മാംസവ്യാപാരത്തിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ എക്സ്റേ

ചായം തേച്ച ചുണ്ടുകളുമായി നിൽക്കുന്ന പെണ്‍കുട്ടികൾ ലോകമെങ്ങുമുള്ള ലൈംഗിക വ്യാപാരത്തിന്റെ വേദനിക്കുന്ന ചിത്രങ്ങളാണ്. നിയമാനുസൃതമല്ലെങ്കിൽ പോലും അധികാരികൾ കണ്ണടച്ചതിനാൽ നടത്തപ്പെടുന്ന ചുവന്ന തെരുവുകൾ ഇന്ത്യയിലും ധാരാളമുണ്ട്. ലൈംഗിക വ്യാപാരം തൊഴിലാക്കിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. മുംബൈലും (കാമാത്തിപുര) കൊല്‍ക്കത്തയിലും(സോന്‍ഗാച്ചി.) ഡല്‍ഹിയിലുമൊക്കെ റെഡ് ലൈറ്റ് ഏരിയ എന്നറിയപ്പെടുന്ന കേന്ദ്രങ്ങളിലേക്ക് രാജ്യമെമ്പാടുനിന്നും പല രീതിയിൽ പെണ്‍കുട്ടികൾ എത്തുന്നുണ്ട്.

കുടുംബത്തിലെ ദാരിദ്യ്രം കാരണവും മറ്റും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും ഇത്തരത്തിൽ വേശ്യാവൃത്തിക്കായി എത്തുന്നുണ്ടെന്നു കണക്കുകൾ പറയുന്നു. വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകളുടെ കുട്ടികളുടെ പുനരധിവാസം പലപ്പോഴും പ്രശ്നമായതിനാൽ ഇവരും കാലക്രമേണ ഈ തൊഴിലിൽ ഏർപ്പെടുകയാണ് ചെയ്യുക. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയെങ്കിലും ഈ തൊഴിലിൽ നിന്നു രക്ഷിക്കാൻ എക്സ്റേയുടെ സഹായം തേടുകയാണ് സംഘടനകൾ.

പെൺകുട്ടികളുടെ പ്രായം വെളിപ്പെടുത്താൻ പലപ്പോഴും അവർ തയാറാകുന്നില്ല. ഇതിനാൽത്തന്നെ പലപ്പോഴും കേസെടുക്കാനും മറ്റും ബുദ്ധിമുട്ട് നേരിടുന്നു. ബംഗാളിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയാണ് ഇതിനൊരു പരിഹാരമാർഗമായി എക്സ്റേ നിർദ്ദേശിക്കുന്നത്.

ഇടതുകൈയുടെയും വിരലിന്റെയും എക്സ്റേ ആണ് എടുക്കുക. എല്ലിന്റെ വളർച്ച അതേ പ്രായത്തിലുള്ള കുട്ടികളുടേതുമായി താരതമ്യ പഠനം നടത്തുകയാണ് ചെയ്യുക. നിലവിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും മറ്റും ഇത്തരത്തിൽ എക്സ്റേയിലൂടെ പ്രായം തെളിയിക്കുന്ന രീതി പിന്തുടരുന്നുണ്ട്. മയക്കുമരുന്നു വ്യാപാരത്തിലേര്‍പ്പെട്ടവരുടെ കൃത്യമായ പ്രായം മനസിലാക്കാനാണ് ഈ വിദ്യ. കാരണം പിടിക്കപ്പെടുമ്പോൾ പ്രായപൂർത്തിയായില്ലെന്നു തെളിവുണ്ടാക്കി തടി തപ്പുന്നവരുണ്ടത്രേ.

ഏതായാലും ഇത്തരത്തിലുള്ള എക്സ്റേ പരിശോധാന സൊനഗാച്ചിയിലാണ് ആദ്യം നടപ്പിലാക്കുന്നത്. പിന്നീട് രാജ്യമെമ്പാടും വ്യാപിപ്പിച്ചേക്കും. പെൺകുട്ടികളെ ചുവന്നതെരുവിലെത്തിക്കുന്നത് തടയാൻ ഏറ്റവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ തിരിച്ചറിയൽ മാർഗമാണിതെന്ന് പ്രവർത്തകർ‌ പറയുന്നു.