമുള്ള ശരീരത്തെ താങ്ങി നിർത്തേണ്ടിവരുന്നതുമെല്ലാം തരുണാസ്‌ഥികളെ തളർത്തും. സന്ധികളിൽ കടുത്ത വേദനയ്‌ക്കും തേയ്‌മാനത്തിനുമെല്ലാം വഴിയൊരുക്കാവുന്ന ദുഃസ്‌ഥിതിക്കു പരിഹാരവും സൈക്ലിങ് തന്നെ! സൈക്കിൾ ചവിട്ടുമ്പോൾ സന്ധികൾക്കു തുടർച്ചയായി ലഭിക്കുന്ന വ്യായാമത്തിനു തുല്യമാവാൻ മറ്റൊരു വ്യായാമത്തിനും കഴിയില്ല.

ഹൃദയം

ശരീരത്തിൽ സദാസമയവും പ്രവർത്തിക്കുന്ന പമ്പിങ് സ്‌റ്റേഷനാണ് ഹൃദയം. ഒരു നിമിഷം പണിമുടക്കിയാൽ അത്യാഹിതം സംഭവിക്കാവുന്ന മോട്ടോർ. രക്‌തസമ്മർദം കുറയ്‌ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം ക്രമപ്പെടുത്താനും ചെറുപ്രായത്തിലേ സൈക്ലിങ് ശീലമാക്കുന്നത് പ്രയോജനപ്പെടും. ഏറെനേരം സൈക്കിൾ ചവിട്ടുന്നത് ശ്വാസോച്‌ഛ്വാസ വേഗത വർധിപ്പിക്കും. ഇത് ഉയർന്ന തോതിൽ ഓക്‌സിജൻ ശരീരത്തിലെത്താൻ അത്യുത്തമമാണ്. രക്‌തചംക്രമണത്തിന്റെ തോത് വർധിപ്പിക്കുമെന്നതിനാൽ ഹൃദയാഘാത സാധ്യത ഏറെ കുറയ്‌ക്കാനും സൈക്കിൾ സവാരിക്കുകഴിയും. രക്‌തസമ്മർദം കുറയ്‌ക്കാനും ഇതുതന്നെ മികച്ച മാർഗം.

രോഗപ്രതിരോധം

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്നതാണ് ആധുനികകാലത്തെ മുഖ്യ ആരോഗ്യപ്രശ്‌നം. മഴവന്നാൽ ജലദോഷവും വെയിലേറ്റാൽ തലവേദനയും പനിയുമൊക്കെ വരുന്നത് പതിവു കാഴ്‌ചയായിക്കഴിഞ്ഞു. സൈക്കിൾ ചവിട്ടുമ്പോൾ ഹൃദയമിടിപ്പു കൂടുകയും അതുവഴി രക്‌തചംക്രമണം വേഗത്തിലാവുകയും ചെയ്യും. രക്‌തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ചുമ, കഫക്കെട്ട്, തുമ്മൽപോലുള്ളവയെയും ജലദോഷത്തെയും അകറ്റി നിർത്താൻ ഈ ആരോഗ്യശീലം മതിയാവും.