മനസിന്റെ സന്തോഷത്തിന് വെജ് തെറാപ്പി

ജീവിതത്തോട് കടുത്ത നിരാശ തോന്നുന്നവരാണോ നിങ്ങൾ? പ്രതീക്ഷ നഷ്ടപ്പെട്ട് മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറി ജീവിക്കുകയാണോ? എങ്കിൽ ഭക്ഷണശീലത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് ഒരു പരിധിവരെ നിങ്ങൾക്ക് സന്തോഷം തിരിച്ചെടുക്കാം.

വിഷാദരോഗത്തിന് അടിമപ്പെടുന്നവരോട് മെൽബണിലെ ആരോഗ്യഗവേഷകർ പറയുന്നത് വെജ് തെറാപ്പി പരീക്ഷിക്കാനാണ്. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ കഴിയുന്നത്ര പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തിയാൽ മാത്രം മതിയത്രേ. 45 വയസ്സിനു മുകളിൽ പ്രായമുള്ള അറുപതിനായിരം പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് നിഗമനം.

ഇവരുടെ ജീവിതശൈലിയും ഭക്ഷണരീതിയും മാനസികാവസ്ഥയും തമ്മിൽ താരതമ്യ പഠനം നടത്തിയ ഡോക്ടർമാർ കണ്ടെത്തിയത്, പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗം പിടിപെടുന്നതു വിരളമാണെന്നാണ്.

ദിവസവും പച്ചക്കറികൾ ധാരാളമായി കഴിക്കുന്നവർക്ക് മറ്റുള്ളവരേക്കാൾ വിഷാദരോഗം ബാധിക്കാൻ12 ശതമാനം സാധ്യത കുറവാണ്. പച്ചക്കറികൾ കറിവച്ചു കഴിക്കുന്നതിനു പകരം പച്ചയ്ക്കോ പാതിവേവിച്ചോ വേണം കഴിക്കാൻ. കഴിയുന്നതും സ്വന്തം തൊടിയിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളാണെങ്കിൽ അത്രയും നല്ലത്. കൃത്രിമവളവും കീടനാശിനികളും തളിച്ച പച്ചക്കറികളും പഴവർഗങ്ങളും വിപരീതഫലം ചെയ്തേക്കാം.

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കുകയാണെങ്കിൽ കൃത്രിമമധുരം ചേർക്കുന്നത് ഒഴിവാക്കണം. തൊലിയോടുകൂടി വേണം ഇവ കഴിക്കാൻ. മാംസാഹാരം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അധികം എണ്ണ ചേർക്കാതെ പാകം ചെയ്ത മൽസ്യം കഴിക്കുന്നതുകൊണ്ട് ദൂഷ്യമില്ല. അപ്പോൾ ഇന്നുതന്നെ വെജ് തെറാപ്പി തുടങ്ങിക്കോളൂ. ജീവിതം എന്നും സന്തോഷകരമാകട്ടെ.