Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമാലിൻ ചേർത്തുവരെ പാൽ; ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

Milk Products

പോഷകപ്രദമായ ഒന്നായാണ് നാം പാലിനെ കരുതുന്നത്. ചെറിയ കുഞ്ഞുങ്ങളിൽ തുടങ്ങി ഏറെ മുതിർന്നവർ വരെ ദിനംപ്രതി ഏതെങ്കിലുമൊക്കെ രീതിയിൽ പാലും പാൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നുമുണ്ട്. യാതൊരു മായവും ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കളുമൊന്നും പാലിൽ ഇല്ലെന്ന ഉറപ്പിലാണ് കുഞ്ഞുങ്ങളെ വരെ നിർബന്ധിച്ച് നമ്മൾ പാൽ കുടിപ്പിക്കുന്നത്. ആഹാരം കഴിക്കാൻ മടി കാട്ടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് അമ്മമാർ പലപ്പോഴും പറയുന്ന ഒരു കമന്റാണ് 'കൊച്ച് ഒരു ഗ്ലാസ്സ് പാൽ എങ്കിലും കുടിച്ചാൽ മതിയാരുന്നൂന്ന്'.

എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് പാലിനെക്കുറിച്ച് അത്ര ആശ്വാസകരമായ വാർത്തകളല്ല. എന്നുവച്ച് എല്ലാ പാലിലും മായം കലർന്നിട്ടുണ്ടെന്നല്ല, തമിഴ്നാട്ടിൽ നിന്ന് പല പേരുകളിൽ കേരളത്തിലെത്തുന്ന പാൽ ഉൽപ്പന്നങ്ങളാണ് വൃത്തിയില്ലാത്ത സാഹചര്യങ്ങളിലും മായം കലർത്തിയുമൊക്കെ എത്തുന്നതായി മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

കൊഴുപ്പ് കൂട്ടാനായി പാലിൽ നുരയ്ക്കുന്ന ഒച്ചുകളും മണ്ണിരകളെ കിഴികെട്ടിയിട്ടും ചോളപ്പൊടി ചേർത്തുമൊക്കെ എത്തിയ പാൽ കണ്ടെത്തിയത് ഇടുക്കിയിലായിരുന്നു. മൃതദേഹം അഴുകാതിരിക്കാനായി ഉപയോഗിക്കുന്ന ഫോർമാലിൻ ചേർത്ത പാൽവരെ പിടിച്ചെടുത്തിട്ടുണ്ട്. വിപണിയിലെത്തുന്ന മത്സ്യത്തിൽ ഫോർമാലിൻ അടങ്ങിയിരിക്കുന്നതായി അടുത്തിടെ കണ്ടെത്തുകയും അതിനുശേഷം പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു. കാൻസറും അൾസറും ഉണ്ടാക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. രാസവളമായ യൂറിയ, പാലിന്റെ അസിഡിറ്റി കുറയ്ക്കാൻ അപ്പക്കാരം എന്നിവ ചേർത്തും പാലുകൾ വിപണിയിലെത്തുന്നുണ്ട്.

Read More :  കിട്ടുന്നതെല്ലാം പാലല്ല; ഒച്ച് മുതൽ ഫോർമലിൻ വരെ

മായം ചേർന്ന പാലിന്റെ നിരന്തര ഉപഭോഗം ആരോഗ്യത്തിനു വലിയ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് കൊല്ലം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ പറയുന്നു . മലയാളികളിൽ 50 വയസ്സിനു മുകളിലുള്ള ഒട്ടേറെപ്പേർ രക്തം കട്ടപിടിക്കാനുള്ള മരുന്നു കഴിക്കുന്നവരാണ്. രാസപദാർഥങ്ങളടങ്ങിയ പാൽ ഉള്ളിൽച്ചെല്ലുന്നത് ഇത്തരക്കാരിൽ ആന്തരിക രക്തസ്രാവത്തിനു കാരണമാകും. ചെറിയ അളവിൽപോലും പതിവായി ഫോർമലിൻ ഉള്ളിൽച്ചെന്നാൽ ഉദര- ദഹനേന്ദ്രിയ വ്യവസ്ഥയെയും കരൾ- വൃക്കകളെയും തകരാറിലാക്കും. ആമാശയത്തിലെ കട്ടികുറഞ്ഞ ചർമത്തിൽ വ്രണങ്ങൾ രൂപപ്പെടും. അതു ക്രമേണ അർബുദമായി മാറാം. ഫോർമലിനുമായി നിരന്തരം ബന്ധപ്പെടുന്ന തൊഴിലാളികളിൽ മൂക്കിലും വായിലും അർബുദം കണ്ടുവരുന്നുണ്ട്. കുട്ടികളിൽ തലച്ചോറിന്റെ വളർച്ചയെപ്പോലും ബാധിക്കും. 

ആമാശയത്തിൽ വ്രണം, ഗ്യാസ്ട്രൈറ്റിസ്, ഓക്സിജൻ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി ഇല്ലാതാക്കൽ എന്നിവയാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉള്ളിൽച്ചെന്നാലുള്ള സ്ഥിതി. ബോറിക് ആസിഡ് ഉദരവ്യവസ്ഥയെ ബാധിക്കും. രുചിയും മണവും കൂട്ടാനുള്ള കൃത്രിമ േചരുവകൾ അമിതഭാരം, കൊളസ്ട്രോൾ എന്നിവയ്ക്കു കാരണമാകും. യൂറിയ ഉള്ളിൽച്ചെല്ലുന്നത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുകയെന്നും ഡോ. പത്മകുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.