ചേര്‍ത്തു നിർത്തണം കുട്ടികളെ

parent-child
SHARE

ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഒരു പൊലീസുണ്ട്; കള്ളനും! കുഞ്ഞു വളരുമ്പോൾ ആരാകും ഒപ്പം വളരുക? കള്ളനോ അതോ പൊലീസോ? ഉത്തരം ലളിതവും അതേസമയം സങ്കീർണവുമാണ്. അവളുടെ, അവന്റെ കുഞ്ഞു മനസിനെ സ്വാധീനിക്കുന്ന അനുഭവങ്ങൾ തന്നെയാണു ഭാവിയിൽ നേരിന്റെ പാതകളിലൂടെ വളരണോ തെറ്റിന്റെ ഇരുട്ടു വഴികളൂടെ നടക്കണോയെന്നു തീരുമാനിക്കുക. നല്ല അനുഭവങ്ങളും അറിവും പകർന്നു വാത്സല്യത്തിന്റെ കൈ പിടിച്ചു നയിച്ചാൽ അവരിലെ നന്മ ഉണരും. മറിച്ചായാൽ...

അവരെ നേർവഴിയിലേക്ക്, സുരക്ഷിത വഴികളിലേക്കു നയിക്കേണ്ട ഉത്തരവാദിത്തം ആർക്കാണ് ? രക്ഷിതാക്കൾക്കും അധ്യാപകർക്കും പിന്നെ, പൊതുസമൂഹത്തിനും. സമൂഹത്തെ നയിക്കാൻ ചുമതലപ്പെട്ട സർക്കാരാണു പലപ്പോഴും അതിനു മുൻകയ്യെടുക്കേണ്ടത്. ആ വഴിയിൽ ഒരു നിശബ്ദ കാൽവയ്പാണ് ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) എന്ന പദ്ധതി. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, തദ്ദേശ ഭരണ വകുപ്പുകൾ, വിവിധ സർക്കാരിതര സന്നദ്ധ പ്രസ്ഥാനങ്ങൾ, അധ്യാപക – രക്ഷാകർതൃ സമൂഹം എന്നിവയെ കോർത്തിണക്കി സംസ്ഥാന സാമൂഹിക നീതി വകുപ്പു നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ (ഐസിപിഎസ്) ഭാഗമാണ് ഒആർസി. 

 ‘ഐ നോ മൈ ചൈൽഡ്’ 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കിയ പദ്ധതിയിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉൾപ്പെട്ടിട്ടുള്ളത് എറണാകുളം ജില്ലയിലാണ്; 25 സ്കൂളുകൾ. കുട്ടികളെ ചൂഷണങ്ങളിൽ നിന്നു സംരക്ഷിക്കുക, അവരിൽ ജീവിത നൈപുണ്യവും ആത്മവിശ്വാസവും വളർത്തുക, സമ്മർദം നേരിടുന്ന കുഞ്ഞുങ്ങൾക്കു മാനസിക പിന്തുണ നൽകുക, രക്ഷിതാക്കളെയും അധ്യാപകരെയും ബോധവൽക്കരിക്കുക, വാർഷിക ക്യാംപ് (സ്മാർട് 40) സംഘടിപ്പിക്കുക, എല്ലാ ആഴ്ചയും സ്കൂളുകളിൽ കുട്ടികളെ സന്ദർശിക്കുക, കൗൺസലിങ് നൽകുക തുടങ്ങിയവയാണ് ഒആർസി ചെയ്യുന്നത്. 

സൈക്കോളജിസ്റ്റും ട്രെയിനർമാരും 125 മെന്റർമാരും ഉൾപ്പെട്ടതാണ് ഒആർഎസിയുടെ ടീം. ഒരു സ്കൂളിന് 5 മെന്റർമാരുണ്ട്. എല്ലാ ആഴ്ചയും അവർ സ്കൂൾ സന്ദർശിക്കും കുട്ടികളുമായി ആശയവിനിമയം നടത്തും. കുട്ടികളെ വിലയിരുത്താനായി സ്കൂളുകളിൽ ‘ഐ നോ മൈ ചൈൽഡ്’ കാർഡ് ഉണ്ട്. അധ്യാപകരുടെ വിലയിരുത്തലുകൾ ആ കാർഡിൽ രേഖപ്പെടുത്തും. 

വാത്സല്യം ഒളിപ്പിച്ചു വയ്ക്കേണ്ട 

ആ പെൺകുട്ടിക്കു ഡൽഹിയിൽ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അൽപം ലഹരി മരുന്ന് ഉപയോഗമൊക്കെയുള്ള ഒരു പയ്യൻ. പൊതുപരീക്ഷയുടെ അവസാന നാൾ അവനൊപ്പം നാടു വിടാനായിരുന്നു അവളുടെ പദ്ധതി. അൽപം ഗൗരവക്കാരനായ അച്ഛന്റെ മകൾ. സ്നേഹം തുറന്നുപ്രകടിപ്പിക്കുന്ന സ്വഭാവക്കാരനല്ല അച്ഛൻ. പക്ഷേ, ഉള്ളിൽ നിറയെ സ്നേഹം! ക്യാംപിലെ വിവിധ സെഷനുകൾക്കൊടുവിൽ കുറ്റബോധം കൊണ്ടു നീറിയ അവൾ എല്ലാം തുറന്നു പറഞ്ഞു; ഒളിച്ചോട്ട പദ്ധതി ഉൾപ്പെടെ. 

ഞങ്ങളു‍‍ടെ സൈക്കോളജിസ്റ്റ് അവളെ സമാധാനിപ്പിച്ചു. പേരന്റിങ് സെഷനിൽ അച്ഛനോടു പറഞ്ഞു: മോളെ ഒന്നു ചേർത്തു പിടിച്ചോളൂ. അദ്ദേഹം കുട്ടിയെ ചേർത്തു പിടിച്ചു. ഒരു പക്ഷേ, പത്തോ പന്ത്രണ്ടോ വർഷത്തിനു ശേഷമാകണം അച്ഛൻ മകളെ അങ്ങനെ ചേർത്തുപിടിക്കുന്നത്. ആ വാത്സല്യത്തിൽ അവളുരുകി; അച്ഛനെ വേദനിപ്പിച്ച് എങ്ങോട്ടും പോകില്ലെന്ന പ്രതിജ്ഞയോടെ. ഒആർസിയുടെ ഭാഗമായ വാർഷിക ‘സ്മാർട് 40’ ക്യാംപുകളിലൊന്നിൽ സംഭവിച്ചതാണിത്. 

സ്വയം തിരിച്ചറിയലിന്റെ ‘സ്മാർട് 40’ 

ക്യാംപുകളിലെ പേരന്റിങ് സെഷനുകൾ കണ്ണു നിറയ്ക്കുന്ന അനുഭവമാണ്; കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല, ട്രെയിനർമാർക്കും. ‘‘ വളർന്നതിനു ശേഷം മുഖത്തു നോക്കി അമ്മേയെന്നു വിളിക്കാത്ത മകൻ നിറകണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിക്കുന്നതു ഞങ്ങൾ കണ്ടു’’ – ഒരു ട്രെയിനറുടെ വാക്കുകൾ. 

40 കുട്ടികളെ പങ്കെടുപ്പിച്ചാണു ‘സ്മാർട് 40’ ത്രിദിന ക്യാംപ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കു സഹായിക്കുന്ന, അവർക്ക് ആത്മവിശ്വാസം നൽകാനും പ്രശ്നങ്ങൾ തുറന്നു പറഞ്ഞു പരിഹാരം തേടാനും സഹായിക്കുന്ന 8 മൊഡ്യൂളുകളാണു ക്യാംപിന്റെ ഉള്ളടക്കം. ഒപ്പം, രക്ഷിതാക്കളെ ഉൾപ്പെടുത്തി പേരന്റിങ് സെഷൻ കൂടിയുണ്ടാകും. എന്റെ ലക്ഷ്യം, സ്വാവബോധം തുടങ്ങി ഓരോ മൊഡ്യൂളിനും കൃത്യമായ ഉദ്ദേശ്യമുണ്ട്. ക്യാംപുകൾക്കു പിന്നീട് ഫോളോ അപ്പുണ്ടാകും. 

‘‘ സ്വാവബോധം സെഷനു ശേഷം ഒരു കുട്ടി അധ്യാപകന്റെ മുന്നിൽ വന്നു നിന്നു. പോക്കറ്റിൽ നിന്നു പാൻമസാല പാക്കറ്റെടുത്ത് ആ കാൽക്കൽ വച്ചു. നിറകണ്ണുകളോടെ മാപ്പു ചോദിച്ചു’’ – ട്രെയിനർമാരിൽ ഒരാൾ പങ്കുവച്ച അനുഭവം. 

മുങ്ങും മുൻപൊരു കച്ചിത്തുമ്പ് 

‘‘ മൂന്നു ഗേൾസ് ഹൈസ്കൂളുകളിൽ ഞങ്ങൾ പോയി. ഓരോ സ്കൂളിലും ചുരുങ്ങിയത് 6 സംഭവങ്ങളെങ്കിലും ലൈംഗിക ചൂഷണം സംബന്ധിച്ചായിരുന്നു. അവയിൽ മിക്കവയും ഗാർഹിക പരിസരങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ഒരു കുട്ടി ഞങ്ങളുടെ സൈക്കോളജിസ്റ്റിനോടു പീഡനങ്ങളുടെ പല അനുഭവങ്ങളും തുറന്നു പറഞ്ഞു. എങ്ങനെ രക്ഷപ്പെടുമെന്ന്, ആരോടു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു. എല്ലാം നിശബ്ദം സഹിച്ചു നെഞ്ചു പൊട്ടിപ്പിളരുന്ന സ്ഥിതിയിലായിരുന്നു അവൾ. ജീവിതം വഴിമുട്ടിയ നേരത്തു ലഭിച്ച പിന്തുണ അവളെ രക്ഷപ്പെടുത്തി’’ – ഒആർസി സ്റ്റേറ്റ് ലെവൽ ട്രെയിനറായ ടി.ആർ. ശരത്തിന്റെ വാക്കുകൾ. 

