തിരുവനന്തപുരം മെഡിക്കൽകോളജിൽ അങ്ങനെ 'അവൾ' 'അവൻ' ആയി

Representative Image

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം നടത്തിയ, നീണ്ട മൂന്നുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലസമാപ്തി കൂടിയായിരുന്നു ഈ വിജയം. ശസ്ത്രക്രിയയ്ക്കുശേഷം രോഗി പൂർണ ആരോഗ്യനില കൈവരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിനിയും അവിവാഹിതയുമായ നാൽപത്തിയൊന്നുകാരിയാണു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ (സെക്‌സ് റീ അസൈൻമെന്റ് സർജറി) പുരുഷനായി മാറിയത്.
ചികിത്സയ്ക്കു മുമ്പ് ഇവർ പൂർണമായും സ്ത്രീയായിരുന്നു. പക്ഷേ ചെറുപ്പകാലം മുതലേ പുരുഷന്റെ മാനസികാവസ്ഥയായിരുന്നു. ആൺകുട്ടികളെപ്പോലെ പെരുമാറുകയും കൂട്ടുകൂടുകയും ആൺകുട്ടിയായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്തു. അസാധാരണ പെരുമാറ്റം കണ്ടു മാതാപിതാക്കൾ ചികിത്സ തേടിയെങ്കിലും ആണായി ജീവിക്കാനാണ് ആ പെൺകുട്ടി ഇഷ്ടപ്പെട്ടത്. ആണായി ജീവിക്കാനുള്ള അമിത മോഹത്തിന് അവസാനം വീട്ടുകാർക്കും വഴങ്ങേണ്ടി വന്നു. തുടർന്ന് ആണാകാനുള്ള ചികിത്സകൾക്കായി അവർ പല ആശുപത്രികളും കയറിയിറങ്ങി. പക്ഷേ ചികിത്സാച്ചെലവ് അഞ്ചു മുതൽ 10 ലക്ഷം വരെയാകുമെന്നു മനസ്സിലാക്കി ആ ശ്രമം അവർ ഉപേക്ഷിച്ചു. പിന്നീടാണു മെഡിക്കൽ കോളജിൽ എത്തിയത്.

പുരുഷനെ സ്ത്രീയാക്കുക എന്നതിനെക്കാൾ സ്ത്രീയെ പുരുഷനാക്കുക എന്നതു വളരെയേറെ പ്രയാസമുള്ള കാര്യമാണ്. ആ വെല്ലുവിളിയാണ് ഡോ. കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ ഏറ്റെടുത്തത്. മാനസികാരോഗ്യ വിഭാഗത്തിന്റെയും പ്രത്യേക മെഡിക്കൽ ബോർഡിന്റെയും അംഗീകാരം കിട്ടിയാൽ മാത്രമേ ലിംഗമാറ്റം നടത്താൻ അനുമതി ലഭിക്കാറുള്ളൂ. ഒരു വർഷത്തെ നിരീക്ഷണത്തിനുശേഷമാണു ലിംഗമാറ്റത്തിനായുള്ള മെഡിക്കൽ ബോർഡിന്റെ അംഗീകാരം ലഭിച്ചത്.

എൻഡോക്രൈനോളജി വിഭാഗത്തിൽ പുരുഷ ഹോർമോൺ നൽകുന്ന ചികിത്സ ഒരു വർഷത്തോളം നടത്തി. സ്തനങ്ങൾ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി സർജറിയാണ് ആദ്യം നടത്തിയത്. നാലു മുതൽ അഞ്ചുവരെ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ നീക്കി പുരുഷനെപ്പോലെയാക്കി. തുടർന്നു ഗർഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ഹിസ്ട്രക്ടമി, വജൈനക്ടമി എന്നീ ശസ്ത്രക്രിയകളും നടത്തി.

തുടർന്നാണ് ഏറ്റവും അധികം വെല്ലുവിളികളുള്ള പുരുഷ ലൈംഗികാവയവം സ്ഥാപിക്കുന്നതിനുള്ള ഫലോപ്ലാസ്റ്റി സർജറി നടത്തിയത്. രോഗിയുടെ കാലിൽനിന്നും തുടയിൽനിന്നും എടുത്ത മാംസവും വിവിധ ഞരമ്പുകളും എടുത്താണു ലൈംഗികാവയവം വച്ചുപിടിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തിയ ആറു മുതൽ എട്ടുവരെ മണിക്കൂറുകൾ നീണ്ട രണ്ടു സങ്കീർണ ശസ്ത്രക്രിയകളിലൂടെയാണ് ഇതു പൂർത്തീകരിച്ചത്.

വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ഇപ്പോഴും ചികിത്സയിലാണ്. മൂന്നു മുതൽ ആറു മാസം കഴിഞ്ഞു കൃത്രിമ വൃഷണങ്ങൾകൂടി വച്ചു പിടിപ്പിക്കും. അപ്പോൾ പൂർണമായും ആണിനെപ്പോലെ തന്നെയാകും. ഒരു വർഷം കഴിയുമ്പോൾ ആർട്ടിഫിഷ്യൽ ഇറക്‌ഷൻ ഇംപ്ലാന്റ് നടത്തണം. അതോടുകൂടി മറ്റേതൊരു ആണിനെയും പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയും.

പ്ലാസ്റ്റിക് സർജറി ആൻഡ് റീ കൺസ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ.അജയകുമാറാണ് ഈ വിജയത്തിനു ചുക്കാൻ പിടിച്ചത്. ഡോ. പ്രവീൺ, ഡോ. കലേഷ്, ഡോ. പ്രേംലാൽ, ഡോ. വിനു, ഡോ. ഓം അഗർവാൾ, ഡോ. അനീഷ്, ഡോ. ഫോബിൻ, അനസ്തീസിയ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്, ഡോ. ചിത്ര എന്നിവരാണു മറ്റു സംഘാംഗങ്ങൾ.