പാലിനു പകരം സോയാപ്രോട്ടീൻ ശീലമാക്കാം

പാൽ കുടിച്ചാൽ മാത്രമേ എല്ലുകൾക്ക് ബലം വയ്ക്കൂ എന്നത് തലമുറകൾ പഴക്കമുള്ളൊരു അബദ്ധവിശ്വാസമാണ്. പാൽ കുടിക്കുന്നത് നല്ലതു തന്നെ. കൊച്ചുകുട്ടികൾ വേണ്ടുവോളം പാൽ കുടിച്ചു തന്നെയാണ് വളരേണ്ടത്. എന്നാൽ എല്ലാ പ്രായത്തിലും പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമാണു ചെയ്യുക.

സോയ പ്രോട്ടീനും പാലിന്റെ അതേ ഗുണമാണു ശരീരത്തിനു നൽകുന്നത്. കുട്ടിക്കാലം തൊട്ടേ സോയാ പ്രോട്ടീൻ ഒരു ശീലമാക്കണമെന്നാണു വാഷിങ്ടണിൽ നിന്നുള്ള ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതു പിന്നീട് കൗമാരത്തിലും വാർധക്യത്തിലും എല്ലുകളുടെ ബലം നിലനിർത്തുന്നതിനു സഹായിക്കുന്നു. എല്ലുകൾക്കു സംഭവിക്കുന്ന തേയ്മാനം വാർധക്യത്തിലെത്തിയ പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇവർ പാൽ കഴിക്കുന്നത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത്തരക്കാർക്കും സോയാപ്രോട്ടീൻ ശീലമാക്കാം.

കുട്ടിക്കാലത്ത് അകത്താക്കുന്ന പ്രോട്ടീൻ ആണു പിന്നീട് എല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ട് കൊച്ചുകുട്ടികൾക്ക് പാലിനൊപ്പം സോയാപ്രോട്ടീൻ കൂടി നൽകുന്നത് ശീലമാക്കണം. സ്ത്രീകളിൽ പലർക്കും ആർത്തവവിരാമത്തെത്തുടർന്ന് എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാറുണ്ട്. ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളും സോയാപ്രോട്ടീൻ ധാരാളമായി കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.