സ്കൂൾ പഠനകാലത്തു തന്നെ കഞ്ചാവ് മാഫിയയുടെ ‘കാരിയർ’ ആയിപ്പോയ കുട്ടിയെ നേർവഴിക്കു കൊണ്ടുവന്നതും അവനിലൂടെ ലഹരി വ്യാപാരികളിലേക്കു പൊലീസിനെ എത്തിക്കാൻ കഴിഞ്ഞതുമൊക്കെ ഒആർസിയുടെ പല നേട്ടങ്ങളിൽ ചിലത്. 

അവരെ കേൾക്കുക 

കുട്ടികളെ കേൾക്കാൻ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ സമയം കിട്ടുന്നില്ലെന്നതാണു പ്രധാന പ്രശ്നം. ‘‘ കുട്ടികൾ ഞങ്ങളോടു പറയുന്നതും ഇതു തന്നെ; അച്ഛനും അമ്മയ്ക്കും തിരക്കാണ്. ആരും കേൾക്കാനില്ലാതെ വരുമ്പോൾ അവർ കൂട്ടുകാരുടെ വലയത്തിൽ വീഴും; പ്രത്യേകിച്ചും മുതിർന്ന കൂട്ടുകാരുടെ. പലപ്പോഴും, തെറ്റുകളിലേക്കു നീങ്ങുന്നതും അങ്ങനെ തന്നെ. സത്യത്തിൽ ചെറിയ കുട്ടികൾക്കു ശരിയും തെറ്റും വിവേചിച്ച് അറിയില്ലെന്നതാണു യാഥാർഥ്യം. ചില്ലറ കുസൃതി കാട്ടി ഷൈൻ ചെയ്യുന്ന ചേട്ടൻമാരെ അവരും അനുകരിക്കും. പക്ഷേ, ആ കുസൃതി പിടിക്കപ്പെടുമ്പോൾ അവർക്കു ചീത്തക്കുട്ടിയെന്ന മുദ്ര പതിഞ്ഞുകിട്ടും. അതോടെ, സ്ഥിതി മോശമാകും. കുട്ടികളോടു സംസാരിക്കാൻ, അവരെ കേൾക്കാൻ രക്ഷിതാക്കളും അധ്യാപകരും കഴിയുന്നത്ര സമയം കണ്ടെത്തണം’’ – ഒആർസി ജില്ലാ പ്രോജക്ട് കോ– ഓർഡിനേറ്റർ ദിവ്യ നിക്സന്റെ നിർദേശം ഇത്രമാത്രം. 

ഒആർസി പകരും  ആത്മവിശ്വാസം 

ഡിജിറ്റൽ ഏജ് അല്ലെങ്കിൽ സ്ക്രീൻ ഏജ് എന്നാണു പുതിയ കാലത്തെ വിളിക്കുന്നത്. സ്മാർട് ഫോൺ സ്ക്രീനിലേക്കു കണ്ണു നട്ടു കുഞ്ഞുങ്ങൾ പിറവിയെടുക്കുന്ന കാലം. കണ്ണു തെളിയും മുൻപേ സ്ക്രീൻ കാഴ്ചകൾക്ക് അടിമയാകുന്ന കുഞ്ഞുങ്ങൾ! പക്ഷേ, ഇക്കാലത്തും അപകർഷതയുടെ നിഴലുകളിൽ ഒതുങ്ങിപ്പോകുന്ന കുരുന്നുകളുണ്ട്. കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും  ഒആർസി വഴിയൊരുക്കുന്നു. 

സ്മാർട് 40 ക്യാംപിന്റെ ആദ്യ ദിനം മൈക്കിലൂടെ സ്വയം പരിചയപ്പെടുത്താൻ പോലും കഴിയാതെ തലചുറ്റി വീണ പെൺകുട്ടി മൂന്നാം ദിനത്തിനൊടുവിൽ അതേ മൈക്കിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിന്നു. പിന്നെ, സ്വന്തം അമ്മയെക്കുറിച്ച് അവൾ മനോഹരമായി സംസാരിച്ചു. ആ വാക്കുകൾക്കൊടുവിൽ അവളുടെ മാത്രമല്ല, ശ്രോതാക്കളുടെ കണ്ണുകളും നിറഞ്ഞു. തനിക്ക് ഒന്നിനും കഴിവില്ലെന്നു വിശ്വസിച്ചിരുന്ന പെൺകുട്ടി ക്യാംപിനൊടുവിൽ തെർമോകോൾ കൊണ്ടു മനോഹരമായൊരു കൊച്ചു വീടു നിർമിച്ച കഥയും ട്രെയ്നറായ ടി.ആർ. ശരത് പങ്കിടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA