രാജ്യാന്തര യോഗാദിനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും നേതൃത്വത്തിൽ പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന യോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 7.45 നു ചീഫ് സെക്രട്ടറി ജിജി തോംസൺ നിർവഹിക്കും. യോഗ സംബന്ധിച്ച ഡോക്കുമെന്ററി പ്രകാശനം, യോഗ ഡാൻസ് സെമിനാറുകൾ എന്നിവയും നടത്തും.

കേരള, ലക്ഷദീപ് എൻസിസി ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രങ്ങളിൽ 55,000 പേരെ പങ്കെടുപ്പിച്ചു രാവിലെ ഏഴുമുതൽ 7.35 വരെ യോഗ ദിനാചരണം നടത്തും. തലസ്ഥാന ജില്ലയിൽ പത്തു സ്ഥലങ്ങളിൽ യോഗ ദിനാചരണം നടത്തും. പാങ്ങോട് ഗ്രൗണ്ടിൽ നടത്തുന്ന പരിപാടിയിൽ 2400 എൻസിസി കെഡറ്റുകളെ പങ്കെടുപ്പിക്കും. സെൻട്രൽ ജയിലിൽ തടവുകാർക്കായി നടത്തുന്ന ദിനാചരണം ജയിൽ ഡിജിപി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴു മുതൽ ഏഴര വരെയാണിത്.

മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പത്തു മുതൽ 12 വരെ യോഗാമൃതം എന്ന പേരിൽ പരിപാടി നടത്തും. ആർട്ട് ഓഫ് ലിവിങ് തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ യോഗദാൻ, യോഗത്തോൺ തുടങ്ങിയ പരിപാടികൾ നടത്തും. രാവിലെ ഏഴിന് ആർട്ട് ഓഫ് ലിവിങിന്റെ എല്ലാ സെന്ററുകളിലും തീർത്ഥപാദ മണ്ഡപത്തിലുമാണു പരിപാടി നടത്തുക. രാജ്യാന്തര യോഗാദിനാചരണത്തിന്റെ ഭാഗമായി ബ്രഹ്മകുമാരീസിന്റെ നേതൃത്വത്തിൽ ശംഖുമുഖം കടൽത്തീരത്തു പ്രത്യേക ധ്യാനം നടത്തുമെന്നു ജില്ലാ ഡയറക്ടർ മിനി അറിയിച്ചു. വിശ്വശാന്തിക്കായി നടത്തുന്ന ധ്യാനം കെഎസ്ഇബി ചീഫ് വിജിലൻസ് ഒാഫിസർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 മുതൽ ആത്മീയ കലാമേള, പൊതുസമ്മേളനം, രാജയോഗാ ധ്യാനാഭ്യാസം എന്നിവയുണ്ടാകും. നെഹ്റു യുവ കേന്ദ്ര, നാഷനൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന യോഗ ദിനാചരണം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ യൂത്ത് കമ്മിഷൻ ചെയർമാൻ ആർ.വി. രാജേഷിന്റെ അധ്യക്ഷതയിൽ കലക്ടർ ഡോ. എ. കൗശികൻ ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് അടിസ്ഥാനത്തിൽ സന്നദ്ധ സംഘങ്ങളുടെ സഹകരണത്തോടെ യോഗ– സൗഹാർദത്തിനും സമാധാനത്തിനും എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തും. ഹോമിയോപ്പതി, ആയുർവേദം, പ്രകൃതി ചികിൽസ, യോഗ എന്നിവ സമന്വയിപ്പിച്ചു ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ആവിഷ്കരിച്ച ആയുഷ്മാൻഭവയുടെ നേതൃത്വത്തിൽ കിഴക്കേകോട്ട പട്ടം താണുപിള്ള സർക്കാർ ഹോമിയോ ആശുപത്രി സെമിനാർ ഹാളിൽ രാവിലെ ഏഴുമുതൽ യോഗ പരിശീലനം നൽകും. യോഗാസന മുറകൾ കോർത്തിണക്കി നൃത്തശിൽപവുമുണ്ടാകും. സംയോഗ ഹെൽത്ത് ക്ലബ്, ഉള്ളൂർ ശ്രീനാരായണ കൾച്ചറൽ സെന്റർ, സഹജ യോഗ എന്നിവയുടെ നേതൃത്വത്തിലും യോഗ ദിനാചരണം നടത്തും.