കുഞ്ഞിനെ ഓർത്ത് ഇനി കരയല്ലേ...

കുഞ്ഞുവാവയെ വീട്ടിലാക്കി ജോലിക്ക് തിരികെ എത്തുമ്പോൾ അമ്മമാർക്ക് വിഷമവും ടെൻഷനുമാണ്. കുഞ്ഞ് എന്തെങ്കിലും കഴിച്ചു കാണുമോ?, അമ്മയെ കാണാതെ കരയുന്നുണ്ടോ? വാവ ഉറങ്ങിക്കാണുമോ? എന്നിങ്ങനെ നീളുന്നു കാരണങ്ങൾ. ഏതു സമയവും ഫോൺ വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കലായിരിക്കും ആദ്യത്തെ കുറച്ചു നാളുകളിൽ. പിന്നീട് ആ ചുറ്റുപാടുമായി കുഞ്ഞ് പൊരുത്തപ്പെടുന്നതോടെ ടെൻഷനും പതിയെ അകലാൻ തുടങ്ങും. ഇന്നലെ വരെ എന്റെ പാൽ കുടിച്ചു. ഇന്ന് കുപ്പിയിൽ കൊടുത്താൽ കുടിക്കുമോ? പാൽ കുടിച്ചില്ലേൽ കുഞ്ഞിന് എന്തു കൊടുക്കും? ഇങ്ങനെ സംശയിക്കുന്നവർക്കായി ഇതാ ചില സിംപിൾ ടിപ്സ്.

1. ഞാലിപൂവൻ പഴം‌

എളുപ്പം ദഹിക്കുകയും പോഷകസമൃദ്ധവുമാണ് ഞാലിപൂവൻ പഴം‌. കഴിയുമെങ്കിൽ നടുവിലെ കുരുഭാഗം ഒഴിവാക്കി ഞെരടി നൽകിയാൽ നന്ന്. കുഞ്ഞിന് ഇറക്കാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. മൂക്കൊലിപ്പ് പോലുള്ള അസ്വസ്ഥതകൾ ഉള്ളപ്പോൾ പഴം കൊടുക്കാതിരിക്കുന്നത് നന്ന്.

2. പഴച്ചാറുകൾ

കഴിവതും സീസണലായിട്ടുളള പഴച്ചാറുകൾ നൽകുക. ഒാറഞ്ച് നീര് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. മുന്തിരി പോലുള്ള ഫലവർഗങ്ങൾ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി മാത്രമേ ഉപയോഗിക്കാവൂ. ആപ്പിളിന്റെ തെലി കളഞ്ഞ് മാർദവമായ ഭാഗം സ്പൂൺവച്ച് ഇളക്കി കൊടുക്കാവുന്നതാണ്.

3. കുറുക്കുകൾ

നേന്ത്രക്കായ ഉണങ്ങിപ്പൊടിച്ചതിൽ പനംകൽക്കണ്ടമോ കൽക്കണ്ടമോ ചേർത്ത് കുറുക്കും തയ്യാറാക്കാം. പഞ്ചസാര കഴിവതും ഒഴിവാക്കുക. മലബന്ധമുളള കുട്ടികൾക്കാണെങ്കിൽ ഇതിൽ അൽപം നെയ്യ് ചേർത്തു നൽകാവുന്നതാണ്. പുറത്തു നിന്നുള്ള പാക്കറ്റ് വാങ്ങുന്നതിനെക്കാൾ നല്ലത് നേന്ത്രക്കായ വീട്ടിൽ തന്നെ ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ്.

പഞ്ഞപ്പുൽ (കൂരവ്) കുതിർത്ത് അരച്ച് അതിന്റെ തെളി ഊറ്റുക. രണ്ടുമൂന്നു തവണ വെളളമൊഴിച്ചു തെളിയൂറ്റുമ്പോൾ അടിയുന്ന മാവ് വീണ്ടും അൽപം വെളളവും ചക്കരയോ പനംകൽക്കണ്ടമോ ചേർത്ത് കുറുക്കുക.

4. കിഴങ്ങുകൾ

ഉരുളക്കിഴങ്ങ്, ക്യാരറ്റ് പോലുളള കിഴങ്ങുകൾ ഉപ്പിട്ടു പുഴുങ്ങി ഉടച്ചു നൽകാവുന്നതാണ്.