മലയാളിയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ബജറ്റ്

ധനമന്ത്രി തോമസ് ഐസക്കിന്റെ ഈ വർഷത്തെ ബജറ്റിൽ ആരോഗ്യരംഗത്തിനു മുന്തിയ പരിഗണന. ജീവിതശൈലീ രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ പ്രമേഹം, കൊളസ്ട്രോൾ രക്തസമ്മർദം എന്നിവ ബാധിച്ച രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകാനുള്ള പദ്ധതി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.

കാരുണ്യ പദ്ധതിയിൽ നിന്ന് 350 കോടി രൂപ ചികിത്സാസഹായം നൽകും. എൻഡോസൾഫാൻ രോഗീസഹായത്തിന് 10 കോടി രൂപ അനുവദിച്ചു.

മെഡിക്കൽകോളജിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 5257 പുതിയ തസ്തികകൾ രൂപീകരിക്കും. സർക്കാർ ആശുപത്രികൾക്ക് 2000 കോടി രൂപയും 170 ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ആരോഗ്യ ഡാറ്റാ ബാങ്ക് തയാറാക്കാനും പദ്ധതിയുണ്ട്.

ആരോഗ്യരംഗത്തെ മറ്റു പ്രഖ്യാപനങ്ങൾ

∙ പൊതുജനാരോഗ്യ സംവിധാനത്തിന് 2500 കോടി രൂപ
∙ സൗജന്യവും സാർവത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
∙ ആശുപത്രികളുടെ നിലവാരവർധനയ്ക്ക് 8000 പുതിയ തസ്തികകൾ
∙ ആശുപത്രികളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ
∙ മെഡിക്കൽ കോളജുകളും മുൻനിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്
∙ മുഴുവൻ പൗരൻമാരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം
∙ എല്ലാ പഞ്ചായത്തിലും ബ്ലഡ് സ്ട്രിപ്പുകൾ, ബ്ലഡ് പ്രഷർ ഉപകരണങ്ങൾ, വെയിംഗ് മെഷീനുകൾ
∙ ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുൻപ്രസിഡന്റ് സി.കെ ഭാസ്കരന്റെ പേരിൽ അവാർഡ്
∙ തിരുവനന്തപുരം മെഡിക്കൽകോളജ് മാസ്റ്റർപ്ലാൻ നടപ്പാക്കാൻ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കൽകോളജുകൾക്ക് പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നു
∙ കിഫ്ബിയിൽ നിന്ന് ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികൾക്ക് 2000 കോടി രൂപ. 12 താലൂക്ക് ആശുപത്രികളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തൽ
∙ രോഗികൾക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതിൽ കാരുണ്യയുടെ വിഹിതം 350 കോടി
∙ ഡയബറ്റിസ്, പ്രഷർ, കൊളസ്ട്രോൾ രോഗികൾക്ക് പി.എച്ച്.സി സബ്സെന്ററുകൾ വഴി സൗജന്യഗുളിക വിതരണം
∙ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം വേണ്ട മരുന്നുകൾ 10 ശതമാനം വിലയ്ക്ക്.
∙ കുഷ്ഠം, മന്ത് സമ്പൂർണനിവാരണ പദ്ധതി. അവശരായ മന്തുരോഗികൾക്ക് പ്രത്യേക സഹായപദ്ധതി
∙ ഓരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി. ജില്ലയിൽ ഒരു ജില്ലാആശുപത്രി. ഡോക്ടർമാരുടെ 1309 ഉം സ്റ്റാഫ് നഴ്സുമാരുടെ 1610ഉം അടക്കം 5257 തസ്തിക പുതുതായി സൃഷ്ടിക്കും. മെഡിക്കൽ കോളജികളിൽ 45 അധ്യാപകർ, 2874 സ്റ്റാഫ് നഴ്സുമാർ, 1260 പാരാമെഡിക്കൽ സ്റ്റാഫ്.