ടെൻഷനു കടിഞ്ഞാൺ ഇല്ലെങ്കിൽ വിഷാദം മുതൽ മറവിരോഗം വരെ

ഏതുനേരവും എന്തിനെയെങ്കിലും കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരും ആവലാതിപ്പെടുന്നവരുമാണോ നിങ്ങൾ? അനാവശ്യമായി ആകാംക്ഷവച്ചു പുലർത്തുന്നവരാണോ? മാനസികപിരിമുറുക്കം മൂലം അസ്വസ്ഥതപ്പെട്ടാണു നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ, ഭാവിയിൽ നിങ്ങൾക്ക് മറവിരോഗം മുതൽ വിഷാദരോഗം വരെ പിടിപെട്ടേക്കാം. ടൊറന്റോയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം.

പരീക്ഷയ്ക്കു പോകുമ്പോഴോ ജോലിക്കുവേണ്ട അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴോ ആകാംക്ഷയും ആശങ്കയും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അനാവശ്യമായി ആശങ്കപ്പെടുന്ന മനസ്സാണു നിങ്ങളുടേതെങ്കിൽ സൂക്ഷിക്കണം എന്നാണു ഡോക്ടർമാർ പറയുന്നത്. കാരണം പഠനത്തിന്റെ ഭാഗമായി നിരീക്ഷണവിധേയമാക്കിയ അൽഷിമേഴ്സ് രോഗികളും വിഷാദരോഗികളും അനാവശ്യമായ ആകാംക്ഷയും ആശങ്കയും അനുഭവിച്ചവരായിരുന്നുവത്രേ. വിഷാദം നിങ്ങളുടെ തലച്ചോറിനെയും നാഡി വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.

തുടർച്ചയായ വിഷാദം നിങ്ങളുടെ മാനസിക നിലയെ തന്നെ തകർക്കാൻ സാധ്യതയുണ്ട്. മനസ്സിന്റെ പിരിമുറുക്കം വർധിക്കുമ്പോൾ ഉച്ചത്തിൽ വഴക്കുണ്ടാക്കുക, സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കുക, മോശം ഭാഷയിൽ സംസാരിക്കുക, മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുക തുടങ്ങിയ പ്രതികരണങ്ങൾ അതിരുകടക്കുന്നുവെങ്കിൽ മാനസിക രോഗവിദഗ്ദനെ കാണുന്നത് നല്ലതായിരിക്കും. ഭ്രാന്ത് ഉള്ളവർ മാത്രമേ മനോരോഗവിദഗ്ദനെ കാണാവൂ എന്നത് പഴഞ്ചൻ രീതിയാണ്. ഇടയ്ക്കിടെ ഒരു മനോരോഗവിദഗ്ദനുമായി സംസാരിച്ച് നിങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും അവതരിപ്പിച്ചാൽ മനസ്സിന് ആശ്വാസം ലഭിക്കുമെന്നതു മറക്കണ്ട. അടുപ്പമുള്ള സുഹൃത്തുക്കളോടു സംസാരിച്ചാലും ഇതേ പ്രയോജനം ലഭിച്ചേക്കാം.