എച്ച്ഐവിക്കു മരുന്ന്

Representative Image

ഒടുവിൽ എച്ച്ഐവി വൈറസിനെ ‘പിടികൂടുന്ന’ മരുന്ന് സാധ്യമാകുമോ? ബ്രിട്ടനിലെ ശാസ്ത്രകാരന്മാരുടെ ഗവേഷണം വിജയത്തോട് അടുക്കുന്നതായി റിപ്പോർട്ട്. 50 എച്ച്ഐവി ബാധിതരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പുതിയ മരുന്ന് നാൽപത്തിനാലുകാരനായ ബ്രിട്ടിഷുകാരന്റെ രോഗം പൂർണമായി സുഖപ്പെടുത്തിയെന്നാണു സൂചന. ഔദ്യോഗിക വിവരം പുറത്തുവന്നാൽ ലോകത്തിൽ എച്ച്ഐവി ചികിൽസ ഫലപ്രദമായി പൂർത്തിയാക്കിയ ആദ്യ രോഗിയാകും ഇദ്ദേഹം.

ബ്രിട്ടനിലെ ഏറ്റവും മികച്ച അഞ്ചു സർവകലാശാലകളിലെ ശാസ്ത്രജ്ഞരും ഗവേഷകരും ചേർന്നാണു മരുന്നു വികസിപ്പിച്ചെടുത്തത്. ഓക്സ്ഫഡ്, കേംബ്രിജ്, ഇംപീരിയൽ കോളജ്, ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, കിങ്സ് കോളജ് ലണ്ടൻ എന്നിവയാണ് ഗവേഷണത്തിൽ പങ്കാളികളായത്. എച്ച്ഐവി വൈറസാണ് മരണകാരണമാകാവുന്ന എയ്ഡ്സ് രോഗബാധയിലേക്കു നയിക്കുന്നത്. വർഷം തോറും ലക്ഷക്കണക്കിനു പേരാണ് എയ്ഡ്സ് ബാധിച്ചു മരണമടയുന്നത്.