ഓടുന്ന ട്രെയിനുകളിൽ ആരോഗ്യ പരിശോധന

ശബരി എക്സ്പ്രസിൽ യാത്രക്കാരന്റെ രക്തസമ്മർദം പരിശോധിക്കുന്നു

ഓടുന്ന ട്രെയിനുകളിൽ ഓടി നടന്ന് റയിൽവേ വക മെഡിക്കൽ പരിശോധന. റയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്, ആർപിഎഫ്, റയിൽവേ മെഡിക്കൽ വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണു ട്രെയിനുകളിൽ ആരോഗ്യ പരിശോധന നടത്തിയത്. പ്രമേഹം, രക്തസമ്മർദ്ദം, പൾസ് എന്നിവ അടക്കം പരിശോധന നടത്തിയ സംഘം കോട്ടയം മുതൽ കൊല്ലം വരെയുള്ള മേഖലകളിലും തിരികെയും പരിശോധന നടത്തി.

കൊല്ലംമുതൽ കോട്ടയംവരെ ശബരി എക്സ്പ്രസിൽ 55 യാത്രക്കാരെ പരിശോധിച്ചതിൽ ആറു പേർക്കു പ്രമേഹവും നാലു പേരിൽ അമിത രക്തസമ്മർദ്ദവും പുതിയതായി കണ്ടെത്തി. തിരികെ കേരള എക്സ്പ്രസിലും സംഘം പരിശോധന നടത്തി. കൊല്ലം ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 115 പേരെയാണു പരിശോധനകൾക്കു വിധേയരാക്കിയത്.

റയിൽവേ യാത്രക്കാർക്കായി പ്രധാനമന്ത്രി ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായായിരുന്നു പരിശോധന.