മരുന്ന് കുറിപ്പടിയിൽ രോഗ പ്രതിരോധ ബോധവൽകരണവും

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂനിസെഫും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകവും കൈകോർക്കുന്നു. മരുന്നിനൊപ്പം രോഗം ചെറുക്കാനുള്ള നിർദേശങ്ങളും ഇനി മുതൽ അലോപ്പതി ഡോക്ടർമാരുടെ കുറിപ്പടിയിലുണ്ടാകും. മുലയൂട്ടലിന്റെ അനിവാര്യതയെക്കുറിച്ചുള്ള ബോധവൽകരണ സന്ദേശങ്ങളും കുറിപ്പടിയിൽ ഉൾപ്പെടുത്തും.

നല്ല ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമാണ്. വിദ്യാർഥികൾക്കിടയിൽ ആരോഗ്യശീലങ്ങൾ പ്രോൽസാഹിപ്പിക്കാനായി ഓരോ ഐഎംഎ ശാഖയും ഓരോ സ്കൂൾ‌ ദത്തെടുക്കും. യൂനിസെഫുമായുള്ള സഹകരണത്തിന്റെ ഭാഗമായി പഠനങ്ങളും ഗവേഷണങ്ങളും നടത്തും. ആരോഗ്യ ശിൽപശാലകൾ സംഘടിപ്പിക്കും.

ആയിരം കുട്ടികളിൽ 12 എന്ന സംസ്ഥാനത്തെ ശിശുമരണ നിരക്ക് പത്തിൽ താഴെയാക്കുകയാണു ലക്ഷ്യമെന്നു യൂനിസെഫ് കേരള – തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയ, ഐഎംഎ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.വി. ജയകൃഷ്ണൻ എന്നിവർ പറഞ്ഞു.