പ്രമേഹം ഭക്ഷണത്തിലൂടെയും

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം അറുപതു ശതമാനത്തോളം നമ്മുടെ ജീവിതരീതിയെ അനുസരിച്ചാണിരിക്കുന്നത്. പാരമ്പര്യമായി ഉണ്ടാകാവുന്ന രോഗങ്ങൾപോലും ജീവിതശൈലി കൊണ്ട് ഒരു പരിധിവരെ നിയന്ത്രിക്കുവാനോ,നീട്ടിക്കൊണ്ടു പോകുവാനോ സാധിക്കും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും മാനസിക സംഘർഷങ്ങൾ ഒഴിവാക്കിയുള്ള ജീവിതരീതിയും പ്രമേഹത്തിന്റെ പ്രീഡയബറ്റിക് ഘട്ടത്തിലുള്ളവരിൽ പ്രമേഹം ഒഴിവായതായും നിരീക്ഷണങ്ങൾ തെളിയിക്കുന്നു. ശാരീരിക തൂക്കം നിയന്ത്രിച്ചാൽത്തന്നെ ഒരു പരിധിവരെ പ്രമേഹത്തെ പിടിച്ചു നിർത്താം.

പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ നമ്മുടെ ഭക്ഷണത്തില്‍ക്കൂടി എത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി ശരീരത്തില്‍ സൂക്ഷിക്കുന്നു. ഇതു നടക്കാതെ വരുമ്പോൾ പഞ്ചസാര രക്തത്തിൽ തന്നെ അവശേഷിക്കുകയും പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു.

പ്രമേഹം ശരിയായ സമയത്തു തന്നെ ചികിത്സിക്കേണ്ടത് പ്രാധാന്യമർഹിക്കുന്നു. ഇല്ലെങ്കിൽ ഉയർന്ന പഞ്ചസാരനില രക്തക്കുഴലുകൾ, ഞരമ്പുകൾ, പ്രധാനപ്പെട്ട അവയവങ്ങളായ ഹൃദയം, കരൾ, വൃക്കകൾ, കണ്ണ് എന്നിവയെ ഒക്കെ തകരാറിലാക്കും. കാലിൽ വ്രണങ്ങളുണ്ടാകുക, സംവേദകങ്ങളറിയാൻ സാധിക്കാതെ കാൽ മുറിക്കേണ്ടിവരുക എന്നതും പ്രമേഹത്തിന്റെ പാർശ്വഫലങ്ങളാണ്. 

ജനിതകമായി പ്രമേഹം ഉണ്ടാകുന്നതു തടയാനാവില്ലെങ്കിലും ശ്രദ്ധിച്ചുള്ള ജീവിതശൈലിമൂലം എൺപതു ശതമാനം വരെ ടൈപ്പ്  ‘2’ പ്രമേഹത്തെ കുറച്ചു കൊണ്ടുവരുവാൻ സാധിക്കും. തൂക്കക്കൂടുതൽ, കൂടുതൽ കൊഴുപ്പുളള ഭക്ഷണം മധുരമുള്ള ഭക്ഷണം, കുറച്ചു നാരുള്ള ഭക്ഷണം, ഉപ്പു കൂടുതലുള്ള ഭക്ഷണം, ശരീരം അനക്കാത്ത  ജീവിതശൈലി ഇവരൊക്കെ പ്രമേഹത്തിന്റെ കൂട്ടുകാരാണ്.

നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പഞ്ചസാര, മൈദ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ കഴിച്ചാലുടൻ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നു. ഇതിനെ ഗ്ലൈസീമിക് ഇൻഡെക്സ് എന്നാണറിയപ്പെടുന്നത്.

ഗ്ലൈസീമിക് ഇൻഡെക്സ് കൂടുതലുള്ള ഭക്ഷണം വേഗം ദഹിക്കുകയും, തേൻ, കോൺഫ്ളെക്സ്, മുസ്ലി, ഉരുളക്കിഴങ്ങ്, പച്ചരി, റവ, മൈദ വിഭവങ്ങൾ, ചേന, ചേമ്പ്, മരച്ചീനി, മധുര ക്കിഴങ്ങ് എന്നിവ കഴിച്ചാലുടൻ ജി ഐ കൂടും. ഈന്തപ്പഴം, തണ്ണിമത്തൻ, മാങ്ങാ, മുന്തിരി, ചക്കപ്പഴം, ഏത്തപ്പഴം, പഴം ഇവയും രക്തത്തിലെ പഞ്ചസാര കൂട്ടും. 

ജി ഐ കുറവുള്ള ഭക്ഷണം: മള്‍ട്ടിഗ്രെയിൽ, മുഴുഗോതമ്പ്, സൂചി ഗോതമ്പ്, ആട്ടാറൊട്ടി, ബസുമതി അരി, ചമ്പാവരി, കൂവരക്, ബാർലി, ഇലക്കറികൾ, പച്ചക്കറികൾ, ഓറഞ്ച്, സ്ട്രോെബറി, ജാമൂൻ, ആപ്പിള്‍, കിവി, എല്ലാ നിറത്തിലുമുള്ള ചെറികൾ, പാടമാറ്റിയ പാൽപ്പൊടി, ഉണങ്ങിയ സോയാബീൻ, കപ്പലണ്ടി എന്നിവയിൽ ജി ഐ കുറവാണ്. 

വിവരങ്ങൾക്കു കടപ്പാട്

ഡോ. എം. റഹീനാ ഖാദറിന്റെ ആരോഗ്യപാചകം ബുക്ക്