സ്മാര്‍ട്ഫോൺ നിങ്ങളെ രോഗിയാക്കും, വലിയ രോഗി

സ്മാര്‍ട്ഫോൺ ഉപയോഗത്തിന്റെ ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ പഠനങ്ങൾ പറയുന്നത് സ്മാർട്ഫോൺ അഡിക്ടായ യുവാക്കൾക്ക് അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവ് ഡിസോഡര്‍ (എഡിഎച്ച്ഡി) പോലെയുള്ള രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ്.

എവിടെപ്പോയാലും ഇ-മെയിൽ, ടെക്സ്റ്റ് മെസേജ്, സോഷ്യൽ മീഡിയ, പുതിയ ആപ്ലിക്കേഷനുകൾ എന്നിവിടങ്ങളിൽനിന്നുള്ള നോട്ടിഫിക്കേഷനുകൾ നമ്മെ പിന്തുടരും. ഇത് ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥയിൽ നമ്മെ എത്തിക്കുമത്രെ. സമൂഹ സദസ്സുകളിലും ജോലിസ്ഥലത്തുമൊക്കെ ആളുകൾ സ്മാർട് ഫോണില്‍ മുഴുകിയിരിക്കാറുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയയിലെ ഗവേഷകനായ കോസ്റ്റഡിൻ കുഷ്ലേവിന്റെ പഠനം പറയുന്നു.

ഫോൺ സൈലന്റിലായിരിക്കുന്നതിനേക്കാൾ അധികം ശ്രദ്ധക്കുറവ് കാണുന്നില്ല. എന്നാൽ ഫോണ്‍ റിംഗ് ചെയ്യുമ്പോഴും വൈബ്രേറ്റ് ചെയ്യുമ്പോഴും കുട്ടികൾ മറ്റു പലകാര്യങ്ങളിലും ശ്രദ്ധ തിരിക്കുന്നതായി വിദ്യാർഥികളിൽ നടത്തിയ രണ്ട് ആഴ്ചത്തെ പരീക്ഷണപഠനത്തിൽ വ്യക്തമായി.

എഡിഎച്ച്ഡി രോഗസാധ്യതകളില്ലാത്തവരിൽപ്പോലും ഏകാഗ്രതക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിവില്ലാത്ത അവസ്ഥ, ഉന്മേഷരഹിതരാകുക എന്നിവ കണ്ടുവരുന്നതായി പഠനം പറയുന്നു. വിദ്യാര്‍ഥികളുൾപ്പടെയുള്ളവർ പഠനവേളകളിലും മറ്റും ഫോൺ സൈലന്റാക്കി വയ്ക്കുകയോ കൈ എത്താത്ത ദൂരത്തായിരിക്കാൻ ശ്രദ്ധിക്കുകയോ വേണമെന്ന് പഠനങ്ങള്‍ പറയുന്നു.