സ്ട്രോക്ക്: കരുതിയിരിക്കാം

കുറച്ചുകാലം മുൻപു വരെ സ്ട്രോക്ക് എന്നു പറഞ്ഞാൽ അത് പ്രായക്കൂടുതൽ ഉള്ളവരെ ബാധിക്കുന്നതല്ലേ എന്നായിരുന്നു നമ്മുടെ ചിന്ത. എന്നാൽ ഇന്ന് അതല്ല സ്ഥിതി. തെറ്റായ ജീവിതശൈലി മൂലം ചെറുപ്പക്കാർക്കു പോലും സ്ട്രോക്ക് വരുന്നത് അപൂർവമല്ലാതായിരിക്കുന്നു. പുരുഷൻമാരിലാണ് സ്ട്രോക്ക് കൂടുതലും വരുന്നത്. ഇന്ത്യയിൽ ഒരു വർഷം സ്ട്രോക്ക് വരുന്നവരുടെ എണ്ണം 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാണ്.

മസ്തിഷ്കാഘാതം (Stroke)

തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം. രക്തക്കുഴൽ അടഞ്ഞുണ്ടാകുന്ന മസ്തിഷ്കാഘാതമാണ് ഇസ്കിമിക് സ്ട്രോക്. ഇതാണ് 80 ശതമാനം ആളുകൾക്കും ഉണ്ടാകുന്നത്. രക്തക്കുഴൽ പൊട്ടിയുണ്ടാകുന്ന മസ്തിഷ്കാഘാതമാണ് ഹെമറാജിക് സ്ട്രോക്. മസ്തിഷ്കാഘാതം തലച്ചോറിന്റെ ഏതു പ്രവർത്തനത്തെയും ബാധിച്ചേക്കാം.

തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജവും കോശങ്ങൾക്ക് വേണ്ട ഓക്സിജനും പോഷകഘടകങ്ങളും രക്തത്തിലൂടെയാണ് എത്തുന്നത്. ഈ രക്തം വഹിക്കുന്ന ധമനികളിൽ കൊഴുപ്പു അടിഞ്ഞു കൂടുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും. തലച്ചോറിലെ കോശങ്ങൾക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. അങ്ങനെ സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക.

സ്ട്രോക്ക് വന്നാൽ

മുഖം കോടിപ്പോകൽ, ശരീരത്തിന്റെ ഒരു ഭാഗം (കയ്യോ കാലോ) തളർന്നു പോകൽ, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ ഒരു വശം മുഴുവനായുള്ള തരിപ്പ്, കാഴ്ച നഷ്ടമാകൽ, അബോധാവസ്ഥ എന്നിവയാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ. ഹെമറാജിക് സ്ട്രോക്ക് ആണെങ്കിൽ ചിലപ്പോൾ പെട്ടെന്നു തന്നെ മരണം സംഭവിച്ചെന്നും വരാം.

കാരണങ്ങൾ

അമിത രക്തസമ്മർദമാണ് സ്ട്രോക്കിനുള്ള പ്രധാന കാരണം. പ്രമേഹം, കൊളസ്ട്രോൾ, പുകവലി എന്നിവയെല്ലാം സ്ട്രോക്ക് വരാനുള്ള കാരണങ്ങൾ തന്നെ. ഹൃദ്രോഗികൾക്ക് മസ്തിഷ്കാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. പ്രായക്കൂടുതൽ ഉള്ളവർ, തെറ്റായ ജീവിത ശൈലി പിന്തുടരുന്നവർ എന്നിവരെല്ലാം സ്ട്രോക്കിനെ കരുതിയിരിക്കണം. ചെറിയ ശതമാനം ആളുകൾക്ക് പാരമ്പര്യ കാരണങ്ങളുമാകാം. ഹെമറാജിക് സ്ട്രോക്ക് അധികവും വരുന്നത് രക്തസമ്മർദം കൂടുതലുള്ളവർക്കാണ്. മാനസിക സമ്മർദവും കാരണമാകാം.

ചികിൽസ

സ്ട്രോക്ക് വന്നാൽ നാലര മണിക്കൂറിനകം ചികിൽസ തുടങ്ങണം. എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. സിടി സ്കാനോ എംആർഐ സ്കാനോ വഴി ഏതുതരം സ്ട്രോക്ക് ആണെന്ന് ആദ്യം തിരിച്ചറിയണം.

അതിനുശേഷമാണ് ചികിൽസ. രക്തം കട്ടപിടിച്ചത് അലിയിക്കാനുള്ള കുത്തിവയ്പാണ് ആദ്യം നൽകുക. ഈ ചികിൽസാ രീതിയെ ഇൻട്രാ വീനസ് ത്രോംബലൈസിസ് എന്നാണ് പറയുന്നത്. ഇൻട്രാ ആർട്ടീരിയൽ ത്രോംബലൈസിസ് ചികിൽസാ രീതിയുമുണ്ട്.

തലച്ചോറിലെ രക്തക്കുഴലിൽ ബ്ലോക്ക് ഉള്ളിടത്ത് ഒരു ചെറിയ ട്യൂബു വഴി നേരിട്ടു മരുന്നുകൊടുക്കുന്നു. നേരിട്ടു മരുന്ന് എത്തുന്നതിനാൽ സാധാരണ ഉപയോഗിക്കുന്നതിന്റെ നാലിലൊന്നു മരുന്നു മതിയാകും ഇതിന്. മാത്രമല്ല അടഞ്ഞ രക്തക്കുഴൽ തുറക്കുന്നതിനുള്ള സാധ്യത ആദ്യത്തേതിനേക്കാൾ ഇരട്ടിയുമാണ്. മസ്തിഷ്കാഘാതം വന്നു ആറു മണിക്കൂറിനകം ചെയ്താൽ മതിയാകും. ഇതിനു ചികിത്സാചെലവു കൂടും. ഹൃദ്രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതു പോലെയുള്ള ചികിൽസാ രീതിയാണിത്. മാത്രമല്ല, എല്ലാ രോഗികളിലും ഈ ചികിൽസ പ്രായോഗികമാവുകയും ഇല്ല. സ്ട്രോക്ക് വന്നാൽ ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചികിൽസയാണ് നിശ്ചയിക്കുക.

രക്തക്കുഴലുകൾ പൊട്ടിയതു മൂലം സ്ട്രോക്ക് വന്നാൽ പ്രായോഗികത കൂടി കണക്കിലെടുത്താണ് ശസ്ത്രക്രിയ ചെയ്യുക. കഴുത്തിലെ പ്രധാന രക്തക്കുഴലിലെ തടസ്സം 70 ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ കരോട്ടിഡ് സ്റ്റെന്റ് ഉപയോഗിച്ചുള്ള ചികിൽസ നടത്താറുണ്ട്. അല്ലെങ്കിൽ കഴുത്തിൽ ശസ്ത്രക്രിയ നടത്തി രക്തക്കുഴലിലെ ബ്ലോക്ക് നീക്കുന്ന രീതിയും ഉണ്ട്. ആദ്യഘട്ട ചികിൽസയ്ക്കു ശേഷം റീഹാബിലിറ്റേഷൻ ആണ് വേണ്ടത്. ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ആദ്യത്തെ ഒന്നരവർഷം മുടങ്ങാതെ ഫിസിയോ തെറപ്പി ചെയ്താൽ രോഗിക്ക് നല്ല ഗുണം കിട്ടും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. വി.വി. അഷ്റഫ്, സീനിയർ കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ്,

മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്