മെസേജ് അടിച്ചും ബാഗ് തൂക്കിയും രോഗികളാകാം

വിദേശ രാജ്യങ്ങളിൽ ഒട്ടേറെ പഠനങ്ങൾക്കു വിധേയമാക്കപ്പെട്ട അസ്ഥിരോഗങ്ങളാണു ടെക്സ്റ്റ് മെസേജ് ഇഞ്ചുറിയും പോഷൈറ്റിസും. മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായതോടെയാണു ടെക്സ്റ്റ് മെസേജ് ഇഞ്ചുറിയെന്ന അസുഖം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. ഇരു തള്ളവിരലുകൾ കൊണ്ടു വേഗത്തിൽ മെസേജ് ടൈപ്പ് ചെയ്യുമ്പോൾ സന്ധികൾക്കുണ്ടാകുന്ന മർദമാണു പരുക്കിലേക്കു നയിക്കുന്നത്. ദിവസവും ആയിരക്കണക്കിനു വാക്കുകൾ അടിച്ചു കൂട്ടുന്നവരാണ് അസുഖത്തിലേക്കു പോകുന്നത്. ഇടവേളകളില്ലാതെ മൊബൈൽ ഫോൺ ടൈപ്പ് ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നു ചുരുക്കം. ചെറിയ പ്രായത്തിൽത്തന്നെ കൈവിരലുകളിലെ സന്ധികൾ ശോഷിക്കുന്നതാണ് ഇതിന്റെ ഫലം.

വിക്ടോറിയ ബെക്കാം

സ്പൈസ് ഗേൾ വിക്ടോറിയ ബെക്കാം ഷോൾഡറിൽ നിന്നു കൈത്തണ്ടയിലേക്കു ബാഗ് എത്തിച്ച പരിഷ്കാരത്തെത്തുടർന്ന് ഇതേ ഫാഷൻ പിന്തുടർന്നവർക്കുണ്ടായ അസുഖത്തെയാണു പോഷൈറ്റിസ് എന്നു വിളിച്ചത്. കൈത്തണ്ടയിൽ തൂക്കുന്ന ബാഗിന്റെ ഭാരം കൂടുമ്പോൾ കൈമുട്ടിലെ സന്ധിക്കും തോളിലെ സന്ധിക്കും കൂടുതൽ മർദം അനുഭവപ്പെടുന്നു. 500 മുതൽ 800 ഗ്രാം വരെ ഭാരം വഹിക്കാൻ മാത്രം സാധിക്കുന്നിടത്താണു മൂന്നു നാലു കിലോ വരെ കൈത്തണ്ടയിലെ ബാഗിൽ കുത്തിക്കയറ്റി അസുഖ ബാധിതരാകാനുള്ള സാധ്യത സ്വയം ഉണ്ടാക്കുന്നത്. തോളെല്ലിനു വേദനയായിട്ടാകും പലരും ഡോക്ടറെ സമീപിക്കുക. കാരണം പലപ്പോഴും കണ്ടെത്താനും സാധിക്കില്ല. കൈത്തണ്ടയിലെ ഭാരമാണു തോളെല്ലിനു വേദനയുണ്ടാക്കുന്നതെന്നു പലരും ശ്രദ്ധിക്കുകയുമില്ല.