അമ്മിഞ്ഞപ്പാലു തരാൻ അമ്മയ്ക്കെന്തേ മടി?

Image Courtesy : The Week Health Magazine

പിറന്നു വീണ പിഞ്ചുകുഞ്ഞിന് അമ്മയ്ക്കു നൽകാനാവുന്ന ഏറ്റവും വിലപ്പെട്ട അമൃതാണ് അമ്മിഞ്ഞപ്പാൽ. ആരോഗ്യരംഗത്ത് ഇത്രയധികം മുന്നേറ്റങ്ങൾ നടത്തിയിട്ടും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മുലയൂട്ടലിന്റെ കാര്യത്തിൽ ഇപ്പോഴും നമ്മുടെ രാജ്യം പിന്നിൽ തന്നെ. ഇന്ത്യയിലെ അമ്മമാരിൽ വെറും 44 ശതമാനം പേർ മാത്രമേ അവരുടെ കുഞ്ഞിന് ജനിച്ച ഉടൻ ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകുന്നുള്ളു. ബ്രെസ്റ്റ് ഫീഡിങ് പ്രമോഷൻ നെറ്റ്‌വർക്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളാണ് ഈ വസ്തുത അവകാശപ്പെടുന്നത്.

മുലയൂട്ടുന്ന അമ്മമാരുടെ എണ്ണത്തിൽ കഴിഞ്ഞ 11 വർഷമായി താരതമ്യേന വർധന ഉണ്ടായിട്ടുണ്ട് എന്നതു ശരിതന്നെ. എങ്കിലും, കുഞ്ഞുങ്ങളെ അധികകാലം മുലയൂട്ടുന്നതിന് മിക്ക അമ്മമാർക്കും സാധിക്കാറില്ല. ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ മൂലം വേണ്ടത്ര പാൽ ഉണ്ടാവാറില്ല. അമ്മ അനുഭവിക്കുന്ന അമിത മാനസിക സംഘർഷങ്ങൾ അമ്മിഞ്ഞപ്പാലിന്റെ അളവ് കുറച്ചേക്കാം. ഗർഭകാലത്ത് വേണ്ടത്ര പോഷകാഹാരങ്ങൾ കഴിക്കാത്ത സ്ത്രീകളിലും അമ്മിഞ്ഞപ്പാലിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. മറ്റു ചിലർ ജോലിത്തിരക്കുകളിൽ മുഴുകുന്നതിനാൽ കുഞ്ഞിന്റെ മുലയൂട്ടൽ അധികനാൾ തുടരാറില്ല. മറ്റൊരു വിഭാഗം സ്ത്രീകൾ അവരുടെ സൗന്ദര്യത്തെക്കുറിച്ചുള്ള അമിത ആശങ്ക മൂലമാണ് മുലയൂട്ടൽ അവസാനിപ്പിക്കുന്നത്. ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ മുലയൂട്ടലിനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് ലോകാരോഗ്യസംഘടന രാജ്യങ്ങളെ ഓർമിപ്പിക്കുന്നുണ്ട്.