വാടക മാതാവും ജീവശാസ്ത്ര രക്ഷിതാക്കളും

വന്ധ്യതാ ചികിത്സയിലുണ്ടായ വലിയൊരു പുരോഗതിയാണ് വാടകഗർഭപാത്രം. കട്ടികളുണ്ടാകാൻ സാധ്യതയില്ലാത്ത ദമ്പതികൾക്കുവേണ്ടി കുട്ടിക്ക് ജൻമം നൽകുകയെന്ന മഹദ്പ്രക്രിയയാണ് ഗർഭപാത്രം ദാനം ചെയ്വുന്നതിലൂടെ നടക്കുന്നത്. കരളും കിഡ്നിയും രക്തവുമെല്ലാം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻനിലനിർത്തുമ്പോൾ ഗർഭപാത്രം നൽകുന്നതിലൂടെ ഒരുപുതുജീവനുണ്ടാകുന്നു. ഒരു കുടുംബത്തിന്റെ സന്തോഷം നിലനിർത്താനായി ഒരു കുഞ്ഞിനെ പ്രസവിക്കാൻ മറ്റൊരു സ്ത്രീ തയാറാകുന്നത് മഹത്തായ കാര്യമാണ്.

വാടകമാതാവ് യോഗ്യതകൾ:

∙ പ്രായപരിധി: 45 (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിബന്ധന)

∙ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ഉണ്ടാകരുത്.

∙ എച്ച്ഐവി ബാധിതയായിരിക്കരുത്.

∙ ഗർഭിണിയാകാനുള്ള മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

∙ മൂന്നിലേറെ തവണ വാടക ഗർഭം പാടില്ല.

എങ്ങനെ കണ്ടെത്താം വാടക മാതാവിനെ?

∙ വന്ധ്യതാചികിൽസാ കേന്ദ്രത്തിലെ ഡോക്ടർ വഴി മാത്രം ശ്രമിക്കുക.

∙ വാടകയ്ക്കു ഗർഭം ധരിക്കാമെന്നതിന്റെ സമ്മതപത്രം യുവതി 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു നൽകണം.

കുഞ്ഞുണ്ടാകുന്നത് എങ്ങനെ?

∙ കുഞ്ഞുവേണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ കൃത്രിമ ബീജസങ്കലനത്തിനു വിധേയരാകുന്നു.

∙ അമ്മയുടെ അണ്ഡവും അച്ഛന്റെ ബീജവും ഒന്നാകുന്നതു ലാബിൽ.

∙ ബീജസങ്കലനം വിജയകരമായാൽ ഭ്രൂണം എടുത്തു വാടക മാതാവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു.

∙ വാടക മാതാവിന്റെ സ്വാഭാവിക അണ്ഡോൽപാദനം തടയാനും ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാനും മരുന്നുകൾ നൽകും.

∙ ഭ്രൂണത്തെ ഗർഭപാത്രം സ്വീകരിച്ചാലും മരുന്നുകൾ തുടരും.

∙ സ്വന്തം പ്രത്യുൽപാദന സംവിധാനത്തെ തകരാറിലാക്കാത്ത വിധമാവും ചികിൽസ.

(ചില കേസുകളിൽ വാടകമാതാവിന്റെ അണ്ഡം തന്നെയെടുത്തു ദമ്പതികളിലെ പുരുഷന്റെ ബീജവുമായി ലാബിൽ സങ്കലനം നടത്തും. മറ്റു ചില കേസുകളിൽ ദമ്പതികളുടെ അണ്ഡവും ബീജവും ഉപയോഗിക്കാതെ രണ്ടാമതൊരു പുരുഷന്റെ ബീജവും രണ്ടാമതൊരു സ്ത്രീയുടെ അണ്ഡവും യോജിപ്പിക്കുന്നു.)

ഗർഭപാത്രം വാടകയ്ക്ക് തേടാനുള്ള മാനദണ്ഡം

∙ ഗർഭപാത്രം ഇല്ലാത്തവർ

∙ പലവട്ടം ഗർഭം അലസിപ്പോയവർ

∙ കൃത്രിമ ബീജസങ്കലനം ഫലവത്താകാത്തവർ

∙ ഗർഭപാത്രത്തിൽ മുഴകൾ പോലുള്ള പ്രശ്ങ്ങളുള്ളവർ

∙ ഹൃദ്രോഗികൾ

∙ വൃക്കയോ കരളോ മാറ്റിവയ്ക്കേണ്ടിവന്നവർ

∙ രക്തത്തിലെ ആർഎച്ച് ഘടകത്തിൽ പൊരുത്തമില്ലാത്തവർ

കുഞ്ഞ് നിയമപരമായി ആരുടേത്?

∙ ജനന രേഖയിൽ അമ്മയെന്നു രേഖപ്പെടുത്തുന്നതു വാടകയ്ക്കു ഗർഭപാത്രം നൽകിയ ആളുടെ പേരു തന്നെ. പക്ഷേ കുഞ്ഞിൽ അവകാശമില്ല.

∙ അല്ലാത്ത പക്ഷം നേരത്തേ ഒപ്പുവച്ച കരാർ നിലനിൽക്കുന്നില്ലെന്നു യുവതി വാദിക്കണം.

∙ ഇന്ത്യയിൽ വാടക ഗർഭപാത്രം സംബന്ധിച്ചു നിയമമില്ല. ഇന്ത്യൻ കോൺട്രാക്ട് ആക്ട് മാത്രമാണു ബാധകം. പൊതു നയത്തിനെതിരായ കരാറുകൾ നിലനിൽക്കില്ല എന്ന് കോൺട്രാക്ട് ആക്ടിലെ 23 പറയുന്നു.

∙ കുഞ്ഞ് നിങ്ങളുടേതല്ല എന്നു ഗർഭകാലത്തെ കൗൺസലിങ്ങുകളിലൂടെ വാടക മാതാവിനോട് ആവർത്തിക്കുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞുമായി വികാരപരമായ അടുപ്പം ഒഴിവാക്കാനാണിത്.