കുഞ്ഞുങ്ങൾക്കു വേണ്ടി ഒരുമിച്ചു കൂടേ..?

∙ മാതാപിതാക്കളുടെ വേർപിരിയൽ കുട്ടികളിൽ അക്രമവാസന വളർത്തുന്നതായി പഠന റിപ്പോർട്ട്

കോട്ടയം∙ നിയമപരമായി വിവാഹബന്ധം നിലനിൽക്കേ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഗൃഹനാഥൻമാരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നതായും ഒരാളുടെ മാത്രം സംരക്ഷണയിൽ കഴിയുന്ന കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയേറെയാണെന്നും റിപ്പോർട്ട്. മാതാപിതാക്കളുടെ വേർപിരിയൽ കുട്ടികളിൽ അക്രമവാസന വളർത്തുന്നതായും 10 വർഷം നീണ്ട പഠനത്തിലൂടെ കണ്ടെത്തി. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം അഡീഷണൽ പ്രഫസറും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമായ ഡോ. ആർ. ജയപ്രകാശ് നടത്തിയ പഠനത്തിലൂടെയാണു കുടുംബങ്ങൾ ഗൗരവകരമായി ചർച്ച ചെയ്യേണ്ട വിവരങ്ങൾ പുറത്തു വന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എതെങ്കിലും തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 300 കുട്ടികളെയാണു പഠനവിഷയമാക്കിയത്. സാധാരണ കുടുംബങ്ങളിലേതു മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ വരെ ഉൾപ്പെട്ട സംഘത്തിൽ കൊലപാതകം, മോഷണം, പീഡനം തുടങ്ങിയ കേസുകളിൽ പിടിക്കപ്പെട്ട കുട്ടികളും ഉണ്ടായിരുന്നു.

ഒരു വർഷം പൂർണ്ണമായും നിരീക്ഷിച്ചതിനോടൊപ്പം കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രത്യേക പരിശീലന പരിപാടികളും കൗൺസലിങ് ക്ലാസുകളും നൽകി. ഇവരിൽ 64.31 ശതമാനം പേർക്കു ഗുണകരമായ മാറ്റങ്ങൾ ഉണ്ടായപ്പോൾ ബാക്കിയുള്ള കുട്ടികളിൽ അക്രമ സ്വഭാവം നിലനിൽക്കുന്നതായും കണ്ടെത്തി. തുടർന്നു നടത്തിയ പഠനത്തിലാണ് കുടുംബപ്രശ്നങ്ങളാണു കുട്ടികളെ വില്ലൻമാരാക്കുന്നതെന്നു കണ്ടെത്തിയത്. 11–12 ശതമാനം വരെ വീടുകളിലെ ഗൃഹനാഥൻമാർ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം കഴിയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഗാർഹിക പീഡനം, മദ്യപാനം, കുടുംബാംഗങ്ങളുടെ മാനസിക പ്രശ്നങ്ങൾ എന്നിവയും കുട്ടികളിൽ കുറ്റവാസന ഉണ്ടാക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ ഓരോ സ്കൂളുകളിലും അഞ്ചു മുതൽ ഏഴു ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണ്. എന്നാൽ കൃത്യമായ സമയത്തു ചികിൽസകളും തെറപ്പികളും നൽകാൻ കഴിഞ്ഞാൽ കുട്ടികളുടെ സ്വഭാവപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുമെന്നും പഠനത്തിലുണ്ട്. പഠനത്തിനു ഡോ. ആർ. ജയപ്രകാശിനു കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.