ഡോക്ടർ വ്യാജനാണോ? രോഗിക്കു പരിശോധിക്കാം

വ്യാജ ഡോക്ടർമാരെ പിടികൂടാനും ആപ്ലിക്കേഷൻ. തമിഴ്നാട് മെഡിക്കൽ കൗൺസിലാണ് ഇതു തയാറാക്കിയിട്ടുള്ളത്. എല്ലാ ഡോക്ടർമാരും മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ റജിസ്റ്റർ ചെയ്ത അംഗീകൃത ‍ഡോക്ടർമാർക്കു മെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും.

പരിശോധനയ്ക്കെത്തുന്ന രോഗികൾക്കു മുൻപാകെ ഇതു പ്രദർശിപ്പിക്കണമെന്നാണു നിയമം. ഡോക്ടർ വ്യാജനാണോ എന്നു സംശയമുള്ളവർക്ക് മൊബൈൽ ആപ്പിലെ ക്യാമറ ഉപയോഗിച്ചു സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തു പരിശോധിക്കാം. സ്കാൻ ചെയ്താൽ ഡോക്ടറുടെ മുഴുവൻ വിവരങ്ങളും ആപ്ലിക്കേഷൻ വഴി ലഭിക്കും. മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത 1.3 ലക്ഷം ഡോക്ടർമാരുടെ വിശദാംശങ്ങളാണ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുക.

ഇതിനു പുറമേ എസ്എംഎസ് മുഖേനയും പരിശോധന നടത്താം. ഡോക്ടറുടെ പേരും റജിസ്ട്രേഷൻ നമ്പറും 56767 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതി, മുഴുവൻ വിവരങ്ങളും എസ്എംഎസ് വഴിതന്നെ ലഭ്യമാക്കുമെന്ന് തമിഴ്നാട് മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് ഡോ. പി. ബാലകൃഷ്ണൻ പറഞ്ഞു.