ഹൈവേക്കു സമീപം താമസിക്കുന്ന കുട്ടികൾക്ക് ലുക്കീമിയ

Image courtesy : The Week Magazine

ഹൈവേക്കു സമീപം താമസിക്കുന്ന കുട്ടികൾക്ക് ലുക്കീമിയ വരാൻ സാധ്യത കൂതുതലാണെന്ന് പഠന റിപ്പോർട്ട്. ഫ്രാൻസിൽ 2002 നും 2007നും ഇടയിൽ രക്താർബുദം പിടിപെട്ട 2,760 കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഇതിൽ 30 ശതമാനം കുട്ടികളും പ്രധാന നിരത്തിനു ഏകദേശം 150 മീറ്ററിനും 250 മീറ്ററിനും ഇടയിൽ താമസിക്കുന്നവരാണ്.

വാഹനങ്ങൾ പുറന്തള്ളുന്ന ബെൻസീൻ പോലുള്ള വിഷവാതകങ്ങളാണ് ലുക്കീമിയയ്ക്കു കാരണം. നിരന്തരം വാഹനങ്ങൾ പോകുന്ന നിരത്തുകൾക്ക് സമീപം താമസിക്കുന്ന കുട്ടികളെ അപേക്ഷിച്ച് അകലെ താമസിക്കുന്ന കുട്ടികൾക്ക് ലുക്കീമിയ വരാനുള്ള സാധ്യത കുറവാണെന്നും ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഹെൽത്ത് ആൻ‍ഡ് മെ‍ഡിക്കൽ റിസർച്ചിലെ ഗവേഷകയായ ജാക്വിലിൻ ക്ലേവൽ പറഞ്ഞു.

റോഡിനു സമീപം താമസിക്കുന്നവർ വായു മലിനീകരണവും ശബ്ദമലിനീകരണവും മാത്രം സഹിച്ചാൽ പോര ഇതു പോലെയുള്ള മാരകരോഗങ്ങളക്കൂടി കരുതിയിരിക്കണം. അമേരിക്കൻ ജേർണൽ ഓഫ് എപി‍‍ഡെമിയോളജിയാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.