കാൻസറിനെ പ്രതിരോധിക്കാൻ മരച്ചീനി

മരച്ചീനി കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കും എന്ന് തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള കേന്ദ്രകിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന തൃക്കാര്‍ത്തിക ദിനാഘോഷത്തില്‍ മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍.ഹേലി അഭിപ്രായപ്പെട്ടു. മരച്ചീനി മുഖ്യ ആഹാരമായി കഴിക്കുന്ന ചില ആഫ്രിക്കന്‍ മേഖലകളില്‍ ക്യാന്‍സറിന്റെ സാദ്ധ്യത തുലോം കുറവാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മരിച്ചീനി കഴിച്ച് ക്യാന്‍സര്‍ ഭേദപ്പെട്ട വിവരം ശ്രീലങ്കയിലെ മെഡിക്കല്‍ വിഭാഗം ഡോക്ടാറായ ജയസൂര്യ വെളിപ്പെടുത്തിയിട്ടുമുണ്ട് . നൈരീജിയ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത് മരച്ചീനി ഇലയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രാസവസ്തുക്കള്‍ക്ക് പ്രോസ്‌ട്രേറ്റ് (Prostrate), ബ്‌ളാഡര്‍ (Bladder) ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും എന്ന് കണ്ടെത്തിയിരിക്കുന്നു. മരച്ചീനിയില്‍, വിശേഷിച്ചും ഇലകളിലും കിഴങ്ങിന്റെ തൊലികളിലും കാണുന്ന ലിനാമരിന്‍ (Linamarin) ലോട്ടോസ്ട്രാലിന്‍ (Lotaustralin) എന്നീ രണ്ടു രാസസംയുക്തങ്ങളാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നത്.

1960കളില്‍ ഇന്ത്യയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായപ്പോള്‍ മലയാളികള്‍ക്ക് രക്ഷകനായി എത്തിയത് മരച്ചീനിയായിരുന്നു എന്ന് ഹേലി ഓര്‍മ്മിപ്പിച്ചു. കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ സി.എ ജയപ്രകാശിന്റെ നേതൃത്വത്തില്‍ മരച്ചീനി ഇലകളില്‍ നിന്നും വികസിപ്പിച്ചെടുത്ത 'നന്മ', 'മേന്മ', 'ശ്രേയ' എന്നീ ജൈവ കീടനാശിനികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജപ്രദമാണെന്നു ഇതിനകം വ്യക്തമായിക്കഴിഞ്ഞു .

കേരളം 2016 ആകുമ്പോഴേയ്ക്കും സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള രാസകീടനാശിനികള്‍ക്ക് ബദലായി ഇവ ഉപയോഗിക്കാം എന്നത് ഏറെ ആശ്വാസമാണ്. കേരളത്തിന്റെ തനതുവിളയായ മരച്ചീനിയുടെ അനന്തസാധ്യതകളെക്കുറിച്ച് വളരെ വിശദമായി പഠിക്കുവാന്‍ വേണ്ടി സമാന ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്ന് ഹേലി അഭ്യര്‍ത്ഥിച്ചു.