Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ പോളിയോ തിരിച്ചുവരവിനെ ഭയക്കണോ?

polio

പോളിയോ നിർമാർജനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്ന് -20 വർഷം മുൻപ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ഇന്ത്യയെപ്പറ്റി ചിന്തിച്ചിരുന്നത് അങ്ങനെയായിരുന്നു. 1995 കാലത്ത് പ്രതിവർഷം അരലക്ഷം കുട്ടികൾക്ക് എന്ന കണക്കിലായിരുന്നു ഇന്ത്യയിൽ പോളിയോമെലിറ്റസ് വൈറസ് ബാധിച്ചിരുന്നത്. അവിടെ നിന്നു തുടങ്ങിയതാണ് ഈ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം. ശതകോടികളാണ് കുരുന്നുകളെ പോളിയോബാധയിൽ നിന്നു രക്ഷിക്കാൻ രാജ്യം ചെലവിട്ടത്. ഒപ്പം 23 ലക്ഷത്തിലേറെ പോളിയോ വൊളന്റിയര്‍മാർ, ഒന്നരലക്ഷത്തിലേറെ സൂപ്പർവൈസർമാർ, വീടുകളിലും റയിൽവേ സ്റ്റേഷനുകളിലും ആശുപത്രികളിലുമെല്ലാം പോളിയോ നിർമാർജനത്തിനായുള്ള വാക്സിനേഷനുകൾ.

2000ത്തിലാണ് അവസാനമായി കേരളത്തിൽ, മലപ്പുറത്ത്, പോളിയോബാധ റിപ്പോർട്ട് ചെയ്യുന്നത്. 2011ൽ ബംഗാളിലെ ഹൗറയിൽ ഒരു പോളിയോബാധ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ അവസാനത്തേതായിരുന്നു. കൃത്യതയോടെ എല്ലാം മുന്നോട്ടു പോയപ്പോൾ 2014 മാർച്ചിൽ ലോകാരോഗ്യസംഘടന തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു- ഇന്ത്യയിൽ പുതിയ പോളിയോ വൈറസ് ബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, രാജ്യം ഇനി സമ്പൂർണ പോളിയോരഹിതം.

ആ സന്തോഷത്തിന് നേരിയ ഒരു തിരിച്ചടി പകർന്നു കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നൊരു വാർത്ത. നഗരത്തിലെ അമ്പർപെട്ടിൽ നിന്നു ശേഖരിച്ച മാലിന്യജല സാമ്പിളിൽ പോളിയോ വൈറസിന്റെ സാന്നിധ്യം. ഇതിനെത്തുടർന്ന് അവിടെ ഊർജിത പോളിയോ നിർമാർജന യജ്ഞത്തിനും ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം രാജ്യം പോളിയോവിമുക്തമാണെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് കേന്ദ്രആരോഗ്യ വകുപ്പിന്റെ അറിയിപ്പ്.

ടൈപ് 1,2,3 വിഭാഗങ്ങളിൽപ്പെട്ട പോളിയോ വൈറസുകളുണ്ട്. അവയിൽ ടൈപ് 2 ആണ് ഹൈദരാബാദിൽ കണ്ടെത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ‘മാരക’ വൈറസ്ബാധ അവസാനമായി 1999ലാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ ടൈപ് 2 വൈറസ് ‘മാരകം’ എന്ന വിഭാഗത്തിൽപ്പെടുത്താനാകില്ല. പകരം ജനിതക പരിവർത്തനം സംഭവിച്ച് രൂപപ്പെട്ടതാണ്. അത് അത്ര പേടിക്കാനുള്ളതല്ലെങ്കിലും മുൻകരുതലുകളില്ലെങ്കിൽ തിരിച്ചടികൾക്ക് സാധ്യതയുണ്ട്.

പോളിയോ രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെയാണ് വൈറസ് പുറത്തെത്തുക. ഈ വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിട വരുമ്പോഴാണ് രോഗം പകരുന്നത്. വായിലൂടെ വൈറസ് കുടലിലെത്തി, രക്ത ചംക്രമണ വ്യവസ്ഥയിലേക്കു കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു.

