Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിനു നൽകാം കാപ്പി

coffee

ദിവസവും അഞ്ചോ ആറോ കപ്പ് കാപ്പി കുടിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഒരു ശുഭവാർത്തയുണ്ട്. കാപ്പി ധാരാളം കുടിക്കുന്നത് കരൾ രോഗത്തിൽ നിന്നു സംരക്ഷണം നൽകുമത്രേ. മദ്യപിക്കാത്തവർക്കു വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ്(NAFLD)വരുന്നതു തടയാൻ ദിവസവും അഞ്ചോ ആറോ കപ്പ് കാപ്പി കുടിക്കുന്നതു മൂലം സാധിക്കുെമന്ന് ഗവേഷകർ.

മദ്യം ഉപയോഗിക്കാത്തവരുടെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവർ. ഈ അവസ്ഥ ചിലരിൽ ലക്ഷണങ്ങളൊന്നും കാണിക്കില്ല. സങ്കീർണതകളും ഇല്ല. എന്നാൽ ചിലരിൽ കൊഴുപ്പ് അടിഞ്ഞുകൂടി കരളിൽ വീക്കവും പാടുകളും ഉണ്ടാകുന്നു. ഇത് പിന്നീട് ലിവർ സിറോസിസ് അഥവാ കരൾ വീക്കത്തിന് കാരണമാകും. കുടൽ വ്യാപനം അതായത് നിയന്ത്രിതമായി വസ്തുക്കളെ കുടൽഭിത്തിയിലെ കോശങ്ങളിലൂടെ കടത്തിവിടാനുള്ള കഴിവ് കുറയ്ക്കാൻ കാപ്പിക്കു കഴിയുമെന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു. ഇറ്റലിയിലെ നാപ്പോളി സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ദിവസവും കൃത്യമായ അളവിൽ ആറു കപ്പ് കാപ്പി എലികൾക്ക് നൽകി. കൊഴുപ്പു കൂടിയ ഭക്ഷണം കൊടുത്ത ഈ എലികളിൽ രോഗത്തിന്റെ സൂചകങ്ങൾ മെച്ചപ്പെട്ടതായി കണ്ടു. ഇവയ്ക്ക് ഭാരം കൂടിയതുമില്ല. എന്നാൽ ഇതേ ഭക്ഷണം നൽകിയ കാപ്പി കൊടുക്കാത്ത എലികളിൽ ഭാരം കൂടിയതായും കണ്ടു. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് തടയാൻ കാപ്പിക്കു കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ കുടലിന്റെ വ്യാപനം കുറയ്ക്കാൻ കാപ്പിക്കു കഴിയുമെന്ന് തെളിയിച്ച ആദ്യപഠനമാണിത്. കുടൽ വ്യാപനം കൂടുമ്പോഴാണ് കരളിനു പരുക്കേൽക്കുകയും കരൾരോഗം കൂടുകയും ചെയ്യുന്നത്.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അതായത് കരളിലെ കോശങ്ങൾ നശിക്കാനിടയാക്കുന്ന ബലൂണിങ് ഡിജനറേഷൻ പോലുള്ള കോശങ്ങളുടെ നാശം തടയാൻ കാപ്പിക്കു കഴിയുമെന്ന് പഠനഫലം സൂചിപ്പിക്കുന്നു. കുടൽവ്യാപനം കുറയ്ക്കുന്ന സോനുലിൻ–1(zo-1) എന്ന പ്രോട്ടീന്റെ അളവ് കൂടുക വഴി എങ്ങനെയാണ് കാപ്പി കരൾരോഗം വരാതെ സംരക്ഷിക്കുന്നതെന്ന് ഗവേഷണത്തിലൂടെ മനസിലായി.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനെ ചെറുക്കാൻ കാപ്പിക്കുള്ള തെറാപ്യൂട്ടിക് ഗുണങ്ങളെപ്പറ്റി ഉൾക്കാഴ്ച നൽകുന്ന പഠനമാണിത്. സ്പെയിനിലെ ബാർസലോണിയയിൽ നടന്ന ഇന്റർനാഷണൽ ലിവർ കോൺഗ്രസിൽ ഈ പഠനം അവതരിപ്പിക്കപ്പെട്ടു.