ആയുസ് വർധിപ്പിക്കാനുള്ള മരുന്നുമായി യുഎസ്

എന്നും കണ്ണാടിനോക്കി മുഖത്തെ പുതിയ ചുളിവുകളും നരച്ചുതുടങ്ങുന്ന തലമുടിയും കണ്ട് സങ്കടപ്പെടുന്നവർക്ക് യുഎസിൽ നിന്നൊരു ആശ്വാസ വാർത്ത. വാർധക്യത്തെ ചെറുക്കുന്നതിനും യൗവനം നിലനിർത്തുന്നതിനും സഹായകമായ ഒരു പ്രത്യേകതരം മരുന്ന് അമേരിക്കൻ വൈദ്യശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുക്കുന്നതായി റിപ്പോർട്ട്.

പ്രമേഹരോഗ ചികിൽസയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന മെറ്റ്ഫോർമിൻ എന്ന മരുന്നിന്റെ സഹായത്തോടെയാണ് പുതിയ മരുന്ന് തയാറാക്കുന്നത്. ഇതിന്റെ ആദ്യ പരീക്ഷണം യുഎസിലെ ക്ലിനിക്കിൽ ആരംഭിച്ചുകഴി‍ഞ്ഞു. ഈ മരുന്ന് ഉപയോഗിച്ച് മൃഗങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കാൻ കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ‍ൈടപ്പ്–2 പ്രമേഹം ബാധിച്ച് മെറ്റ്ഫോർമിൻ മരുന്നു കഴിച്ചവർക്ക് മറ്റുള്ളവരേക്കാൾ 15 ശതമാനം അധികം ആയുസ്സ് ലഭിച്ചതായി കാർഡിഫ് സർവകലാശാലയിലെ ഗവേഷകർ കഴിഞ്ഞ വർഷം നിഗമനത്തിലെത്തിയിരുന്നു.

ഇതിനെ തുടർന്നാണ് ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിലെ ഗവേഷകർ പ്രമേഹരോഗികളല്ലാത്തവരിൽ ഈ മരുന്നിന്റെ ഉപയോഗം ആയുർദൈർഘ്യം വർധിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടാൻ തുടങ്ങിയത്. മൃഗങ്ങളിൽ ഈ മരുന്ന് പരീക്ഷിച്ചപ്പോൾ അവ കൂടുതൽ കാലം ജീവിച്ചിരിക്കുന്നതായും തെളിഞ്ഞു. പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ 70–80 വയസ്സു പ്രായമുള്ള മൂവായിരത്തോളം പേർക്ക് ഈ മരുന്ന് നൽകാനാണ് നീക്കം. തുടർച്ചയായ ഉപയോഗം മൂലം ഇവരുടെ ആയുർദൈർഘ്യം വർധിക്കുന്നുണ്ടോ എന്നു കണ്ടെത്താനാണ് പരീക്ഷണം.