പോളിയോ വൈറസിനെ തടുക്കാനുള്ള മരുന്നായി നൽകുന്നതും ഇതേ ജീവനുള്ള വൈറസിനെത്തന്നെയാണ്. പക്ഷേ നിഷ്ക്രിയമാക്കിയാണെന്നു മാത്രം. ശരീരത്തിലെത്തുന്ന ഈ ‘നിഷ്ക്രിയ’ വൈറസുകൾ രക്തത്തിൽച്ചേർന്ന് കുട്ടികൾക്ക് പോളിയോക്കെതിരെ പ്രതിരോധശേഷി സമ്മാനിക്കുകയും ചെയ്യും. ആറു മുതൽ എട്ടാഴ്ച വരെ ഈ ‘നിഷ്ക്രിയ’ വൈറസ് ശരീരത്തിലുണ്ടാകും. ശേഷം വിസർജ്യത്തിലൂടെ പുറത്തുപോകും. എന്നാൽ ചില ‘നിഷ്ക്രിയർ’ ഇക്കാലയളവിനിടെ അൽപം ശക്തി പ്രാപിച്ചിട്ടുണ്ടാകും. അതായത് അവയ്ക്ക് ‘ജനിതക പരിവർത്തനം’ സംഭവിക്കും. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിൽ. ഇത്തരത്തിൽ ‘ശക്തരായി’ പുറത്തു വരുന്നവയാണ് വാക്സിൻ-ഡിറൈവ്ഡ് പോളിയോവൈറസ്(വിഡിപിവി). ഇത്തരത്തിലൊന്നാണ് ഹൈദരാബാദിൽ കണ്ടെത്തിയതും.

വിഡിപിവികൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് നിരന്തരമായി ഇവയെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഇത്തരത്തിൽ പലയിടത്തു നിന്നും വാക്സിൻ-ഡിറൈവ്ഡ് പോളിയോവൈറസുകളെ കണ്ടെത്തുകയും ചെയ്തു.

പുറംതള്ളപ്പെടുന്ന പോളിയോ വൈറസുകളിലേറെയും പാശ്ചാത്യരാജ്യങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഏതാനും ആഴ്ചകൾക്കുള്ളിൽ നശിക്കുകയാണു പതിവ്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള ‘ട്രോപ്പിക്കൽ’ രാജ്യങ്ങളിൽ ഈ വൈറസിന് ഒരു വർഷം വരെ നിലനിൽക്കാനും പെരുകാനുമുള്ള സാഹചര്യങ്ങളുണ്ട്. ഇന്ത്യയിലെ പോളിയോവാക്സിനേഷൻ ശക്തമായതിനാൽ ഈ വൈറസ് കുട്ടികളിലെത്തിയാലും ബാധിക്കാറില്ല. എന്നാൽ വാക്സിനേഷൻ ലഭിക്കാത്ത കുട്ടികളെ ഇത് ബാധിച്ചേക്കാം. രോഗം ബാധിച്ച് ശരീരം തളരുക വരെ ചെയ്യാം, വളരെ അപൂർവമായി മാത്രം.

നേരത്തേ ഡൽഹിയിലും പാട്നയിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പ്രതിരോധവാക്സിനേഷൻ നൽകിയിരുന്നു. ഹൈദരാബാദിൽ പോളിയോ വൈറസ് സാംപിൾ കിട്ടിയയിടത്തു നിന്ന് ഇത് കുട്ടികളിലേക്കെത്താൻ സാധ്യതയേറെയുണ്ടെന്ന ആശങ്കയെത്തുടര്‍ന്നാണിപ്പോൾ വാക്സിനേഷൻ ശക്തമാക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ജൂൺ 20 മുതലുള്ള പോളിയോ നിർമാർജന യജ്ഞം വഴി 2.81 ലക്ഷം കുട്ടികൾക്കായിരിക്കും വാക്സിനേഷൻ നൽകുക. 

Your Rating: