കുട്ടികൾക്കായി പള്ളിക്കൂടം തിരഞ്ഞെടുക്കുമ്പോൾ

648400794
SHARE

എന്റെ ഏകമകൾ ഇപ്പോൾ ഗൾഫിൽ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. വലിയ പേരുള്ള സ്കൂളാണെങ്കിലും അവൾക്കിഷ്ടമില്ല. ഭാര്യയെയും മകളെയും അടുത്തവർഷം നാട്ടിലയയ്ക്കണമെന്നും അവളെ അവിടെ നല്ല സ്കൂളിൽ ചേർക്കണമെന്നുമാണ് ആഗ്രഹം. ഇഷ്ടമില്ലാത്ത സ്കൂളാണെങ്കിൽ അവൾ പോകാൻ മടിക്കും. അവൾക്കു പൊരുത്തപ്പെടാൻ പറ്റിയ പള്ളിക്കൂടമാണോയെന്നറിയാൻ എന്താണു വഴി?

കുട്ടികളുടെ മനസ്സറിഞ്ഞും താൽപര്യങ്ങൾ ഉൾക്കൊണ്ടും പള്ളിക്കൂടം തിരഞ്ഞെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. സാമ്പത്തിക നിലയ്ക്കു യോജിച്ചതുമാകണം. എന്തുകൊണ്ടാണ് ഇവൾക്ക് ഇപ്പോഴത്തെ വിദ്യാലയം ഇഷ്ടമാകാത്തതെന്ന അന്വേഷണത്തിലൂടെ ഇതിനുള്ള ചില ഉത്തരങ്ങൾ കണ്ടെത്താം. വീട്ടിലെ ലാളനകളും പ്രത്യേക പരിഗണനയും ലഭിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണോയെന്നാണ് ആദ്യമറിയേണ്ടത്. ഇതാണ് കാരണമെങ്കിൽ എവിടെ ചെന്നാലും ബുദ്ധിമുട്ടുണ്ടാകും. വീട്ടിലേതിൽ നിന്നു വിഭിന്നമായ സ്കൂൾ സാഹചര്യവുമായി ഇണങ്ങിപ്പോകാനുള്ള കഴിവു വളർത്തിയെടുക്കാനാണ് അപ്പോൾ ശ്രദ്ധിക്കേണ്ടത്. 

എത്ര ഗവേഷണം ചെയ്താലും ചില ന്യൂനതകളൊക്കെ ഏതു സ്കൂളിലും ഉണ്ടാകാം. അതുമായി പൊരുത്തപ്പെടുകയും ഏറ്റവും മികച്ച കാര്യങ്ങൾ തരമാക്കുകയും ചെയ്യണമെന്ന ചിന്ത ഇവൾക്ക് ഉണ്ടാക്കിക്കൊടുക്കണം. 

സ്പോർട്സിലും കലയിലുമൊക്കെ നല്ല അഭിരുചിയുള്ള കുട്ടിയെ അതിനു യാതൊരു പ്രാധാന്യവും നൽകാതെ പരീക്ഷകളിലെ മാർക്കെന്നു മാത്രം മുറവിളി കൂട്ടുന്ന പള്ളിക്കൂടത്തിൽ വിട്ടാൽ കഷ്ടമാവില്ലേ? 

പഠനത്തോട് ആഭിമുഖ്യം തോന്നുന്ന വിധത്തിൽ ആകർഷകമായി ക്ലാസെടുക്കുകയും സ്വഭാവ രൂപീകരണത്തിലൂടെ നല്ല ദിശയിലേക്കു നയിക്കാൻ പ്രേരണയേകുകയും ചെയ്യുന്ന അധ്യാപകർ, പാഠ്യേതര കാര്യങ്ങളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം, വലിയ പ്രശ്നങ്ങളില്ലാത്ത സഹപാഠിക്കൂട്ടം ഇവയൊക്കെയാണ് നല്ല പള്ളിക്കൂടങ്ങളുടെ ലക്ഷണങ്ങൾ.  മകളെ ചേർക്കാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികളുണ്ട്. അവരുടെ മാതാപിതാക്കളുണ്ട്. അവരുമായി ആശയ വിനിമയം ചെയ്യാം. സ്കൂൾ പോയി കാണാം, ശുചിത്വം നോക്കാം. റിസൽറ്റും പരിഗണിക്കാം. തന്റെ കുട്ടിക്ക് യോജിച്ചതാണോയെന്ന് വിശകലനം ചെയ്യാം. 

നല്ല പള്ളിക്കൂടത്തിന്റെ ചേരുവകൾ തരക്കേടില്ലാതെ ഒത്തുവരുന്ന ഒരു പള്ളിക്കൂടം അടുത്തുണ്ടെങ്കിൽ അതാണു നല്ലത്. യാത്രയ്ക്കു അധിക സമയം കളയരുത്.  പഠനത്തോടൊപ്പം ഇഷ്ടകാര്യങ്ങൾകൂടി ചെയ്യാൻ കുറച്ച് സമയം കുട്ടിക്ക് കൂടുതൽ കിട്ടട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA