ഓർമശക്തിക്ക് അത്ഭുതമരുന്ന്

മഞ്ഞളിന്റെ ഗുണം പാശ്ചാത്യലോകം തിരിച്ചറിയുന്നു.

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്യുമിൻ എന്ന ഘടകം ഓർമശക്തി ക്ഷയത്തിന് കൺകണ്ട മരുന്നാണെന്നു ഗവേഷണഫലം വരികയും അമേരിക്കയിലും യൂറോപ്പിലും കുർക്യുമിൻ പ്രായമായവർക്കു മരുന്നായി നൽകുകയും ചെയ്തതോടെയാണ് ഡിമാൻഡിൽ പതിന്മടങ്ങ് വർധനയുണ്ടായത്.

ന്യൂസ്‌വീക്കിൽ മഞ്ഞൾ താരം

ന്യൂസ്‌വീക്ക് വാരികയുടെ കഴിഞ്ഞ ലക്കത്തിൽ ഇന്ത്യൻ മഞ്ഞളിനെ ഓർമശക്തി നിലനിർത്തുന്ന അത്ഭുത മരുന്ന് എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യ ലോകത്ത് 65 വയസിനു മേലുള്ള എട്ടു പേരിൽ ഒരാൾക്ക് മേധാക്ഷയം (മറവിരോഗം) ഉണ്ടാകുന്നുണ്ട്. അൽസ്ഹൈമേഴ്സും ഡിമൻഷ്യയും അതിന്റെ ഭാഗമായുള്ള രോഗങ്ങളാണ്. എന്നാൽ നമ്മുടെ നാട്ടിൽ മഞ്ഞൾ വ്യാപകമായി കറിക്ക് ഉപയോഗിക്കുന്നതിനാൽ ലോകത്തു തന്നെ പ്രായമായവരിൽ മേധാക്ഷയം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്ന കണ്ടെത്തലും മഞ്ഞളിന് അനുഗ്രഹമായി. ലിവ് ഇൻ ദ് നൗ എന്ന അമേരിക്കൻ ആരോഗ്യ പ്രസ്ഥാനത്തിലും ഇക്കാര്യം പ്രചരിച്ചതോടെ കർക്യുമിൻ സപ്ളിമെന്റ് ഗുളിക വാങ്ങി കഴിക്കുന്നവരുടെ എണ്ണം കൂടി. ഒരു ചെറിയ സ്പൂൺ മഞ്ഞൾ പൊടി ദിവസവും വെള്ളത്തിൽ കലക്കി കുടിച്ചാൽ പോലും ഓർമ ശക്തിയിൽ കാര്യമായ വ്യത്യാസം വരുമെന്ന അനുഭവ വിവരണങ്ങളുണ്ട്. തലച്ചോറിൽ രൂപപ്പെടുന്ന നീർക്കെട്ടുകൾ അലിയും. കുർക്യുമിൻ കൂടുതലുള്ള നാടൻ മഞ്ഞളിനാണ് ഡിമാൻഡ്.

ആശുപത്രികളിൽ സ്പൈസസ് ബോർഡിന്റെ മഞ്ഞൾ ഗവേഷണം

മഞ്ഞളിന്റെ ന്യൂട്രസ്യൂട്ടിക്കൽ (ന്യുട്രിഷനും ഫാർമസ്യൂട്ടിക്കലും ചേർന്നത്) ഗുണങ്ങൾ കാരണം ഡിമാൻഡ് കൂടുകയാണെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ.എ. ജയതിലക് ചൂണ്ടിക്കാട്ടി. ഇത്തരം ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ കേരളത്തിലെ ആശുപത്രികളിൽ സ്പൈസസ് ബോർഡ് ഗവേഷണം സ്പോൺസർ ചെയ്യുന്നുണ്ട്.

മറവി രോഗമുള്ളവർക്ക് കുർക്യുമിന്റെ സത്ത് അടങ്ങിയ ക്യാപ്സ്യൂൾ കൊടുക്കും. അവരേയും സാധാരണ മരുന്ന് കഴിക്കുന്ന രോഗികളേയും തമ്മിൽ താരതമ്യം ചെയ്യും. കുർക്യുമിൻ കഴിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമാണു കണ്ടു വരുന്നത്. ഗവേഷണ ഫലങ്ങൾ ഡോക്ടർമാർ ശാസ്ത്ര ജേണലുകളിൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.