ഹൈബ്രിഡ് ശസ്ത്രക്രിയയ്ക്ക് ലോക അംഗീകാരം

പ്രമേഹരോഗം നിയന്ത്രിക്കുന്നതിനുള്ള നൂതന രീതിയായ ഹൈബ്രിഡ് ശസ്ത്രക്രിയയ്ക്ക് ലോക അംഗീകാരം. കൊച്ചി സണ്‍റൈസ്ആശുപത്രിയിലെ മെറ്റബോളിക് സര്‍ജന്‍ ഡോ. ആര്‍ പത്മകുമാറും സംഘവുമാണ് ഇന്‍റര്‍ പൊസിഷന്‍ ശസ്ത്രക്രിയ വിജയിപ്പിച്ചെടുത്തത്.

ജീവിതശൈലിരോഗമായ പ്രമേഹത്തിന് കൂടുതല്‍ പേര്‍ കീഴടങ്ങുന്നതല്ലാതെ ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ വൈദ്യശാസ്ത്രം ഇനിയും വിജയിച്ചിട്ടില്ല. അമിതവിലയുള്ള മരുന്നും ആരോഗ്യ, ജീവിത ശൈലി രീതികളിലുള്ള മാറ്റങ്ങളും മാത്രമാണ് ഇപ്പോഴും പ്രമേഹരോഗികളുടെ താല്‍ക്കാലിക ആശ്വാസം. ആശങ്കയുടെ ഈ അന്തരീക്ഷത്തിലേക്കാണ് പ്രമേഹം നിയന്ത്രിക്കുന്ന ആധുനിക ശസ്ത്രക്രിയ കൊച്ചി സണ്‍റൈസ് ആശുപത്രി രൂപപ്പെടുത്തിയത്. അമിതവണ്ണമുള്ളവര്‍ക്ക് സ്ളീവ് ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയയും, മറ്റു പ്രമേഹരോഗികളില്‍ ഹൈബ്രിഡ് ശസ്ത്രക്രിയയും ഫലപ്രദമായി പരീക്ഷിച്ചു വിജയിച്ചു.

കുടലിലെ ഹോര്‍മോണായ ജിഎല്‍പി 1 ന്‍റെ അളവ് വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ലഭ്യമാക്കുന്ന രീതിയാണ് ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്നത്. പ്രമേഹം നിയന്ത്രണവിധേയമാകുന്നതിനൊപ്പം ശരീരത്തിന്‍റെ കൊഴുപ്പും കുറയും. ഡയബറ്റിക്ക് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള ലോകസംഘടനകളും ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത പ്രസിദ്ധീകരണങ്ങളും ഈ ആധുനിക ശസ്ത്രക്രിയയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നു ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ്.