Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാൻ ഇരിക്കുമ്പോൾ ഉറക്കം തൂങ്ങൽ; കാരണവും പരിഹാരവും

862239690

എന്റെ മകന് 14 വയസ്സുണ്ട്. അവന് പഠിത്തത്തിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. ഇപ്പോൾ 9–ാം ക്ലാസില്‍ പഠിക്കുന്നു. വായിക്കാനിരിക്കുമ്പോൾ ഉറക്കം തൂങ്ങുന്നതാണ് അവന്റെ പ്രശ്നം. ഇത് കണ്ണിന്റെ കുഴപ്പം കൊണ്ടാണോ ഡോക്ടർ. പഠിക്കണം മാർക്ക് വാങ്ങണം എന്നൊക്കെ അവന് ആഗ്രഹം ഉണ്ട്. പക്ഷേ, എപ്പോൾ പഠിക്കാനിരുന്നാലും ഉറക്കം വരും. കാഴ്ചക്കുറവിന് കണ്ണട ഉപയോഗിക്കുന്നുണ്ട്. 5–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് കണ്ണട ഉപയോഗിക്കാൻ തുടങ്ങിയത്. ദൂരക്കാഴ്ച കുറവാണ്. പവർഗ്ലാസാണ് ഉപയോഗിക്കുന്നത്. കളികളിലൊക്കെ നല്ല താൽപര്യമുണ്ട്. ചെറുപ്പം മുതലേ നട്ടെല്ലിന് ചെറിയൊരു വളവുണ്ട്. കുഞ്ഞിലേ സാധാരണ കുട്ടികളെപ്പോലെ കളിചിരികളെല്ലാം കുറവായിരുന്നു. ജനിച്ചപ്പോൾ നോർമൽ വെയ്റ്റ് ആയിരുന്നു. ഒരു കൗൺസലിങ്ങു കൊണ്ട് ഇത് ശരിയാക്കിയെടുക്കാൻ പറ്റുമോ ഡോക്ടർ. വേറെ എന്തെങ്കിലും ട്രീറ്റ്മെന്റ് ആവശ്യമുണ്ടോ? ഉചിതമായ മറുപടി നൽകി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

പ്രിയ സുഹൃത്തേ,

താങ്കളുടെ മകന്റെ പഠിത്തത്തിലുള്ള ശ്രദ്ധക്കുറവും പഠിക്കാൻ തുടങ്ങുമ്പോൾ ഉറക്കം തൂങ്ങുന്നതും ആണല്ലോ. ഇതിനു പല കാരണങ്ങൾ ഉണ്ടാകാം. പലതരത്തിലുള്ള ശാരീരിക, മാനസിക പ്രശ്നങ്ങളും ഇങ്ങനെയുള്ള ഒരവസ്ഥ ഉണ്ടാകാൻ കാരണമാകാം. എന്നാൽ ഈ അവസ്ഥ കണ്ണിന്റെ റിഫ്രാക്ടറി വ്യതിയാനം കൊണ്ടാകാൻ വഴിയില്ല. മാത്രമല്ല, കണ്ണിലെ പ്രശ്നം കണ്ണടമൂലം പരിഹരിച്ചിട്ടുള്ളതാണല്ലോ. കണ്ണിലെ റിഫ്രാക്ടറി വ്യതിയാനങ്ങൾ വായിക്കുമ്പോൾ തലവേദന ആയിട്ടാണ് സാധാരണ അനുഭവപ്പെടാറുള്ളത്.

ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം പല ശാരീരിക പ്രശ്നങ്ങളോ അസുഖങ്ങളോ ആകാം. അതുപോലെ തന്നെ പല മാനസിക പ്രശ്നങ്ങളും ഇങ്ങനെ ഒരവസ്ഥയ്ക്കു കാരണമാകാം. ആയതിനാൽ കുട്ടിയെ ഒരു പരിചയസമ്പന്നനായ ഫിസിഷ്യനെ കാണിച്ചു പരിശോധനകൾ നടത്തുകയും ആവശ്യമായാൽ ചികിൽസകൾ സ്വീകരിക്കുകയും വേണം. ഒരു ന്യൂറോളജിസ്റ്റിന്റെയോ, എൻഡോക്രൈനോളജിസ്റ്റിന്റെയോ സഹായവും ചികിൽസയുടെ വട്ടങ്ങളിൽ ആവശ്യ മായി വരാം. ഇങ്ങനെ ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രമാണ് ഒരു ചൈൽഡ് സൈക്ക്യാട്രിസ്റ്റിന്റെയും ൈചൽഡ് സൈക്കോളജിസ്റ്റിന്റെയും പരിശോധനകളും ചികിൽസകളും ആവശ്യമായി വരികയുള്ളൂ എന്ന് ഓർമിപ്പിക്കുന്നു. എന്തായാലും ആദ്യം കുഞ്ഞിനെ ഒരു ഫിസിഷ്യനെ ആണ് കാണി ക്കേണ്ടത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം മാത്രമേ മറ്റു കാര്യങ്ങളേപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ.