ലൈംഗിക ബന്ധം വഴിയും സിക വൈറസ് പടരാം

മയാമി (യുഎസ്) ∙ കൊതുകു കടിയിലൂടെ മാത്രം പടരുമെന്നു കരുതിയിരുന്ന സിക വൈറസ് ലൈംഗികബന്ധത്തിലൂടെയും പകരുമെന്നു യുഎസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യാന്തരതലത്തിൽ പേടിപ്പെടുത്തുന്ന സാഹചര്യം ഉടലെടുത്തു. യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഡാലസ് കൗണ്ടിയിലാണു ശാരീരിക ബന്ധത്തിലൂടെ രോഗം പിടിപെട്ടുവെന്നു കരുതുന്ന കേസ് റിപ്പോർട്ട് ചെയ്തത്.

ലൈംഗിക ബന്ധത്തിലൂടെ സിക പകരാമെന്ന സംശയം നേരത്തേ യൂറോപ്പിൽ ഉയർന്നിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടാകുന്നത് ഇപ്പോഴാണ്. സിക വൈറസ് ബാധയുള്ള രാജ്യം ഈയിടെ സന്ദർശിച്ചയാളുമായി ശാരീരിക ബന്ധം പുലർത്തിയ ടെക്സസിലെ സ്ത്രീയിലാണു രോഗബാധ കണ്ടെത്തിയത്. ടെക്സസിൽ കൊതുകുകൾ പരത്തുന്ന സിക വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലാത്തതിനാൽ ശാരീരിക ബന്ധം തന്നെയാവും രോഗബാധയ്ക്കു കാരണമെന്നാണു കരുതുന്നതെന്നു യുഎസിലെ രോഗ പ്രതിരോധ – നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ. ടോം ഫ്രയ്ഡെൻ പറഞ്ഞു.

ഇതു സംബന്ധിച്ചു കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. ഗുരുതരമായ വൈകല്യങ്ങളോടെയുള്ള കുഞ്ഞുങ്ങളുടെ ജനനത്തിലേക്കു നയിക്കാവുന്ന സിക വൈറസ് ബാധ ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും പടരാനിടയുണ്ടെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ഇന്നലെ ഇന്തൊനീഷ്യയിൽ സുമാത്ര ദ്വീപിൽ ഒരാൾക്കു സിക വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ബ്രസീലിൽ ഗുരുതര വൈകല്യങ്ങളോടെ നാലായിരത്തോളം കുട്ടികൾ പിറന്നതോടെയാണു സിക വൈറസ് ബാധയുടെ ഭീകരത പുറംലോകമറിയുന്നത്.

അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ മറ്റു രാജ്യങ്ങളിലേക്കും ബ്രസീലിൽ നിന്നു രോഗം അതിവേഗം പടരുകയാണ്. ലോകത്താകെ ഇതുവരെ 16 ലക്ഷത്തോളം പേർക്കു സിക വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്നാണു കണക്ക്. തലയോട്ടി ചുരുങ്ങിയ അവസ്ഥയിൽ (മൈക്രോസെഫാലി) ശിശുക്കൾ ജനിക്കുന്നതു സിക വൈറസ് ബാധ കാരണമാണെന്നാണു കണ്ടെത്തൽ. മൈക്രോസെഫാലി മൂലം 38 കുഞ്ഞുങ്ങൾ ഇതുവരെ മരിച്ചു. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 40 ലക്ഷം പേ‍ർക്കു രോഗബാധയുണ്ടാകാനിടയുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.

സിക പടരുന്ന സാഹചര്യത്തിൽ സംഘടന കഴിഞ്ഞദിവസം ‘ആരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. വൈറസ് ഭീഷണി നേരിടാൻ ആഗോള പ്രതികരണ യൂണിറ്റിനും സംഘടന രൂപംനൽകി. വികസ്വര, ദരിദ്ര രാജ്യങ്ങളിൽ ജനിക്കുന്ന കുട്ടികളെ കർശനമായി നിരീക്ഷിക്കുന്നതിനായി സംവിധാനമൊരുക്കും. പൊതുജനാരോഗ്യ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത രാജ്യങ്ങളിൽ മുപ്പതോളം നിരീക്ഷണ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും. രോഗം പരത്തുന്ന കൊതുകുകളെ ഇല്ലായ്മ ചെയ്യാൻ എല്ലാ മാർഗങ്ങളും തേടുമെന്നു ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫ് ഇന്നലെ ബ്രസീൽ പാർലമെന്റിനെ അറിയിച്ചു.

ഓഗസ്റ്റിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിംപിക്സിനു സിക വൈറസ് ഭീഷണിയല്ലെന്നും ഗെയിംസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ബ്രസീൽ സർക്കാർ പറയുന്നുണ്ടെങ്കിലും ഗർഭിണികൾ അവിടേക്കു വരരുതെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൊതുകിനു പുറമേ ശാരീരിക ബന്ധവും വൈറസ് പകരാൻ കാരണമായ സാഹചര്യത്തിൽ ഒളിംപിക്സ് നടത്തിപ്പും വൻ വെല്ലുവിളിയാകും.