ഹെർണിയ ശസ്ത്രക്രിയ ആർക്കും കാണാം, 360 ഡിഗ്രിയിൽ

ഹൃദയശസ്ത്രക്രിയ വരെ ലൈവായി കാണാനാവുന്ന കാലത്താണു നാം ജീവിക്കുന്നത്. എന്നാൽ ഓപ്പറേഷൻ തിയറ്ററിലെ ഡോക്ടർമാരുടെ ഓരോ നീക്കവും അവർക്കൊപ്പം കണ്ടാലോ? മെഡിക്കൽ വിദ്യാർഥികൾക്കുൾപ്പെടെ പ്രയോജനകരമായ ഈ വിഡിയോ അനുഭവമാണ് ജിബ്‌ലിബ് നൽകുന്നത്.

360 ഫ്ളൈ ക്യാമറ ഉപയോഗിച്ചാണ് ഒരു ഹെർണിയ ശസ്ത്രക്രിയ തത്സമയം പകർത്തുന്നത്. ശസ്ത്രക്രിയാ ടേബിളിനടുത്തു സ്ഥാപിച്ച ക്യാമറ 360 ഡിഗ്രി ലംബമായും 240 ഡിഗ്രി തിരശ്ചീനമായുമുള്ള കാഴ്ചകളാണു പകർത്തുന്നത്. 360 ഫ്ളൈ നൽകുന്ന ഐഒഎസ് അല്ലെങ്കിൽ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് ഏതു കോണിൽനിന്നുമുള്ള കാഴ്ച പ്രേക്ഷകർക്കു ലഭിക്കും.

സർജൻമാര്‍ക്ക് തങ്ങളുടെ ശസ്ത്രക്രിയാദൃശ്യങ്ങൾ മെഡിക്കൽ വിദ്യാർഥികൾക്കും മറ്റും ഉപകാരപ്രദമായ രീതിയിൽ ഷെയർ ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ജിബ്‌ലിബ് ലക്ഷ്യമിടുന്നത്. ക്യാമറാമാന്റെയോ സർജന്റെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്ത് പ്രേക്ഷകൻ തീരുമാനിക്കുന്ന കോണിൽനിന്ന് ശസ്ത്രക്രിയ കാണാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഡോ ഷിരിൻ ടൊഫിഗ് എന്ന സർജൻ 90210 സർജറി മെഡിക്കൽ സെന്ററിലാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. http://watch.giblib.com/register/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുന്ന ആർക്കും ജൂലെ 28ന് ഈ ശസ്ത്രക്രിയ തത്സമയം കാണാനാകും.