ത്രീഡി ഇമേജിങ് ഉപയോഗിച്ചു തലയോട്ടി പുനര്‍നിര്‍മിച്ചു; ശസ്ത്രക്രിയാ സംഘത്തില്‍ മലയാളി ന്യൂറോ സര്‍ജനും

ഡോ. സതീഷ് കൃഷ്ണ

ത്രിഡി ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അപൂര്‍വവും അപകടകരമായ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സംഘത്തില്‍ മുതിര്‍ന്ന മലയാളി ന്യൂറോ സര്‍ജന്‍ ഡോ. സതീഷ് കൃഷ്ണനും. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ അല്‍ ഖസീമി ആശുപത്രിയിലാണ് ത്രിമാന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയുടെ ഒരു ഭാഗം കൃത്യമായി പുനര്‍നിര്‍മിച്ച് വിജയകരമായി മാറ്റിവച്ചത്. പീക്ക് (പോളിഈതര്‍ ഈതര്‍ കെറ്റോണ്‍) എന്ന ഓര്‍ഗാനിക് തെര്‍മോപ്ലാസ്റ്റിക് പോളിമര്‍ ഉപയോഗിച്ചാണ് തലയോട്ടിയുടെ ഭാഗം കൃത്രിമമായി പുനര്‍നിര്‍മിക്കുന്നത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റളായിന്റെ തകര്‍ന്നുപോയ തലയോട്ടിയുടെ ഭാഗമാണ് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചതെന്ന് ഡോ. സതീഷ് കൃഷ്ണന്‍ മനോരമ ഓണ്‍ലൈന്‍ ഗ്ലോബല്‍ മലയാളി വെബ്‌സൈറ്റിനോടു പറഞ്ഞു. രോഗിയുടെ തലയ്ക്കുള്ളില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്ത ശേഷമാണ് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ഡോ. സതീഷ് കൃഷ്ണന്‍ പട്ടം എസ്.യു.ടി ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജനായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഷാര്‍ജ അല്‍ ഖസീമി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായി പ്രവര്‍ത്തിക്കുകയാണ്. ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതുവരെ മൂന്നു ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍ പറഞ്ഞു.

അപകടങ്ങളില്‍ പെടുന്നവരുടെ തലയോട്ടിയുടെ ഭാഗങ്ങള്‍ പല കഷ്ണങ്ങളായി ചിതറിപ്പോകുന്ന സാഹചര്യത്തില്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ സങ്കീര്‍ണമാകാറുണ്ടെന്ന് ഡോ. സതീഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. തലയോട്ടിയുടെ എല്ലാ ഭാഗങ്ങളും ഒരേ കനത്തിലോ വലിപ്പത്തിലോ അല്ലാത്തതിനാല്‍ ഒട്ടേറെ പരിമിതികളാണു നേരിടേണ്ടിവരുന്നത്. മുമ്പ് അപകടത്തില്‍ പെടുന്ന ആളിന്റെ തന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് അസ്ഥികള്‍ എടുത്തു പല കഷ്ണങ്ങളായി തകര്‍ന്ന ഭാഗത്തു മാറ്റിവയ്ക്കുകയാണ് ചെയ്തിരുന്നത്. പരുക്കിന്റെ തീവ്രത അനുസരിച്ച് മൂന്നു മാസം വരെ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ വരും. അതുവരെ എല്ലുകള്‍ ഫ്രീസര്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

എല്ലുകള്‍ പുറത്തെടുക്കുമ്പോള്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നു ഡോ. സതീഷ് പറഞ്ഞു. രോഗിയുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തു ശസ്ത്രക്രിയ നടത്തി എല്ലുകള്‍ ശേഖരിക്കേണ്ടിവരുന്നതും പിന്നീട് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. കൂടാതെ ശസ്ത്രക്രിയയ്ക്കു ശേഷം ആളിന്റെ രൂപത്തില്‍ തന്നെ മാറ്റം വരികയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയിലാണ് ത്രിമാന ഇമേജിങ് സംവിധാനത്തിലൂടെ തകര്‍ന്ന തലയോട്ടിയുടെ ഭാഗം ഒരു മാറ്റവുമില്ലാതെ പീക്ക് ഉപയോഗിച്ച് പുനര്‍നിര്‍മിക്കുന്നത്. സാധാരണ എല്ലുകളേക്കാള്‍ ശക്തവും കനം കുറഞ്ഞതുമാണ് കൃത്രിമമായി നിര്‍മിക്കുന്ന ഭാഗമെന്നതാണ് ഏറെ സവിശേഷത. പിന്നീട് എംആര്‍ഐ സ്‌കാനിങ് നടത്തുന്നതിനും തടസമുണ്ടാകില്ല.

തലയോട്ടി നഷ്ടപ്പെട്ട ഭാഗത്തിന്റെ ചിത്രം സിടി സ്‌കാന്‍ വഴി പകര്‍ത്തുകയാണ് ആദ്യം ചെയ്യുക. പിന്നിട് ത്രിമാന സാങ്കേതികവിദ്യയിലൂടെ അസ്ഥികളുടെ കനവും ഉയര്‍ച്ച താഴ്ചകളും വളവുകളും കൃത്യമായി കണ്ടെത്തും. ആദ്യഘട്ടത്തില്‍ തകര്‍ന്ന ഭാഗത്തിന്റെ മോഡല്‍ കമ്പനികള്‍ നിര്‍മിച്ചു നല്‍കും. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ഇത് ഒത്തുനോക്കി അംഗീകരിച്ചതിനു ശേഷമേ പീക്ക് ഉപയോഗിച്ച് കൃത്രിമഭാഗം നിര്‍മിക്കുകയുള്ളു. മാറ്റിവയ്ക്കാന്‍ പോകുന്ന ഭാഗത്തിന്റെ മാതൃക രോഗികളെ കാട്ടിക്കൊടുത്തു ബോധ്യപ്പെടുത്താനും കഴിയും. കുറഞ്ഞത് ആറാഴ്ചത്തെ പ്രക്രിയയ്ക്കു ശേഷമാണ് രോഗിയുടെ തലയോട്ടിയിലേക്ക് ഇതു തുന്നിച്ചേര്‍ക്കാന്‍ കഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കുന്നത്.

അടുത്ത മാസം ഒരു കുട്ടിക്ക് സമാനമായ ശസ്ത്രക്രിയ നടത്താനിരിക്കുകയാണെന്ന് ഡോ. സതീഷ് പറഞ്ഞു. കുട്ടികളുടെ തലയോട്ടി വളരുന്ന സാഹചര്യത്തില്‍ അവരുടെ തന്നെ ശരീരത്തില്‍നിന്ന് എല്ലുകള്‍ ശേഖരിച്ചു മാറ്റിവയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹൈഡ്രോക്‌സി ലാപ്പറ്റൈറ്റ് ഉപയോഗിച്ച് കൃത്രിമമായി തലയോട്ടിയുടെ ഭാഗം നിര്‍മിച്ചു മാറ്റിവയ്ക്കാനാകും. അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വൈദ്യരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡോ. സതീഷ് കൃഷ്ണന്‍ ചണ്ടിക്കാട്ടി.