ഉറക്കം കുറഞ്ഞാൽ വിശപ്പു കൂടുമോ?

വയറു നിറച്ച് ആഹാരം കഴിച്ചതിനു ശേഷവും ബിസ്കറ്റും, മിഠായിയും ചിപ്സുമൊക്കെ വീണ്ടും കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഉറക്കക്കുറവാണ് ഈ അമിത വിശപ്പിനു പിന്നിലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഉറക്കം കുറഞ്ഞാൽ ആളുകൾ അമിതമായി ഭക്ഷണം കഴിക്കുമെന്നും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ആവശ്യത്തിനു ഉറക്കം ലഭിക്കാത്തത് വിശപ്പു വർദ്ധിപ്പിക്കുകയും അമിതമായി ആഹാരം കഴിക്കാൻ കാരണമാകുകയും ചെയ്യുമെന്ന് യുഎസിലെ യൂണിവേഴിസിറ്റി ഓഫ് ചിക്കാഗോയിലെ ഗവേഷകയായ എറിൻ ഹാൻലൺ പറയുന്നു. ആരോഗ്യമുള്ള 20 പുരുഷൻമാരിലും സ്ത്രീകളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഇവരിൽ 7 മണിക്കൂറിലധികം ഉറങ്ങിയവർക്ക് വിശപ്പു കുറവായിരുന്നു. എന്നാൽ നാലു മണിക്കൂർ മാത്രം ഉറക്കം ലഭിച്ചവർക്ക് വിശപ്പ് കൂടുതലായി അനുഭവപ്പെട്ടു.

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതാണ് അമിത വിശപ്പിനും പൊണ്ണത്തടിക്കും പിന്നിലെ പ്രധാന കാരണം. അമിത വണ്ണമുള്ളവർ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം ശരിയായ ഉറക്കം ലഭിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. സ്ലീപ് ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.