തടിയൻ പൊലീസ് തടി കുറയ്ക്കാൻ ചികിത്സ തേടി

എഴുത്തുകാരി ശോഭാ ഡേയുടെ ട്വീറ്റിലൂടെ അമിതവണ്ണത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹാസത്തിനിരയായ പൊലീസ് ഓഫീസർ അവസാനം ചികിത്സ തേടി. മധ്യപ്രദേശിലെ ഇൻസ്പെക്ടർ ആയ ദൗലത് റാം ജോഗെവത് ആണ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചത്.

എന്തൊക്കെ രോഗങ്ങൾ അദ്ദേഹത്തിനുണ്ടെന്നും ബാരിയാട്രിക് സർജറിയിലൂടെ ഭാരം കുറയ്ക്കാൻ സാധിക്കുമോ എന്നുമുള്ള പരിശോധനകളാണ് നടത്തിയത്. ഇതിന്റെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഭാവി ചികിത്സാരീതികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിക്കൂവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ അക്സസ് സർജിക്കൽ സയൻസസസ് ആൻഡ് റിസേർച്ച് സെന്റർ ചെയർമാൻ മുഫാസാൽ ലക്ദ്വാല പറഞ്ഞു. ഏറ്റവും മികച്ച ചികിത്സതന്നെ അദ്ദേഹത്തിനു ലഭ്യമാക്കുമെന്നും വളരെ പെട്ടെന്ന് സാധാരണ ശരീരഭാരത്തിലേക്ക് മടങ്ങിവരുമെന്നും ലക്ദ്വാല പറഞ്ഞു.

മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്കെത്തിയ ജോഗെവതിനെ മുംബൈ പൊലീസിലെ ഇൻസ്പെക്ടർ ആയി തെറ്റിദ്ധരിച്ചാണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്.

ശോഭാ ഡേയുടെ ട്വീറ്റ് തന്നെ വേദനിപ്പിച്ചെന്നും ഇത് അമിതമായി ആഹാരം കഴിച്ചുണ്ടായ പൊണ്ണത്തടി അല്ലെന്നും ജോഗെവത് പറഞ്ഞു. 1993–ൽ പിത്താശയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ഹോർമോൺ പ്രശ്നങ്ങളാണ് പൊണ്ണത്തടിയിലേക്കു നയിച്ചത്. ഇപ്പോൾ 180 കിലോയാണ് ഇദ്ദേഹത്തിന്റെ ശരീരഭാരം.

ട്വീറ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആശുപത്രികൾ ചികിത്സാസഹായവുമായി എത്തിയിരുന്നു.