ഓർമയ്ക്കും ബുദ്ധിക്കും ബ്ലൂബെറി ജ്യൂസ്

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാൻ ഏറെ നല്ലതാണ്. പ്രായമായവരിൽ സസ്യഭക്ഷണം കഴിക്കുന്നത് ചിന്താശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മൾ ഞാറപ്പഴം എന്നു വിളിക്കുന്ന ബ്ലൂബെറി പ്രായമായവര്‍ കഴിക്കുന്നത് ഗുണകരമാകുമോ എന്ന് ഒരു പഠനം പരിശോധിച്ചു.

ദിവസവും 30 മില്ലി ലിറ്റർ ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് പ്രായമായവരിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ തെളിഞ്ഞു.

ദിവസവും നേർപ്പിക്കാത്ത, ഗാഢത കൂടിയ ബ്ലൂബെറി ജ്യൂസ് കുടിച്ച 65 മുതൽ 77 വയസുവരെ പ്രായമായവരിൽ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും ബൗദ്ധിക പരീക്ഷകളിൽ ഏർപ്പെടുമ്പോൾ തലച്ചോർ കൂടുതൽ ഊർജ്ജസ്വലമാകുന്നതായും ഓർമശക്തി മെച്ചപ്പെട്ടതായും കണ്ടു.

ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഫ്ലേവനോയ്ഡുകളാൽ സമ്പന്നമാണ് ബ്ലൂബെറിപ്പഴം.

ദിവസവും 30 മില്ലി ലിറ്റർ എന്ന തോതിൽ 12 ആഴ്ച പതിവായി ബ്ലൂബെറി ജ്യൂസ് കുടിച്ചപ്പോൾ തന്നെ ഓര്‍മശക്തി മെച്ചപ്പെട്ടതായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായും കണ്ടു.

ബ്രിട്ടനിലെ എക്സീറ്റർ സർവകലാശാല ഗവേഷകയായ ജോ അന്ന ബൗടലിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

പഠനത്തിനായി ആരോഗ്യവാന്മാരായ 26 പേരെ തിരഞ്ഞെടുത്തു. ഇവരിൽ 12 പേർക്ക് ദിവസം ഒരു നേരം ഗാഢതയുള്ള ബ്ലൂബെറി ജ്യൂസ് നൽകി. ഇത് 230 ഗ്രാം ബ്ലൂബെറിക്കു തുല്യമായിരുന്നു. ബാക്കി 14 പേർക്ക് കാഴ്ചയിൽ സാമ്യമുള്ള പ്ലെസ്ബോയും നൽകി.

പഠനത്തിനു മുൻപും 12 ആഴ്ചകൾക്ക് ശേഷവും ബൗദ്ധിക പരീക്ഷകൾ നടത്തി. എം ആർ ഐ സ്കാൻ ഉപയോഗിച്ച് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും തലച്ചോറിലെ രക്തപ്രവാഹം അളക്കുകയും ചെയ്തു.

പ്ലെസ്ബോ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തിയപ്പോൾ ബ്ലൂബെറി സപ്ലിമെന്റ് കഴിച്ചവരിൽ ബുദ്ധിയുമായുള്ള തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടതായി കണ്ടു.

ബ്ലൂബെറി ജ്യൂസ് കുടിക്കുന്നത് പ്രായമായവരിൽ ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കും എന്ന ഈ പഠനം അപ്ലെഡ് ഫിസിയോളജി, ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.