സൂക്ഷിക്കുക, രക്തദാഹികൾ അലയുന്നു!

രക്തദാഹികൾ എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് മൂക്കിൽ പാലപ്പൂവിന്റെ മണവും വെള്ളവസ്ത്രം ധരിച്ച് പാട്ടൊക്കെ പാടി ചുണ്ണാമ്പ് ചോദിച്ചു വരുന്ന യക്ഷികളെയും രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുളയും ഒക്കെയാണ് ! ഇതെല്ലാം കഥയെന്ന് പറഞ്ഞ് ആശ്വസിക്കാൻ വരട്ടെ, രക്തം കുടിക്കാനിഷ്ടപ്പെടുന്ന നൂറു കണക്കിനാളുകൾ അമേരിക്കയിലുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'വാമ്പയറിസം' എന്നറിയപ്പെടുന്ന ഇത്തരം മനോനിലയുള്ള യുവാക്കളുടെ എണ്ണം കൂടി വരുന്നതും ആശങ്ക പരത്തുന്നു.

രക്തദാഹമകറ്റാൻ കൊലപാതകം

റെനഫീൽഡ് സിൻഡ്രോം എന്ന മാനസികപ്രശ്നമാണ് സാധാരണഗതിയിൽ ഇത്തരം അവസ്ഥയിലെത്തിക്കുന്നതത്രെ. 1992ൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ റിച്ചാർഡ് നോളാണ് ഈ രോഗം കണ്ടെത്തിയത്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ കഥാപാത്രമായ റെനഫീൽഡിന്റെ പേരാണ് ഈ രോഗത്തിന് നൽകിയത്. ചെറിയ പ്രാണികളെയും മറ്റും പിടിച്ച് തിന്ന് ആ ജീവികളുടെ ആത്മീയശക്തി അവയുടെ രക്തത്തിലൂടെ സംഭരിക്കുകയാണ് താനെന്ന് സ്വയം വിശ്വസിച്ചിരുന്ന മാനസികരോഗിയായിരുന്നു ആ നോവലിലെ കഥാപാത്രം റെനഫീൽഡ്.

സിനിമയുടെയും നോവലിന്റേയും സ്വാധീനത്തിനു പുറമേ കുട്ടിക്കാലത്തുണ്ടാകുന്ന പ്രത്യേക അനുഭവങ്ങളും ശരീരത്തിലെ ചില ഘടകങ്ങളും രോഗത്തിലേക്ക് നയിക്കും. പൊതുവേ ശാന്തരായി കാണപ്പെടുന്നവരാണെങ്കിലും സ്വന്തം ശരീരം മുറിച്ച് രക്തം രുചിച്ചു നോക്കുന്നതാണ് രോഗത്തിന്റെ ആദ്യ ഘട്ടം. ഓട്ടോവാമ്പയറിസം അഥവാ ഓട്ടോഹെമോഫാഗിയ എന്നാണ് ഈ ഘട്ടത്തെ പറയുന്നത്. സ്വന്തം രക്തത്തിന്റെ രുചിയിൽ കൊതിയടങ്ങാതെ ജീവികളെ കൊന്ന് രക്തം കുടിക്കുന്ന സൂഫാഗിയ എന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. രോഗം മൂർച്ഛിച്ചു മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ അത്യന്തം അപകടകരമാകുന്നു. മനുഷ്യരക്തം ബ്ലഡ്ബാങ്കുകളിൽ നിന്നും മോഷ്ടിക്കുകയും രക്തത്തിനായി കൊലപാതകം വരെ നടത്തുകയും ചെയ്യുന്നുണ്ട്.

അനുകരണമല്ല റെനഫീൽഡ് സിൻഡ്രോം

യഥാർഥജീവിതത്തിലെ ഈ രക്തക്കൊതിയൻമാർ ഡ്രാക്കുളപോലുള്ള കഥാപാത്രങ്ങളെ അനുകരിക്കുകയണെന്ന് കരുതരുതെന്നാണ് ജോർജ് എഡ്ഗാർ ബ്രൗണിങ്ങ് എന്ന ഗവേഷകന്റെ പക്ഷം. തലവേദന, വയറുവേദന, ക്ഷീണം എന്നീ ശാരീരിക അസ്വാസ്ഥ്യങ്ങളെ മറികടക്കാനുള്ള ഉത്തേജന ഉപാധിയാണത്രെ ഇൗ രക്തക്കുടി ! രഹസ്യമായി നടത്തിയിരുന്ന രക്തക്കുടി ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടായ്മകളായി വളർന്ന് കഴിഞ്ഞുവെന്ന് ഇഡാഹോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് ഡിജെ വില്യംസ് പറയുന്നു.

പാവം പോർഫിറിയ ബാധിതർ

രക്തത്തിലെ ഹീമോഗ്ലോബിനെ ബാധിക്കുന്ന പോർഫിറിയ എന്ന അസുഖം ബാധിച്ചവരെ രക്തക്കൊതിയന്മാരായി സമൂഹം തെറ്റിദ്ധരിക്കാറുണ്ടെന്ന് ബയോകെമിസ്ററായ ഡേവിഡ് ഡോൾഫിൻ റിപ്പോർട്ട് ചെയ്തിരുന്നു. പോർഫിറിയ ബാധിച്ചവരുടെ മൂത്രത്തിനു രക്തനിറവും പകൽവെളിച്ചമേറ്റാൽ ശരീരത്തിനു പൊള്ളലേറ്റപോലെ പാടുകളുണ്ടാകുന്നതും രക്തദാഹികളുടെ ഇമേജ് നൽകുമെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചുണ്ടിനു സമീപത്തെ തൊലി കട്ടികൂടുന്നതിനാൽ കോമ്പല്ലുകൾ പുറത്തേക്ക് കാണപ്പെടുകയും ചെയ്യുന്നതോടെ രക്തദാഹിയായി മുദ്രകുത്തപ്പെടുന്നു. ഹെമറ്റോമാനിയ എന്ന മാനസികതകരാറുകളും ആളുകളെ ഇത്തരത്തിൽ ചോരകുടിയൻമാരാക്കാറുണ്ടത്രെ. ഇത്തരക്കാർ മനുഷ്യമാംസം വരെ അകത്താക്കുന്ന നിലയിലേക്ക് മാനസിക നില തകരാറിലാകുമെന്നും പറയപ്പെടുന്നു.

രക്തം അകത്തായാൽ കളി കാര്യമാകും

വിരലിൽ മുറിവേറ്റാൽ അറിയാതെ നാം വായിൽവെയ്ക്കാറുണ്ട്. ഇത്തരത്തിൽ അകത്തുപോകുന്ന രക്തം അത്ര അപകടകരമല്ല. എന്നാൽ ഉയർന്ന അളവിൽ നേരിട്ട് രക്തം ശരീരത്തിലേക്ക് കടന്നാൽ കളി കാര്യമാകും. രക്തത്തിലെ അയണിന്റെ സാന്നിധ്യം കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. മാരകരോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി എന്നിവയുടെ വ്യാപനത്തിനും ഇത്തരം മാനസികാവസ്ഥ കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു.