നിങ്ങളുടെ ഫോണിൽ ബാക്ടീരിയ ഉണ്ടോ?

Image Courtesy : The Week Smartlife Magazine

നിങ്ങൾ ഏതുനേരവും കയ്യിൽ കൊണ്ടുനടക്കുന്ന സ്മാർട് ഫോണിൽ എത്രായിരം ബാക്ടീരിയകൾ ഉണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? എണ്ണം കേട്ടാൽ ചിലപ്പോൾ നിങ്ങൾ അത് ദൂരേക്ക് ഒരൊറ്റ ഏറായിരിക്കും എന്നു ചുരുക്കം. അതുകൊണ്ടാണ് പുതിയ ബാക്ടീരിയ വിമുക്ത ഫോണുമായി ബ്ലാക്ബെറി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമായും ആശുപത്രികളിലെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഈ ബാക്ടീരിയ ഫ്രീ ഫോൺ.

ഒരു ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ അധികം ബാക്ടീരിയകൾ സ്മാർട്ഫോണിൽ ഉണ്ടാകുമത്രേ. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം. സ്മാർട് ഫോണിൽ കാണപ്പെടുന്നവയിൽ മിക്ക ബാക്ടീരിയകളും നിരുപദ്രവകരമാണ്. എന്നാൽ അപൂർവം ചില ബാക്ടീരിയകൾ ദോഷകരമാണു താനും. ഡോക്ടർമാരുടെയും മറ്റും സ്മാർട്ഫോണുകളിൽ വളരെയധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകുന്നത് സാധാരണമാണ്.

അതുകൊണ്ട് രോഗിയുടെ സമീപത്തേക്കു പോകുന്നതിന് മുമ്പ് പ്രത്യേകമായും സ്മാർട്ഫോൺ അണുവിമുക്തമാക്കുകയാണ് പതിവ്. എന്നാൽ ബ്ലാക്ക്ബെറിയുടെ പുതിയ ഫോണിൽ രോഗാണുക്കളുടെ സാന്നിധ്യമുണ്ടെങ്കിൽ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന അലാം സംവിധാനം സെറ്റ് ചെയ്തിട്ടുണ്ട്.