കളിപ്പാട്ടങ്ങളിലെ ആൺ–പെൺ വ്യത്യാസം

കണ്ണെഴുതി പൊട്ടുതൊടീച്ച് സുന്ദരിയാക്കിയിരുന്ന ഒരു പാവക്കുട്ടിയുടെയോ ടയർ പൊട്ടിയിട്ടും കളയാതെ സൂക്ഷിച്ച കാറിന്റെയോ ഓർമ കുട്ടിക്കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നുണ്ടോ?

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെയും സിറ്റി യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ ഒരു പഠനം പറയുന്നത് ഒമ്പതു മാസം പ്രായമുള്ള കുട്ടി പോലും ലിംഗവ്യത്യാസം അനുസരിച്ച് കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നാണ്. ആൺകുട്ടികൾ പന്ത് ഇഷ്ടപ്പെടുമ്പോൾ പെൺകുട്ടികൾ പാചകപ്പാത്രങ്ങളാണ് ഇഷ്ടപ്പെടുന്നത്. മുൻപു കരുതിയിരുന്നതിലും വളരെ ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾ ആൺ–പെൺ വ്യത്യാസം പ്രകടമാക്കുന്നു.

യുകെയിലെ നഴ്സറി സ്കൂളുകളിലെ 101 കുട്ടികളിലാണു പഠനം നടത്തിയത്. രക്ഷിതാക്കളുടെ അസാന്നിധ്യത്തിൽ ഓരോ കുട്ടിയും സ്വതന്ത്രമായി കളിക്കുന്നതു നിരീക്ഷിച്ചു.

മൂന്നു വയസിൽ താഴെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും മൂന്നു ഗ്രൂപ്പുകളായി തിരിച്ചു.

ഒൻപതു മുതൽ 17 മാസം വരെ പ്രായമുള്ളവരായിരുന്നു ആദ്യഗ്രൂപ്പിൽ. ഒറ്റയ്ക്കു കളിക്കുമ്പോൾ ഒരു കളിപ്പാട്ടത്തോട് താൽപര്യം തോന്നുന്ന പ്രായമാണിത്. 18 മുതൽ 23 മാസം വരെ പ്രായമുള്ളവരെ രണ്ടാമത്തെ ഗ്രൂപ്പിൽപ്പെടുത്തി. ലിംഗപരമായ അറിവ് ഉണ്ടാകുന്ന പ്രായമാണിത്. 24 മുതൽ 32 മാസം വരെ പ്രായമുള്ള കുട്ടികളായിരുന്നു മൂന്നാമത്തെ ഗ്രൂപ്പിൽ. ഈ പ്രായത്തിലാണ് അറിവ് കൂടുതൽ ഉറയ്ക്കുന്നത്.

ഒരേ ഗ്രൂപ്പിൽപ്പെട്ട കുട്ടികൾ ഒരേ തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നു കണ്ടു.

പാവ, പിങ്ക് നിറത്തിലുള്ള ടെഡി ബെയർ, പാചകപ്പാത്രങ്ങൾ എന്നിവയാണ് പെൺകുഞ്ഞുങ്ങൾക്കു കളിക്കാനായി കൊടുത്തത്. ആൺകുഞ്ഞുങ്ങൾക്ക് കാർ, നീല ടെഡിബെയർ, ഡിഗ്ഗർ, പന്ത് എന്നിവ നൽകി. ആൺകുഞ്ഞുങ്ങൾ പന്ത് ഇഷ്ടപ്പെട്ടപ്പോൾ പെൺകുഞ്ഞുങ്ങൾ അടുപ്പം കാണിച്ചതു പാചകപ്പാത്രങ്ങളോടായിരുന്നു.

ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങൾ ആൺകുട്ടികളിലും പെൺകുട്ടികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനു തെളിവാണ് കളിപ്പാട്ടത്തിന്റെ തിര‍ഞ്ഞെടുപ്പിലെ വ്യത്യാസം. ഇരുകൂട്ടരിലും മാനസിക വികാസത്തിന്റെ ഘടകങ്ങളും വ്യത്യസ്തമാണ്.

ശിശുസംരക്ഷണം, പ്രായോഗിക വിദ്യാഭ്യാസം, വികസന സിദ്ധാന്തങ്ങൾ ഇവയുമായി കളിക്കുന്നതിലും കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നതിലും പിച്ചവച്ചു നടക്കുന്ന പ്രായത്തിൽത്തന്നെ കുഞ്ഞുങ്ങൾ പ്രകടമാക്കുന്ന ലിംഗവ്യത്യാസത്തെ ബന്ധപ്പെടുത്താവുന്നതാണെന്ന് ഗവേഷകസംഘത്തിലുള്ള ബ്രെന്ദ ടോഡ് പറയുന്നു.

ഇൻഫന്റ് ആൻഡ് ചൈൽഡ് ഡവലപ്മെന്റ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.